രവി വരാന്തയിലെ ചാരുകസേരയിൽ മലർന്നുകിടന്നു മുറ്റത്തേക്ക് അലസമായി കണ്ണു പായിച്ചു. മുറ്റം മുഴുവൻ കാടുപിടിച്ചു കിടക്കുന്നു. അകലെ നിന്ന് തീവണ്ടി ചൂളം വിളിക്കുന്നത് കേൾക്കുന്നുണ്ട്. വീട്ടിൽ നിന്ന് നേരെ നോക്കിയാൽ ഒരു നടവഴി തെളിഞ്ഞു കാണാം. വീടിനകവും പുറവും ഒരുപോലെ കിടക്കുന്നത് കാണാൻ പ്രയാസമുണ്ടെങ്കിലും അയാൾ കണ്ണുകൾ അടച്ചു ഒന്നു മയങ്ങാൻ ശ്രമിച്ചു. ഭാര്യയുടെയും മകന്റെയും ചിത്രം അയാളുടെ കണ്ണിനു തൊട്ടിപ്പുറത്തായി മിന്നി മറഞ്ഞു. പുറത്തു മഴ പൊടിയുന്നുണ്ട്. എന്തോ ഓർത്തിട്ടെന്ന പോലെ രവിയുടെ കണ്ണു പെയ്യുവാൻ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു.
ചവർ നിറഞ്ഞ ഇടവഴിയിലൂടെ ഒരാൾ നടന്നുവരുന്ന ശബ്ദം കേട്ടു രവി പെട്ടെന്ന് കണ്ണുകൾ തുറന്നു.
" അല്ല ഷെഫീഖ് എവിടായിരുന്നു. കുറച്ചു ദിവസമായി കാണാനില്ലല്ലോ. "
" ഞാൻ കുറച്ചു ദിവസം ഇവിടെ ഇല്ലായിരുന്നു, അതാ ഞാൻ ഇങ്ങോട്ട് വരാതിരുന്നത്. നീ എന്താ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ, നീ പിന്നെ എവിടേം പോയില്ലായിരുന്നോ? "
" ആ ചെറിയ പനിയും ദേഹവേദനയും അതുകൊണ്ട് എങ്ങോട്ടും പോയില്ല. "
" ഇങ്ങനെയൊരു സ്ഥലത്ത് താമസിച്ചാൽ എങ്ങനെയാ പനി വരാതിരിക്കുന്നത്. ഈ പുല്ലൊക്കെ ഒന്ന് വെട്ടി തെളിച്ചു കൂടെ. " ഷെഫീക്ക് ചോദിച്ചു.
" അതുപിന്നെ .... " രവി മുഴുമിച്ചില്ല.
" വാടോ ഇങ്ങനെ മടിപിടിച്ചിരുന്നാൽ എങ്ങനാ? ആ തൂമ്പയിങ്ങെടുക്ക് നമുക്ക് ഇതൊക്കെ ഒന്ന് വെട്ടിത്തെളിക്കാം. " ഷെഫീഖ് രവിയുടെ കൈപിടിച്ചെഴുനേൽപ്പിച്ചു. അവർ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി, പണികഴിഞ്ഞ ശേഷം രവി ചായ കൊണ്ടു വന്നു. ഇരുവരും ചായകുടിച്ച് വർത്തമാനം പറഞ്ഞു. ഷെഫീക്ക് ചായ കുടിക്കാതിരിക്കുന്നത് കണ്ടപ്പോൾ രവി ചോദിച്ചു.
"നീയെന്താ ചായ കുടിക്കാത്തത്."
"എനിക്ക് വേണ്ട.."
നീ എന്നെങ്കിലും എന്റെ അടുത്ത് നിന്ന് ചായ കുടിച്ചിട്ടുണ്ടോ?". രവി പരാതിപ്പെട്ടു.
ഷെഫീഖ് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഷെഫീഖ് എന്നും ഇങ്ങനെയാണ്, എങ്കിലും രവി എന്നും ഈ ചോദ്യം ചോദിക്കും.
അവർ സംസാരത്തിൽ മുഴുകി.
ഉച്ചകഴിഞ്ഞപ്പോൾ ഷെഫീക്ക് ചോദിച്ചു. "എത്രനേരം ഇങ്ങനെയിതിനുള്ളിൽ ഇരിക്കാനാ. വാ നമുക്കൊന്ന് പുറത്തു പോയി വരാം. "
അവർ അങ്ങാടിയിലേക്ക് നടന്നു. ഷെഫീഖ് എന്തോ രവിയോട് പറയുവാൻ തുടങ്ങി. ഇത് കേട്ട് രവി പുഞ്ചിരിച്ചു.
തന്റെ കടയുടെ മുന്നിലേക്ക് നടന്നടുക്കുന്ന രവിയെ കണ്ട് ഹാർഡ് വെയർ മുതലാളി കുശലാന്വേഷണം നടത്തി "എങ്ങോട്ടാ രവിയേ..?"
"ഞങ്ങളൊന്ന് നടക്കാനിറങ്ങിയതാ.."
കടയിൽ പുതുതായി ജോലിക്ക് ചേർന്ന പയ്യന്റെ മുഖത്ത് പടരുന്ന അമ്പരപ്പ് കണ്ട അയാൾ അവനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "നല്ലോരു പയ്യനായിരുന്നു. ആ പെൺകൊച്ചും പിള്ളേരും പോയതിപ്പിന്നിങ്ങനെയാ. ആരോടെന്നില്ലാതെ സംസാരിക്കും. എന്തോ ഷെഫീഖോ മറ്റോ, അങ്ങനെന്തോ പറയുന്നത് കേൾക്കാം. സംസാരിച്ചു സംസാരിച്ച് ഇവിടെ വരെ വരും. പിന്നെ പതിയെ തിരിച്ചു നടക്കും പാവം.
