ഫുട്ബോൾ ലോകം ഖത്തറിലേക്കൊരുങ്ങുമ്പോൾ

The Line

 

ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും കാർമേഘങ്ങൾ ഖത്തറിന് മീതെ പെയ്യാൻ വിതുമ്പി നിൽക്കുകയാണ്. പ്രതീക്ഷകളുടെ ഉദയങ്ങളും നിരാശകളുടെ അസ്തമയങ്ങളും അടങ്ങുന്നതാണ് ഓരോ ലോകകപ്പും. 



ലോകം ഇരുപത്തിരണ്ടാം ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ പോകുമ്പോൾ ലോകകപ്പിന് വിരുന്നൊരുക്കുന്ന ആദ്യത്തെ പശ്ചിമേഷ്യൻ രാജ്യമാണ് ഖത്തർ. ആദ്യമായി ലോകകപ്പിൽ പങ്കെടുക്കുന്ന ആവേശത്തിലാണ് ആതിഥേയരായ ഖത്തർ. അത്തറിന്റെ മണമുള്ള ഖത്തറിലേക്കെത്തുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശവും ആരവങ്ങളും അൽ രിഹ്ല കാൽപ്പന്തിൽ ആവാഹിച്ചുകൊണ്ട് തങ്ങളുടെ ഇഷ്ടരാജ്യങ്ങളുടെ വിസ്മയങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.



 ഖത്തറിന്റെ പരമ്പരാഗത പൈതൃകങ്ങളെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്ന; എട്ടു മനോഹരവും വർണ്ണാഭവുമായ മൈതാനങ്ങളാണ് ഖത്തറിൽ തിളങ്ങാനിരിക്കുന്നത്. ശൈത്യ കാലാവസ്ഥയിൽ കളിക്കാനും കളി ആസ്വദിക്കാനും കഴിയുന്ന നവംബർ ഡിസംബർ മാസത്തിലെ ആദ്യത്തെ വേൾഡ് കപ്പാണിത്. കണങ്കാലുകൾകൊണ്ട് കണക്കുകൾ തീർക്കാനും കിരീടം വെട്ടിപ്പിടിച്ച് നങ്കൂരമിടാനും ആർക്കാണ് സാധിക്കുക എന്ന് പ്രവചനാതീതമാണ്.

  ആധുനികലോകം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും തങ്ങളുടെ സാംസ്കാരിക മൂല്യങ്ങളെ പണയം വെക്കാത്ത നടപടിക്രമങ്ങളാണ് ഖത്തർ മുന്നോട്ടുവെക്കുന്നത്. അതിരില്ലാതെ മതിമറന്ന് ആഘോഷിക്കാനാണ് ആരാധകരുടെ ഭാവമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മൂല്യച്യുതികളെ തുടച്ചുനീക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മദ്യം പോലുള്ള ലഹരിപദാർത്ഥങ്ങൾ , ലൈംഗിക നിയന്ത്രണം, മയക്കുമരുന്ന് ഉപയോഗം-കടത്തലുകൾ തുടങ്ങിയവയ്‌ക്ക് നിയന്ത്രണങ്ങളുണ്ട്. ആരെങ്കിലും അത് ലംഘിച്ചാൽ അവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയായിരിക്കും, ഉദ്ദേശം ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന ശിക്ഷാനടപടികൾ ഒരുക്കിവെച്ചിട്ടുണ്ട് . അവിവാഹിതരുടെ താമസം പങ്കിടലും , പൊതുയിടങ്ങളിലെ മദ്യപാനവും, സ്വവർഗ ലൈംഗികതയും, പൊതുസ്ഥലങ്ങളിൽ ശരീരം ശരിക്കും മറക്കാത്തവർക്കും കുടുക്കുകൾ വീഴുന്നതാണ്. കൊക്കയ്ൻ പോലുള്ള മാരക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരോ വിതരണം ചെയ്യുന്നവരോ ഖത്തറിലേക്ക് അടുക്കേണ്ടന്നാണ് ഖത്തറിന്റെ താക്കീത്. എന്നാൽ യൂറോപ്പ്യൻ രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് മദ്യ ഉപയോഗത്തിന് ഇളവുകൾ ഉണ്ടായേക്കാം എന്നും പറയുന്നു. ഇങ്ങനെ ചില കുരുക്കുകൾ ഏർപ്പെടുത്തികൊണ്ടാണ് ഖത്തർ ഫുട്ബോൾ ലോകകപ്പിനെ കാഴ്ചവെക്കുന്നത്. 


സാങ്കേതികവിദ്യയുടെ വികാസങ്ങളെ ഫലവത്തായും കാണികൾക്ക് ആകർഷണീയമായും പ്രദർശിപ്പിക്കാൻ ഫിഫ മടി കാണിക്കുന്നില്ല. ഹൈടെക് ടെക്നോളജിയുടെ ഉത്തുംഗ വളർച്ചയിൽ ഫിഫ ഉപയോഗിക്കുന്ന വാർ സംവിധാനങ്ങൾ ഉണ്ടാകുമ്പോഴും ഓഫ് സൈഡ് എപ്പോഴും റഫറിമാർക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഓരോ കളിക്കാരന്റെയും 21 പോയിന്റുകൾ ലക്ഷ്യമാക്കിയിട്ടുള്ള സൂക്ഷ്മ ക്യാമറകളായ റോബോട്ടിക് അസിസ്റ്റന്റ്‌ റഫറിയിങ് സാങ്കേതിക വിദ്യയുടെ നൂതന പരീക്ഷണങ്ങൾക്കാണ് ഖത്തർ ദൃക്സാക്ഷിയാവുക.  

 എല്ലാ ലോകകപ്പിനും യോഗ്യത നേടിയ രാജ്യം കരുത്തരായ ബ്രസീൽ മാത്രമാണ്. 

കാലത്തിന്റെ യാത്രക്കിടയിൽ 1958ന് ശേഷം നീണ്ട 64 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 31 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമായ വെയിൽസിന്റെ തിരിച്ചുവരവാണ് ഖത്തറിൽ ശ്രദ്ധേയമായി അടയാളപ്പെടുത്താൻ പോകുന്നത്.


നിലവിൽ തങ്ങളുടെ മികച്ച സ്ട്രൈക്കറും ടീം ക്യാപ്റ്റനുമായ ഗാരത് ബെയ്ലിൽ വിശ്വാസമർപ്പിച്ചാണ് റോബ് പേജിന്റെ ടീം ഖത്തറിലേക്ക് യാത്ര തിരിക്കുന്നത്.

യോഗ്യത നേടിയ ടീമുകളിൽ ഫിഫാ റാങ്കിംഗിൽ ഏറ്റവും പിറകിലുള്ള രാജ്യം അറുപതാം സ്ഥാനക്കാരായ ഘാനയാണ്.  


ലോകകപ്പിന്റെ യോഗ്യതക്കായി 206 രാജ്യങ്ങൾ അടങ്ങാത്ത പോരാട്ടവീര്യം കാഴ്ചവച്ചപ്പോൾ അന്തിമമായി 32 ടീമുകൾക്കാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക. 


ലോകകപ്പ് ചരിത്രത്തിലൂടെ

1930 മുതൽ 13 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തിരുന്നത്. പിന്നീട് 1998 മുതലാണ് 32 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ടൂർണ്ണമെന്റ്‌ നടത്താൻ തുടങ്ങിയത്. ഇനി 2026 മുതൽ 48 ടീമുകളെ ഉൾക്കൊള്ളിക്കുമെന്നാണ് ഫിഫ പുറത്തുവിടുന്ന ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും വ്യക്തമാവുന്നത്. 


ഫിഫ ലോകകപ്പ് ട്രോഫിയുടെ ആദ്യ നാമം യൂൾസ് റിമെ(Jules Rimet) കപ്പ് എന്നായിരുന്നു ഫിഫയുടെ മൂന്നാം പ്രസിഡന്റിന്റെയെയും അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെയും സ്മരണക്കായിരുന്നു ആ നാമം ട്രോഫിക്ക് നൽകിയത് പിന്നീട് അത് മാറ്റുകയും കപ്പിന്റെ രൂപം തന്നെ മാറ്റി അതിന് ഫിഫ വേൾഡ് കപ്പ് ട്രോഫി എന്ന് നാമകരണം ചെയ്യുകയുമായിരുന്നു. 


ഭൂരിപക്ഷം രാജ്യങ്ങളുടെ ദേശീയ കായിക വിനോദമായ ആധുനിക ഫുട്ബോളിന്റെ ജന്മനാട് ഇംഗ്ലണ്ടാണ്. 1904ൽ സുറിച്ചിൽ വെച്ചാണ് ഫിഫ നിലവിൽ വന്നത്. ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഇന്തോനേഷ്യയാണ്, 1938 ലാണ് ആദ്യമായി ലോകകപ്പ് മൈതാനങ്ങളിൽ അവർ പന്ത് തട്ടിയത്. പിന്നീട് രാജ്യങ്ങളുടെ ഫിഫ റാങ്കിംഗ് സമ്പ്രദായം 1992 മുതലാണ് ആരംഭിച്ചത്.

                 

ലോകകപ്പിന് പ്രതീക്ഷ അർപ്പിക്കുന്ന ടീമുകൾ


ആതിഥേയരായ ഖത്തർ 



കോച്ച്. : ഫെലിക്സ് സാഞ്ചസ്

ക്യാപ്റ്റൻ. : ഹസൻ അൽ-ഹൈദോസ്

ഫിഫ റാങ്കിംഗ് : 50

നേട്ടങ്ങൾ : 

                         ഏഷ്യൻ കപ്പ് : 1

                         അറേബ്യൻ ഗൾഫ് കപ്പ് : 3 


അറബ് മേഖലയിലെ ഏറ്റവും വലിയ കായികോത്സവത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഖത്തർ ദേശീയ ടീമിനെ സംബന്ധിച്ചും അതൊരു ചരിത്ര മുഹൂർത്തമായിരിക്കും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെ നേരിടുമ്പോൾ ലോകത്തെ ഏറ്റവും വലിയ കായികമേളയിൽ ഖത്തറിന്റെ അരങ്ങേറ്റമെന്ന അഭിമാന നിമിഷം കൂടി ചരിത്രത്തിൽ ഇടം പിടിക്കും. ലോകകപ്പിൽ മുത്തമിടുക എന്നത് വിദൂര സ്വപ്നം മാത്രമാണെങ്കിലും പിറന്നമണ്ണിൽ ലോകകപ്പിനെ സാക്ഷിയാക്കി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ഖത്തർ ടീം ശ്രമിക്കുക.

നവംബർ 20 നാണ് ലോകകപ്പിന്റെ അരങ്ങേറ്റ മത്സരത്തിൽ ഖത്തർ ഇക്വഡോറിനെ നേരിടുന്നത്. ഏഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ടീമുകൾ യോഗ്യത നേടിയ ലോകകപ്പാണിത്. ആതിഥേയരായ ഖത്തർ ഉൾപ്പടെ 6 ടീമുകളാണ് ഏഷ്യയിൽനിന്നും യോഗ്യത നേടിയത്. ഇറാൻ, സൗത്ത് കൊറിയ,ജപ്പാൻ, സൗദി അറേബ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ വിജയിച്ച് വന്ന ടീമുകൾ.


ഫ്രാൻസ്



കോച്ച് : ദിദിയർ ദെഷാംപ്സ്

ക്യാപ്റ്റൻ : ഹ്യൂഗോ ലോറിസ്

ഫിഫ റാങ്കിംഗ് : 4

നേട്ടങ്ങൾ : 

                         ലോകകപ്പ് : 2

                         യൂറോകപ്പ് : 2

                         നേഷൻസ് ലീഗ് : 1

                         

                 കഴിഞ്ഞ ലോകകപ്പ് ജേതാക്കളെന്ന ഖ്യാതിയുമായെത്തുന്ന ഫ്രാൻസിനുമേൽ വലിയ സമ്മർദങ്ങളൊന്നുമില്ല. കഴിഞ്ഞ ലോകകപ്പിനില്ലാതിരുന്ന ഇന്നിന്റെ ഫുട്ബോളിലെ താര രാജാക്കന്മാരായ റയൽ മാഡ്രിഡിന്റെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കരീം ബെൻസിമയുടെ തിരിച്ചുവരവാണ് ലോകം കാണാനിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ മികച്ച കളിക്കാരനുള്ള പട്ടം ചാർത്തി കൊണ്ടാണ് കരീമിക്കാന്റെ വരവ്. മധ്യനിര അടക്കി ഭരിക്കുന്ന പോൾ പോഗ്ബക്കും കാന്റെക്കും ഇത്തവണ പരിക്കെന്ന പരീക്ഷണം വലിച്ചു മുറുക്കിയത് ഫ്രാൻസിനെ അലട്ടുമോ എന്നത് കണ്ടറിയാം.

2010ൽ ലോക ചാമ്പ്യൻമാരായ സ്പെയിൻ പിന്നീട് 2014ൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നതായിരുന്നു കണ്ടത്. 2014ൽ ലോക ചാമ്പ്യൻമാരായ ജർമ്മനി പിന്നീട് 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതും നമ്മൾ സാക്ഷിയായതാണ് . ഇനി 2018 ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഇത് തിരുത്തി എഴുതുമോ എന്ന് കണ്ണും നട്ട് നമുക്ക് കാത്തിരിക്കാം.


ഇംഗ്ലണ്ട്



കോച്ച്. : ഗാരത് സൗത്ത്ഗേറ്റ് 

ക്യാപ്റ്റൻ : ഹാരി കെയ്ൻ

ഫിഫ റാങ്കിംഗ് : 5 

നേട്ടങ്ങൾ :

                         ലോകകപ്പ് : 1

                       

മികച്ച പ്രതിഭകളും പ്രഗത്ഭരായ യുവ താരങ്ങളുമുണ്ട്. പക്ഷെ, ഗാരത് സൗത്ഗേറ്റിന്റെ ടീമിന് കഴിഞ്ഞ 2021 യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൾട്ടിയിൽ തോറ്റതിന് ശേഷം സമീപ കാലത്ത് അത്ര ശുഭകരമായ മത്സര ഫലങ്ങളല്ല കാണാൻ കഴിഞ്ഞത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാനാവാതെ രണ്ട് തോൽവിയും മൂന്ന് സമനിലയുമായി കോച്ച് സൗത്ത്ഗേറ്റിന് തലവേദനകൾ സൃഷ്ടിക്കുന്നുണ്ട്.കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനലിൽ ബെൽജിയത്തോട് രണ്ട് ഗോളിന് തോറ്റ് പുറത്തായ ഇംഗ്ലണ്ട് ഇത്തവണ കപ്പിൽ മുത്തമിടും എന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്.


ബ്രസീൽ



കോച്ച് : ടിറ്റെ

ക്യാപ്റ്റൻ : നെയ്മർ, കാസമിറോ

ഫിഫ റാങ്കിംഗ് : 1

വിളിപ്പേര് : കാനറികൾ

നേട്ടങ്ങൾ :  

                         ലോകകപ്പ് : 5

                         കോപ്പ അമേരിക്ക : 9


കാനറിപ്പs ഇത്തവണ ഇരുപത്തി രണ്ടാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. യൂറോപ്യൻ അധിനിവേശങ്ങൾ ബ്രസീലിലേക്ക് എത്തിയപ്പോൾ അവിടെയുള്ളവരെ അടിമകളാക്കുന്ന നയത്തിനെതിരെ തുകൽ പന്ത് തട്ടിക്കളിച്ച് പോരാടി വിജയിച്ച കഥ ഓരോ ബ്രസീലിയൻ തെരുവുകളും നമ്മോട് പറയുന്നുണ്ട്. വിവിധ ലോകകപ്പുകളിൽ വമ്പൻ വീരന്മാരെ പച്ചപ്പുൽ മൈതാനങ്ങളിൽ പോരാട്ടം കൊണ്ടും പോർമുഖത്ത്‌ മുട്ടുകുത്തിച്ച ചരിത്രമുണ്ട് ബ്രസീലിന്. ഫുട്ബോൾ എന്ന ഗോളത്തിൽ ബ്രസീലുകാർ സാമ്പാനൃത്തം കൊണ്ട് ചുവടുവെക്കുമ്പോൾ രാജ്യങ്ങളുടെ അതിരുകൾ മറന്ന് ഓരോ ഫുട്ബോൾ പ്രേമിയും ശ്വാസം അടക്കിപ്പിടിച്ച് നെഞ്ചോട് ചേർത്ത് ആ മൊഞ്ചിനെ ആസ്വദിക്കും.

കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലിൽ അർജന്റീനയോട് തോറ്റതിന് ശേഷം 15 കളികളിൽ ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. 

നെയ്മർ പോലെയുള്ള അടങ്ങാത്ത കൊമ്പന്മാരുടെ മികച്ച പ്ലേമേക്കിങ് അറ്റാക്കർമാരാലും യുവതാരങ്ങളാലും സമ്പന്നമായ ബ്രസീൽ ഒരു പതിറ്റാണ്ടിനിപ്പുറം ആറാം ലോകകപ്പ് കിരീടം നേടാൻ കച്ചകെട്ടിയിറങ്ങുകയാണ്. 



ജർമനി



കോച്ച് : ഹാൻസി ഫ്ലിക്ക്

ക്യാപ്റ്റൻ : മാനുവൽ ന്യൂയർ 

ഫിഫ റാങ്കിംഗ് : 11

നേട്ടങ്ങൾ : 

                         ലോകകപ്പ് : 4

                         യൂറോകപ്പ് : 3


2014ലെ ബ്രസീൽ ലോകകപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിക്കൊണ്ട് നാലാം കിരീടം നേടിയ ജർമ്മനിയെ പിന്നീട് 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നതായിരുന്നു കണ്ടത്.

മികച്ച താരങ്ങളുണ്ട് പക്ഷെ, അത്ര നല്ല മത്സര ഫലങ്ങളല്ല ടീമിന് ഈയിടെയായിട്ട് ലഭിക്കുന്നത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായാണ് ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ജർമ്മനി വരുന്നത്.


സ്പെയിൻ



കോച്ച് : ലൂയിസ് എൻറിക്വെ

ക്യാപ്റ്റൻ : സെർജിയോ ബുസ്കറ്റ്സ്

ഫിഫ റാങ്കിംഗ് : 7

നേട്ടങ്ങൾ : 

                         ലോകകപ്പ് : 1

                         യൂറോകപ്പ് : 3



ആദ്യമായി ലോകകപ്പ് നേടിയത് 2010ൽ. പിന്നീട് നടന്ന 2012 യൂറോകപ്പിലും ജേതാക്കൾ.

യുവ താരങ്ങളേയും പരിചയസമ്പന്നരായ കളിക്കാരേയും ഉൾപ്പെടുത്തി സമീപകാലത്ത് മോശമല്ലാത്ത പ്രകടനവുമായാണ് രണ്ടാം ലോകകപ്പ് നെടുമെന്ന പ്രതീക്ഷയിൽ എൻറിക്വെയുടെ കീഴിലുള്ള സ്പെയിൻ വരുന്നത്.


അർജന്റീന



കോച്ച് : ലയണൽ സ്‌കലോണി

ക്യാപ്റ്റൻ. : ലയണൽ മെസ്സി

ഫിഫ റാങ്കിംഗ് : 3

നേട്ടങ്ങൾ : 

                         ലോകകപ്പ് : 2

                         കോപ്പ അമേരിക്ക : 15

                         

പല മഹാരഥന്മാർ ശ്രമിച്ചിട്ടും കഴിയാതെ പോയ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹം വന്നു. അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ജഴ്‌സിയിൽ വെറും 15 കളികൾ മാത്രം കളിക്കാൻ വിധിക്കപ്പെട്ടയാൾ.

തകർന്നടിഞ്ഞ ഒരു ടീമിനെ ആരാരും പ്രതീക്ഷിക്കാതെ താൽക്കാലിക ചുമതലയേറ്റെടുത്ത് പിന്നീട് സ്ഥിരസാന്നിധ്യമായ കോച്ച് സ്‌കലോണിക്ക് കീഴിൽ അവസാനമായി തോറ്റത് 2019ൽ കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോട്. 35 മത്സരങ്ങളിൽ തോൽവി അറിയാതെ വരുന്ന അർജന്റീന കഴിഞ്ഞ 28വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ടീമിനെ പടുത്തുയർത്തി കോച്ച് സ്കലോണി 2021ൽ കോപ്പാ അമേരിക്ക ചാമ്പ്യൻ പട്ടം നേടിക്കൊടുത്തു.

2014ലിൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫൈനലിൽ മാരക്കാനയിൽ ജർമ്മനിയോടേറ്റ മറക്കാനാവാത്ത നോവുമായി അതേ മാരക്കാനയിൽ ചിരവൈരികളായ ബ്രസീലിനെ ഒരു ഗോളിന് കീഴടക്കിക്കൊണ്ട് അവർ ചരിത്രം തിരുത്തിയെഴുതി.

ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങ് റൊസാരിയോയിൽ തുടങ്ങി മലപ്പുറത്തെ കോട്ടപ്പടിയിലും മുഴുവൻ തെരുവോരങ്ങളിലും കട്ടൗട്ടുകൾ കൊണ്ട് നിറഞ്ഞാടുന്ന ഒരു വികാരമാണ് "ലിയണൽ ആന്ദ്രെസ്‌ മെസ്സി."


പോർച്ചുഗൽ



കോച്ച് : ഫെർണാണ്ടോ സാന്റോസ്

ക്യാപ്റ്റൻ : ക്രിസ്റ്റ്യാനോ റൊണാൾഡോ 

ഫിഫ റാങ്കിംഗ് : 9 

വിളിപ്പേര് : പറങ്കിപ്പട

നേട്ടങ്ങൾ : 

                         യൂറോകപ്പ് : 1

                         നേഷൻസ് ലീഗ് : 1


"There is no World Cup without Portugal "

പ്രതീക്ഷയില്ലാത്തവർക്ക് പ്രതീക്ഷ നൽകാൻ ഫെർണാണ്ടോ സാന്റോസിന്റെ ടീമിൽ അയാളുണ്ട് പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ. വാക്ക് ധാരണികളില്ലാതെ അയാളുടെ സാന്നിധ്യം എല്ലാവരും ആസ്വദിക്കുമെന്ന് ഉറപ്പാണ്. കാരണം ഇന്ന് ലോകത്ത് നിന്ന് അടത്തിമാറ്റാനാവാത്ത മേൽവിലാസമായി അയാൾ മാറികഴിഞ്ഞിരിക്കുന്നു.തങ്ങളുടെ ആദ്യ യൂറോപ്യൻ ചാമ്പ്യൻ പട്ടം നേടുമ്പോൾ ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. റൊണാൾഡോ പോലൊരു ലോകോത്തര താരം ടീമിലുള്ളപ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

 

റൊണാൾഡോ ഇല്ലാത്ത ഒരു ലോകകപ്പിനെ ചിന്തിക്കാൻ പോലും സാധിക്കാത്ത എണ്ണമറ്റ ആരാധകരെ അയാൾ സൃഷ്ടിച്ചെടുത്തിട്ടാണ് വിട പറയുന്നത്. 2016 യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസിനെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രതീക്ഷകൾക്ക് തിരി തെളിയിക്കുകയായിരുന്നു അദ്ദേഹം.  

1966ൽ യുസേബിയോയുടെ മാജിക്കിൽ സ്വന്തമാക്കിയ മൂന്നാം സ്ഥാനമാണ് ലോകകപ്പിലെ പോർച്ചുഗലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. വമ്പൻ ടീമുകളോടു ചിന്നിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ആനന്ദത്തിന്റെ അനുഭൂതിയിലാഴ്ത്താൻ പോർച്ചുഗലിന് സാധിക്കുമോ എന്ന് കാണാം.

 

ബെൽജിയം



കോച്ച് : റോബർട്ടോ മാർട്ടിനെസ്

ക്യാപ്റ്റൻ . . : ഈഡൻ ഹസാഡ്

ഫിഫ റാങ്കിംഗ് : 2



ഫിഫാ റാങ്കിംങിൽ ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ എന്നും ഉണ്ടായിട്ടും ഒരു ലോകകപ്പ് പോലും നേടാനാവാത്ത ദൗർഭാഗ്യത്തിൽ കഴിയുന്ന ടീമാണ് 

ബെൽജിയം. കഴിഞ്ഞ ലോകകപ്പിലാണ് അവർ ആദ്യമായി മൂന്നാം സ്ഥാനത്തെങ്കിലും എത്തുന്നത്. പറയാനൊരു കപ്പ് പോലുമില്ലാത്തവർക്ക് പ്രതീക്ഷകളുമായിട്ടാണ്

റോബർട്ടോ മാർട്ടിനെസ് തന്റെ വലിയൊരു താരനിരയെ ഖത്തറിലേക്ക് കൊണ്ടു വരുന്നത്.


നെതർലാൻഡ്സ്



കോച്ച് : ലൂയിസ് വാൻഗാൽ

ക്യാപ്റ്റൻ : വിർജിൽ വാൻഡൈക്ക്

ഫിഫ റാങ്കിംഗ് :8 

വിളിപ്പേര് : ഡച്ച്, ഹോളണ്ട്

നേട്ടങ്ങൾ : 

                         യൂറോകപ്പ് : 1


മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയിലുള്ള ദിനങ്ങൾ, ഒടുവിലത്തേത് 2010ൽ സ്പെയിനിന് മുമ്പിൽ. ലോക ഫുട്ബോളിൽ പറയത്തക്ക ലോകോത്തര താരനിരകൾ ഒക്കെയുണ്ടായിട്ടും ഒരു ലോകകപ്പ് പോലും നേടാനാവാത്ത ടീമാണ് നെതർലാൻഡ്സ്. പറയാനാകെ ഉള്ളത് 1988ൽ യൂറോപ്യൻ ചാമ്പ്യൻമാരായി എന്നതാണ്. കഴിഞ്ഞ ലോകകപ്പിനാകട്ടെ യോഗ്യതയും ലഭിച്ചില്ല.

ഇത്തവണ ഖത്തർ, ഇക്വഡോർ, സെനഗൽ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് നെതർലാൻഡ്സ് ഉള്ളത്.


സമീപ കാലത്ത് മികച്ച പ്രകടനം തന്നെയാണ് നെതർലാന്റ്സിന്റെയടുത്ത് നിന്നും കാണാൻ കഴിയുന്നത്. ലൂയിസ് വാൻഗാലിന്റെ കീഴിൽ ഖത്തറിലേക്ക് വരുന്ന നെതർലാൻഡിന് മികച്ച ലോകോത്തര താരങ്ങളുണ്ട്. പക്ഷെ, പലരും ചൂണ്ടിക്കാണിക്കുന്നത് മികച്ച ഒരു മുന്നേറ്റ നിര താരം ഇല്ലായെന്നതാണ്.എങ്കിലും ഡച്ചുകാർക്ക് ഖത്തറിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.





ഗ്യാലറികളെ നിശബ്ദതയിലാഴ്ത്തി കാലത്തിന്റെ അടയാളപ്പെടുത്തലുകൾക്കും

കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ദൃശ്യ വിസ്മയങ്ങൾ കൊണ്ട് ആരാധകരുടെ മനം കവരുന്ന ഗോളുകൾക്കായും നമുക്ക് കാത്തിരിക്കാം . ദൂരെ ദൂരെ അങ്ങ് അത്തർ പൂശിയ സിംഹാസനങ്ങളിൽ റഫറിയുടെ അന്തിമ കാഹളം മുഴങ്ങുമ്പോൾ നീലാകാശത്തെ സാക്ഷിയാക്കി ആരാണ് ലോകകപ്പിന് മുത്തമിടുക. കാത്തിരിക്കാം വിതുമ്പലിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾക്കായി..

Tags