മറ്റു സാമൂഹ്യ-ശാസ്ത്ര വിഷയങ്ങളെ അപേക്ഷിച്ച് പുതിയ പഠന വിഷയമാണ് സോഷ്യോളജി. മനുഷ്യസമൂഹത്തെയും ദൈനംദിന ജീവിതത്തെയും വ്യത്യസ്തമായ വീക്ഷ്ണ കോണുകളിൽ നിന്ന് കൊണ്ട് ശാസ്ത്രീയമയി വിശകലനം ചെയ്യുകയാണ് സോഷ്യോളജി ചെയ്യുന്നത്. മനുഷ്യൻ തന്റെ സാമൂഹ്യ ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയത് ആധുനിക പ്രവണതയാണെന്ന് പറയാൻ കഴിയില്ല. മനുഷ്യൻ സാമൂഹ്യ ജീവിതം ആരംഭിച്ച കാലം മുതൽ തന്നെ തന്റെ ജീവിതത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആലോചിച്ചു തുടങ്ങിയിരുന്നു എന്നു വേണം മനസ്സിലാക്കാൻ.
ആദ്യകാലസാഹിത്യകാരന്മാരും തത്വചിന്തകരും മതഗ്രന്ഥങ്ങളുമെല്ലാം മനുഷ്യ സമൂഹത്തെക്കുറിച്ചുള്ള നിരവധി ചിന്തകൾ പങ്കുവെക്കുന്നു എന്നത് ചില സൂചനകളാണ്.
എന്നാൽ മനുഷ്യ സമൂഹത്തെക്കുറിച്ചുള്ള ചിന്തകളും വിശകലനങ്ങളും ശാസ്ത്രീയ സ്വഭാവം കൈവരിച്ചത് പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിലാണ് എന്നുമാത്രം. സമൂഹത്തെക്കുറിച്ചും സാമൂഹ്യ ബന്ധങ്ങളെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകൾ സാമാന്യബുദ്ധിയെ (Common sense) അടിസ്ഥാനമാക്കി നാം രൂപപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുകൾ അപൂർണ്ണമായിരിക്കും. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ഭാഗികമായി മാത്രം കാണാനേ അത് നമ്മെ അനുവദിക്കുകയുള്ളൂ. അതിനാൽ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ പല കാഴ്ചപ്പാടുകളും തിരുത്തപ്പെടുകയോ പരിഷ്കരിക്കപ്പെടുകയോ ചെയ്യേണ്ടതുണ്ട്.
ഒരു കാഴ്ച കാണാൻ നമുക്ക് ഒരു നിലപാട്( Stand point ) കൂടിയേ തീരൂ എന്നതിനാൽ വസ്തുനിഷ്ഠമായ വിശകലനം( objective Analysis ) ഒരു വെല്ലുവിളിയാണ്. നമ്മുടെ നിലപാടുകൾ പലപ്പോഴും പക്ഷം ചേർന്നതോ ആത്മനിഷ്ഠ വിശകലനത്തിൽ ഊന്നിയതോ (Subjective Analysis ) തെറ്റിദ്ധാരണകളോ ആയേക്കാം.
നിലപാടുകളിലെ ഇത്തരം പരിമിതികളെ അതിജയിച്ച് വ്യത്യസ്തവീക്ഷണ കോണുകളിലൂടെ സാമൂഹ്യ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി നോക്കി കാണാൻ നമ്മെ പ്രാപ്തമാക്കുകയാണ് സോഷ്യോളജി.
എന്നാൽ സാമൂഹ്യശാസ്ത്രത്തിൽ സമ്പൂർണ്ണമായി പക്ഷപാതങ്ങളില്ലാത്ത രീതിയിൽ വസ്തുതകളുടെ സമ്പൂർണ്ണ കാഴ്ചപ്പാട് ലഭിക്കുന്ന വിശ്വാസമുണർത്തുന്ന നിലകളില്ല. ഏതൊരു കാര്യത്തിലും നമുക്കൊരു നിലപാടുണ്ട് എന്നതാണതിന് കാരണം. അതിനാൽ നമ്മുടെ കാഴ്ചപ്പാടിന്റെ പരിധിയിൽ പരിമിതപ്പെടുത്താതെ ലോകത്തുള്ള നിരവധി ശുഭാപ്തി വിശ്വാസമുണർത്തുന്ന നിലകളിൽ കൂടെ ലോകം വീക്ഷിക്കാൻ സമൂഹശാസ്ത്രം നമ്മോട് ആവശ്യപ്പെടുന്നു. ഇതിലൂടെ ലോകത്തിലെ വ്യത്യസ്ത ജനങ്ങളുടെ ദൃഷ്ടിയിലൂടെയുള്ള കാഴ്ച (നിലപാട് ) നമുക്ക് ലഭിക്കുന്നു. ഇത് ലോകത്തെക്കുറിച്ചുള്ള പൂർണ്ണമായ ഒരു ധാരണ നമുക്ക് നൽകുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളെ സാമൂഹ്യ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്താൻ സമൂഹശാസ്ത്രം സഹായിക്കുമെന്ന് പ്രസിദ്ധ അമേരിക്കാൻ സാമൂഹ്യ ശാസ്ത്രജ്ഞൻ സി. റൈറ്റ് മിൽസ് പറയുന്നു. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തെയും പെരുമാറ്റരീതികളെയും കുറിച്ച പൊതുവായ ചില തത്വങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തുകയാണ് സോഷ്യോളജി. അതിലൂടെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് കൃത്യമായ ചില നിഗമനങ്ങളിൽ എത്തിച്ചേരാനും സാമൂഹ്യ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ പരിഹാരങ്ങൾ നിർദേശിക്കാനും സാധ്യമാകുന്നു.
വ്യത്യസ്തമായ രീതിശാസ്ത്രം
സാമൂഹ്യ ജീവിതവും പെരുമാറ്റ രീതികളും എന്നും ഒരു പോലെ നിലനിൽക്കുന്നതല്ല. സ്ഥലകാല വ്യത്യാസങ്ങൾക്കനുസരിച്ച് മനുഷ്യ ജീവിതരീതിയും പെരുമാറ്റച്ചട്ടങ്ങളും മാറിക്കൊണ്ടിരിക്കും. അതിനാൽ നാച്ചുറൽ സയൻസിൽ ഉപയോഗിക്കുന്ന രീതി ശാസ്ത്രം സോഷ്യൽ സയൻസിൽ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ സാമൂഹ്യ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരണം(collection) ക്രമീകരണം ( 0rganizing) വ്യാഖ്യാനം (Interpreting) എന്നിവ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ( Logical Way )
ആകുമ്പോൾ അത് ശാസ്ത്രീയ സമീപനമാണ് (Scientific Method) എന്നാണ് സോഷ്യോളജിയിലെ വീക്ഷണം. ഈ രീതി അവലംബിക്കുന്നതിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങൾ മുൻധാരണകളെ അടിസ്ഥാനമാക്കിയുള്ളതോ ഊഹങ്ങളോ ആവുന്നില്ല. അനുഭവജ്ഞാനപരമായ യാഥാർത്ഥ്യങ്ങളെ ( Empirical Realities) അടിസ്ഥാനമാക്കിയാണ് സോഷ്യോളജിസ്റ്റുകൾ നിഗമനങ്ങളിൽ (conclusion) എത്തിച്ചേരുന്നത്. അതിനാൽ പരമാവധി വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ഈ രീതി ശാസ്ത്രം സഹായിക്കുന്നു. എന്നാൽ നാച്ചുറൽ സയൻസിലെ അതേ തോതിലുള്ള വസ്തുനിഷ്ഠത(objectivity) സോഷ്യൽ സയൻസിൽ സാധ്യമല്ലതാനും.
നാമെന്തിന് പഠിക്കണം
ദൈനംദിന ജീവിതത്തിൽ നമ്മെ സ്വാധീനിക്കുന്ന നിരവധി സാമൂഹ്യ സ്ഥാപനങ്ങളുണ്ട്. മതം, ജാതി, ദേശം, ഭാഷ, മൂല്യങ്ങൾ എന്നിവ നമ്മുടെ ചിന്തയെയും കാഴ്ചപ്പാടുകളേയും സ്വാധീനിക്കുന്നു. ലോകത്തെക്കുറിച്ച് ഭാഗികവും ഏകപക്ഷീയവുമായ വീക്ഷണങ്ങളാണ് ഇവ നമ്മിൽ രൂപപ്പെടുത്തുന്നത്.
വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും വിശ്വാസ സംഹിതകളെക്കുറിച്ചും മനസ്സിലാക്കുക വഴി ചിന്തകൾക്ക് കൂടുതൽ വാതായനങ്ങൾ തുറക്കപ്പെടുകയും മനസ്സിന് തുറവി ലഭിക്കുകയും വ്യത്യസ്തത ഉൾക്കൊള്ളാനുള്ള പ്രാപ്തി കൈവരിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സാർവ്വലൗകികത്വം(cosmopolitanism) എന്നു
പറയുന്നത്.
വ്യക്തി ജീവിതത്തിൽ മേന്മകൾ ഉണ്ടാക്കുന്നതോടൊപ്പം അധ്യാപനം, രാഷ്ട്ര ഭരണം, സാമൂഹ്യക്ഷേമം, സാമൂഹ്യ വികസനം, നയതന്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സോഷ്യോളജി സഹായിക്കുന്നു.
കുടുംബം, വിദ്യാഭ്യാസം, മതം, ഗവൺമെന്റ്, വ്യവസായം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ധർമ്മങ്ങളും മനസിലാക്കാനും മെച്ചപ്പെടുത്താനും സോഷ്യോളജി സഹായകരമാണ്.
സാമൂഹ്യ പ്രശ്നങ്ങളായ, ദാരിദ്യം, തൊഴിലില്ലായ്മ, നിരക്ഷരത, കുറ്റകൃത്യങ്ങൾ, സംഘർഷങ്ങൾ എന്നിവ ശാസ്ത്രീയമായി പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും സാധിക്കുന്നു.
അധ്യാപനം, ഗവേഷണം എന്നിവ കൂടാതെ രാജ്യത്തെ ഉയർന്ന തസ്തികയായ IAS പോലുള്ള മത്സര പരീക്ഷകളിൽ സോഷ്യോളജി പ്രത്യേക വിഷയമായി ചേർക്കപ്പെട്ടിട്ടുണ്ട് എന്നതും സോഷ്യോളജിയുടെ പുതിയ സാധ്യതകളാണ്.
പുതിയ സാഹചര്യത്തിൽ മാനവിക വിഷയങ്ങളോടുള്ള പ്രിയം കുടിയിരിക്കുന്നു എന്നുള്ളതും സോഷ്യോളജിയുടെ പുതിയ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
