ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം

Line magazine
ലേഖനം / ലുഖ്‌മാനുൽ ഹക്കീം

നിരവധി ധീര പോരാളികളുടെയും കുടുംബത്തിന്റെയും രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും പ്രാർത്ഥനകളുടെയും ഫലമായി ലഭിച്ചതാണ് നാം ഇന്ന് ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സ്വാതന്ത്ര്യം. ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയ്ക്കും അവിടെ സ്വാതന്ത്ര്യത്തോടുകൂടിയും അഭിമാനത്തോടുകൂടിയും ജീവിക്കാനും അവസാനം ഈ ഭൂമിയിൽ സമാധാനപൂർവ്വം മരണപ്പെട്ട്, ആ മണ്ണിനോടൊപ്പം ചേരാനുമാണ് ആ മഹാന്മാർ കഷ്ടപ്പെട്ടത്. എന്നാൽ, സമകാലിക ഇന്ത്യയുടെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ഓരോ സ്വാതന്ത്ര്യ ദിനം വന്നു പോകുമ്പോഴും സ്വാതന്ത്ര്യം ചില വിഭാഗങ്ങൾക്കു മാത്രമായി അവശേഷിക്കുകയാണ്.
           ഒരു ജനാധിപത്യ സ്വാതന്ത്ര്യ രാജ്യമെന്ന നിലയിൽ അതിന്റെ പൗരന്മാർക്കുള്ള ഏറ്റവും വലിയ അവകാശമാണ് തന്നെ ആര് ഭരിക്കണം, തന്റെ നേതാവ് ആരാവണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം. പക്ഷേ, ഇന്ന് ബീഹാറിൽ കീഴ്ജാതികൾ ആയതുകൊണ്ട് മാത്രം അവരെ വോട്ടർ പട്ടികകളിൽ നിന്ന് മാറ്റപ്പെടുന്നു. നീ അഭിപ്രായം പറയാൻ പോലും അർഹനല്ല എന്ന സ്വേച്ഛാധിപതി മനോഭാവമാണ് ഇതിലൂടെ പ്രകടമാവുന്നത്. അസ്സാമിൽ ഇന്ന് പൗരത്വം നിഷേധിക്കപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങളെയും പുറത്താക്കി.ഈ പറയുന്ന കുടുംബങ്ങളിലെ വ്യക്തികൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് പോലുള്ള എല്ലാ രേഖകളുമുണ്ട്. ഒരാൾ ഇന്ത്യൻ പൗരനായാലെ ഈ രേഖകൾ ലഭിക്കുകയുള്ളൂ. അപ്പോൾ ഈ രേഖകൾ കൈവശമുള്ളവൻ ഒരു ഇന്ത്യൻ പൗരനായിരിക്കണമെന്ന് ആർക്കും മനസ്സിലാകും. എന്നാൽ, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് അത് മതിയാവുന്നില്ല. ഇത് അവരുടെ വിഡ്ഢിത്തത്തെ അല്ല തെളിയിക്കുന്നത്. മറിച്ച്, വർഗീയതയും വിദ്വേഷവും ചുമലിൽ പിടിച്ചു നടക്കുന്ന അവരുടെ നേതാക്കന്മാരോടുള്ള അനുസരണയെയാണ് കാണിക്കുന്നത്. മണിപ്പൂരിൽ ഒരു ദളിത് സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച് റോഡിലൂടെ നടത്തി. അവസാനം അവളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു. മുസ്ലിമായതിന്റെ പേരിൽ മാത്രം UAPA ചുമത്തിക്കൊണ്ട് ഒരു ന്യായീകരണമോ വിചാരണയോ ഇല്ലാതെ നിരപരാധികളെ ജയിലിലേക്ക് തള്ളുന്നു. പുറം ലോകം കാണാൻ സമ്മതിക്കാത്ത വിധത്തിൽ അവർക്ക് എതിരെ കേസുകൾ ചുമക്കുത്തു.
            എന്നാൽ, ഗുജറാത്തിൽ കലാപങ്ങൾക്ക് നേതൃത്വം നൽകുകയും ആയിരങ്ങളെ കൊന്നു കളയുകയും ചെയ്തവരെ കോടതികൾ വെറുതെ വിടുന്നു. ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് നേതൃത്വം നൽകുകയും ആഹ്ലാദത്തോടുകൂടി അതിനു സാക്ഷി നിൽക്കുകയും ചെയ്തവർ ഒരു നടപടിയോ കേസോ കേൾക്കേണ്ടി വരാതെ സുഖമായി ജീവിക്കുന്നു. താൻ ചെയ്ത കുറ്റങ്ങൾ അഹങ്കാരത്തോടുകൂടി മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ പറ്റുന്ന രീതിയിലുള്ള സ്വാതന്ത്ര്യമാണ് ഈ കുറ്റവാളികൾക്ക് ലഭിക്കുന്നത്.
          ഇന്ന് ഇന്ത്യയിൽ സ്വാതന്ത്ര്യവും അഭിമാനവും ചിലർക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പൂർവികർ രക്തം നൽകി നേടാൻ ശ്രമിച്ച ഇന്ത്യ, ഇന്ന് പലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മാറ്റം വരുത്തുകയും തകർക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ പൂർവികരുടെ ത്യാഗങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് നമ്മളെങ്കിൽ, ഇവരുടെ ഈ പ്രവർത്തനങ്ങൾക്ക് അന്ത്യം നമ്മൾ കണ്ടെത്തേണ്ടതുണ്ട്. അത് കൈകളിലൂടെയാണെങ്കിൽ കൈകളിലൂടെ, വാക്കുകളിലൂടെയാണെങ്കിൽ വാക്കുകളിലൂടെ.