സെമിത്തേരി

The Line

 



ഞാൻ താമസിക്കുന്നത് ഒരു 

സെമിത്തേരിയുടെ തണുത്ത

പൂപ്പൽ പിടിച്ച ഭാഷയ്ക്കകത്താണ്


ഇവിടെ എന്നും കറുത്തവരുടെ പുതിയ ശവങ്ങൾ വന്നെത്തും


ചിലവയുടെ കൺകുഴികളിൽ തങ്ങളെ മറന്ന കുട്ടികളെയോർത്ത് കണ്ണുനീർ നിറയും


അവകളിൽ നിന്നാണ് സെമിത്തേരിയിൽ തുമ്പകൾ മുളയ്ക്കുന്നത്


ചുറ്റും നടക്കുന്ന എല്ലാത്തിനോടും പ്രതികരിക്കണമെന്ന് ശവങ്ങളോട് വാശി പിടിക്കരുത്,

മൈക്കുകളുമായി ചെല്ലുകയുമരുത് അവർ വാർത്തകളെ ഭയപ്പെടുന്നു.


നിത്യവും അഴുകിക്കൊണ്ടിരിക്കുന്ന എന്റെ ദേശസ്നേഹിയായ മാംസത്തിന്റെ ഒരേയൊരു പ്രതീക്ഷ ഇവരെപ്പോലെ തീർത്തും നിർജ്ജീവമാകുന്ന ശുഭദിനം മാത്രം!


മരണം നമ്മെ എല്ലാ അതിരുകളിൽ നിന്നും മോചിപ്പിക്കുന്നു


തലയോട്ടിയുടെ ആകൃതിയുള്ള കറുത്ത ദേശീയ പതാകയുള്ള ദേശീയ ഗാനം ഒരു നീണ്ട നിലവിളിയായ ഒരേയൊരു രാജ്യം!


ആ രാജ്യത്തിന്റെ ഏതോ ഒരു ദിക്കിൽ മണലാൽ മൂടപ്പെട്ട ഒരു കുഴിയിൽ ഞാൻ മാത്രം


മരിച്ചവർ കേൾക്കുന്ന ശബ്ദമാണ് ജീവിച്ചിരിക്കുന്നവരുടെ മൗനം.

അവർ കാണുന്ന വെളിച്ചത്തെ രാത്രി എന്നും

അവരുടെ സംസാരം ഇലകളുടെ മർമ്മരം.




Tags