ലോകം 22ാം ഫുട്ബോൾ ലോകകപ്പിന് സാക്ഷ്യം വഹിക്കുമ്പോൾ ചരിത്രത്തിലാദ്യമായി ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ച അനുഭൂതിയിലാണ് ഖത്തർ.
യൂറോപ്യൻ ലാറ്റിനമേരിക്കൻ പിടിയിൽ നിന്ന് ഒരു മിഡിൽ ഈസ്റ്റ് രാജ്യത്തിലേക്ക് ഫിഫ വേൾഡ് കപ്പ് പറിച്ച് നട്ടതിലെ അസഹിഷ്ണുത യൂറോപ്യൻ മാധ്യമങ്ങളിലൂടെ നാം ഏറെ നാളായി കാണുന്നു. ആഫ്രിക്കൻ രാജ്യമായ ദക്ഷിണാഫ്രിക്ക 2010ൽ ലോകകപ്പിന് വേദിയായപ്പോഴും ഇതേ രീതിയിലുള്ള വംശീയ വിദ്വേഷപ്രചരണവും വെറുപ്പിന്റെ ഉൽപാദനവും പാശ്ചാത്യ മാധ്യമങ്ങൾ വിളമ്പിവിട്ടിരുന്നത് നാം ഈ സന്ദർഭത്തിൽ ഓർക്കണം.
ചരിത്രത്തിൽ ഒരു ആതിഥേയ രാജ്യവും നേരിടാത്ത വിധം സമാനതകളില്ലാത്ത വിമർശനങ്ങളാണ് ഖത്തറിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങളും ഭരണകൂടങ്ങളും പടച്ചുവിട്ടത്. 12 വർഷങ്ങൾക്ക് മുമ്പ് 2010ൽ സൂറിച്ചിൽ വെച്ച് നടന്ന ലോകകപ്പ് വേദി പ്രഖ്യാപനത്തിൽ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിനെ തിരഞ്ഞെടുത്തത് മുതൽ തുടങ്ങിയതാണ് കള്ളപ്രചരണം.
ഖത്തറിൽ മനുഷ്യാവകാശമില്ല, മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു, സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, ഇത്തിരി വട്ടത്തിലുള്ള ഖത്തറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താൻ കഴിയുമോ, നിലവാരമുള്ള സ്റ്റേഡിയങ്ങൾ പണിയാനാകുമോ, കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും, കുഞ്ഞൻ രാജ്യത്തിന് ഇത്രയധികം പേരെ ഉൾക്കൊള്ളിക്കാനാവുമോ, ഖത്തറിന് ഫുട്ബോൾ പാരമ്പര്യമുണ്ടോ, ഫിഫക്ക് പണം നൽകി ഖത്തർ നേടിയെടുത്തതല്ലേ മത്സരവേദി, ഒരു മതാധിഷ്ഠിത രാജ്യം ലോകകപ്പിലെ ബഹുമുഖ സംസ്കാരത്തെ എങ്ങനെ പ്രതിഫലിപ്പിക്കും, പ്രവാസി തൊഴിലാളികൾക്ക് പണം കൊടുത്ത് ഖത്തർ മത്സരവേദിയുടെ ആരാധകരാക്കുന്നു, തുടങ്ങി ഒട്ടനവധി ചോദ്യങ്ങളും ആരോപണങ്ങളും.
ഇത്തരം വിമർശനങ്ങളെ സംയമനത്തോടെ സമീപിച്ച ഖത്തർ അമീർ ഓരോ വിമർശനത്തിനും പ്രവർത്തിയിലൂടെയായിരുന്നു മറുപടി നൽകിയത്. ആ പ്രവർത്തനത്തിന്റെ സ്നേഹമുദ്രയാണ് നാം ഖത്തറിൽ കണ്ടത്. മാറ്റിപ്പണിത ഖത്തറിനെ കണ്ട് ലോകം വിസ്മയാദരങ്ങളോടെ നിന്നപ്പോഴും യൂറോപ്പ് വിമർശനങ്ങൾ നിർത്തിയിരുന്നില്ല. ഏഷ്യൻ രാജ്യങ്ങൾ ഇന്നും ലോക ഫുട്ബോൾ നടത്താൻ മാത്രം ഭൗതികമായി വളർന്നിട്ടില്ലെന്ന അപകർഷതാബോധം നിലനിർത്തേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്. മറ്റൊന്ന് ലോകത്ത് ഇസ്ലാമോഫോബിയ നിലനിർത്തണമെങ്കിൽ മുസ്ലിം രാഷ്ട്രങ്ങൾ ഇപ്പോഴും ഇരുണ്ട ദേശങ്ങളും അവിടത്തെ ഭരണാധികാരികൾ പരിഷ്കൃത ലോകത്തിന്റെ ഭാഗമല്ലെന്നു നിരന്തരം പറയേണ്ടത് സാമ്രാജ്യത്വ രാഷ്ട്രീയ അജണ്ടയാണ്.
നിലവിലെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഫുട്ബോൾ 'കളി' യുടെ രാഷ്ട്രീയം കൃത്യമായി വിലയിരുത്തുമ്പോഴാണ് ഈ കളി വെറും കളിയല്ലെന്ന് ബോധ്യമാവുക.
1978ലെ ലോകകപ്പിന് കളമൊരുങ്ങിയ അർജന്റീന അന്ന് പട്ടാളഭരണത്തിന്റെ കീഴിലായിരുന്നു. പക്ഷേ അന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ പട്ടാള ഭരണത്തിനു കീഴിലുള്ള ലോകകപ്പിനെതിരെ കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല.
മതത്തിന്റെ പേരിൽ ഖത്തറിനെ വേട്ടയാടുന്നവർ 1934ലും 1990കളിലും ഇറ്റലിയിൽ കളിനടന്നപ്പോൾ ഫാഷിസം കൊന്നൊടുക്കിയ മനുഷ്യരെക്കുറിച്ച് ഓർത്ത് അപലപിച്ചില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത് ഖത്തർ എന്ന കൊച്ചു രാഷ്ട്രം യൂറോപ്യൻ അധികാരത്തെയും അതിന്റെ ഭൗതിക നേട്ടങ്ങളേയും വെല്ലുവിളിച്ചു എന്നതാണ്. 30 ലക്ഷം ജനങ്ങൾ മാത്രമുള്ള രാജ്യം ലോക ജനതയുടെ ശ്രദ്ധയെ പിടിച്ചിരുത്താൻ ആർജ്ജവമുള്ള രാഷ്ട്രമായി മാറി എന്നതാണ്.
52 വർഷത്തെ സ്വതന്ത്ര രാഷ്ട്രപദവി, ഇസ്ലാംമത രീതിയിലുള്ള ജീവിതം, എന്നിട്ടും ഖത്തർ ലോകത്ത് ഇതുവരെ നടന്ന ലോക ഫുട്ബോൾ കളി രീതികളെ മറികടന്നു. ഏറ്റവും നൂതന സംവിധാനത്തിലൂടെയുള്ള പന്തിനെക്കൊണ്ട് തങ്ങൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ തകർന്നു തരിപ്പണമാകുന്നത് യൂറോപ്പ്യൻ അധികാരഗർവ്വാണ്. മാത്രമല്ല, ഫുട്ബോളിനെ എങ്ങനെ ജനകീയ പങ്കാളിത്തത്തോടെ ആവിഷ്കരിക്കാം എന്ന് കാണിച്ചുകൊടുക്കുകയാണ് ഖത്തർ. കൊച്ചു നാട്ടിൽ എട്ടു കളി സ്ഥലങ്ങൾ, അവിടങ്ങളിലായി 3,80,000 ഇരിപ്പിടങ്ങൾ. ഓരോ സ്റ്റേഡിയത്തിന്റെയും രൂപം സ്വന്തം ദേശത്തിന്റെ ആധുനിക രീതിയിൽ നിർമിക്കുമ്പോൾ, യൂറോപ്യൻ നഗരികതയും അതിന്റെ പകർപ്പും മാത്രമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത് എന്ന ധാരണയെ ഖത്തർ തങ്ങളുടെ സമീപനത്തിലൂടെ തച്ചുടക്കുകയാണ്.
ശാരീരിക വെല്ലുവിളി നേരിടുന്നവരെ ഇത്രയധികം പരിഗണിച്ച 'ലോകകാൽപന്ത് കളി മാമാങ്കം' വേറെ ഉണ്ടായിട്ടില്ല ഉണ്ടാവാൻ ഇടയുമില്ല. ഖത്തറിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ കാണാനായി ശാരീരിക വെല്ലുവിളി നേരിടുന്ന നിരവധി പേരാണ് എത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ തന്നെ ഖത്തരി യുവാവ് അബ്ദുൽ ഖാനിമിനെ കൊണ്ടുവന്ന ഖത്തർ 3000 ത്തിലധികം അംഗപരിമിതർക്ക് മത്സരം കാണാൻ അവസരം ഒരുക്കിയിരുന്നു.
എൽജിബിറ്റി കമ്മ്യൂണിറ്റിക്ക് വിലക്കേർപ്പെടുത്തിയ ഖത്തറിന്റെ നടപടിക്കെതിരെ ജർമൻ ഫുട്ബോൾ ടീമിന്റെ വാപൊത്തിയുള്ള പ്രതിഷേധം ഏറെ വിവാദത്തിനും ചർച്ചയ്ക്കും തിരികൊളുത്തിയിരുന്നു ആതിഥേയ രാജ്യത്തിലെ നിയമങ്ങളോടും ആ രാജ്യത്തോട് തന്നെയുമുള്ള അപമര്യാതയായാണ് ജർമ്മനി ഫുട്‍ബോൾ ടീമിന്റെ ഈ പ്രവർത്തനം വിലയിരുത്തപെട്ടിരുന്നത്.
അതിനെതിരെയുള്ള കൃത്യമായ മറുപടിയെന്നോണം പിന്നീട് നടന്ന ജർമ്മനിയും സ്പെയിനും തമ്മിലുള്ള കളിയിൽ ജർമനി പരാജയപ്പെട്ടു പുറത്തായതിന് ശേഷം അറബികൾ വാപൊത്തി ഒരാളുടെ ഫോട്ടോ കാണിച്ചിരുന്നു. 2014 വേൾഡ് കപ്പിൽ ജർമൻ ടീമിനെ കിരീടത്തിലേക്ക് നയിച്ച ടീമിന്റെ കുന്തമുന, ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാൾ, മെസ്യൂദ് ഓസിലായിരുന്നു അത്. 2018 ലോകകപ്പിൽ അപ്രതീക്ഷിതമായി ആദ്യ റൗണ്ടിൽ തന്നെ ജർമൻ ടീം പുറത്തായപ്പോൾ വംശവെറിയന്മാരുടെ കണ്ണുകൾ എല്ലാം തുർക്കിഷ് വംശജനായ മുസ്ലിം താരം ഓസിലിനെതിരെ തിരിഞ്ഞിരുന്നു. തോൽവിയിൽ ഒരു നിലക്കും പഴിചാരാൻ പറ്റാത്ത താരം ആയിട്ട് കൂടി അവർ അതിന്റെ എല്ലാ ഭാരവും അദ്ദേഹത്തിന്റെ തലയിലായിരുന്നു കെട്ടിവെച്ചത് . ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ വംശീയ അധിക്ഷേപങ്ങൾ ജർമ്മനിക്ക് ഒരു ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഓസിൽ ഏറ്റുവാങ്ങി. ഇത് അദ്ദേഹത്തിന്റെ രാജ്യാന്തര മത്സരങ്ങളിൽ നിന്നുള്ള വിരമിക്കലിൽ കലാഷിക്കുകയും ചെയ്തു. വിരമിക്കലിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു:
" ഞങ്ങൾ ജയിക്കുമ്പോൾ ഞാൻ ജർമ്മനി ആണ് പക്ഷേ തോൽക്കുമ്പോൾ ഞാൻ ഒരു കുടിയേറ്റക്കാരനാണ് പൂർണ്ണമായി ജർമ്മനി കാരനായിരുന്നതിന് എനിക്ക് അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങൾ ഉണ്ടോ. എൻ്റെ സുഹൃത്ത് ക്ലോസയെയും പൊഡോൾസ്ക്കിയെയും ഒരിക്കലും ജർമ്മൻ പോളിഷ് എന്ന് പരാമർശിക്കുന്നില്ല. എന്തുകൊണ്ടാണ് ഞാൻ ഒരു ജർമൻ ടർക്കിഷ് ആയത് തുർക്കി ആയതുകൊണ്ടാണോ ഞാൻ ഒരു മുസ്ലിം ആയതുകൊണ്ടാണോ". വാപൊത്തി പ്രതികരിച്ച ഈ താരങ്ങൾ അന്നും 'വാപൊത്തി' തന്നെ ഇരിക്കുകയായിരുന്നു. ഇവരുടെ മനുഷ്യാവകാശ പ്രഹസനങ്ങൾക്ക് ഒട്ടും ആത്മാർത്ഥതയില്ല എന്നതാണ് ആ ഫോട്ടോ വിളിച്ചോതുന്നത്.
ഞാൻ മധുരമുള്ള ഒരു കാര്യം ആസ്വദിച്ചു. അത് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ലോകകപ്പിന്റെ തിരക്കുകൾക്കിടയിൽ ലഭിക്കുന്ന മിഠായിപ്പൊതികളിൽ ആലേഖനം ചെയ്ത വാക്കുകൾ ആണിത് 'i tasted something sweet and would like it share with you' എന്നെഴുതി ഒരു ബാർകോഡും നൽകിയിരുന്നു. അത് സ്കാൻ ചെയ്താൽ ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ വിവരവും ലഭിക്കും. എട്ടുഭാഷകളിലായി എന്താണ് ഇസ്ലാം എന്ന പേരിൽ പുസ്തകം, ഖുർആൻ തുടങ്ങിയ എല്ലാം ബാർകോഡ് തുറന്നാൽ കാണാൻ കഴിയും. മത്സരങ്ങൾക്കായി സ്വന്തം നാട്ടിൽ എത്തിയ വിദേശികളെ പല രീതിയിലാണ് ഖത്തരികൾ സ്വീകരിക്കുന്നത്. മത്സരം കാണാനെത്തുന്നവർക്കെല്ലാം സൗജന്യമായി ഭക്ഷണം വിതരണം ചെയ്തായിരുന്നു മാനവ സ്നേഹം ഊട്ടി ഉറപ്പിക്കാൻ ഖത്തർ ജനത മുന്നിട്ടിറങ്ങിയത്. ദാഹിച്ചു വലയുന്നവർക്കായി സൗജന്യമായി വെള്ളം നൽകിയും എല്ലാവരെയും സഹായിക്കാൻ ഖത്തരികൾ തിരക്കുകൂട്ടുന്ന അവസ്ഥയായിരുന്നു. സ്വന്തം രാജ്യത്തിനെതിരെ ലോകത്തിന്റെ പല കോണിൽ നിന്നും ആരോപണമുന്നയിക്കുമ്പോഴും സ്നേഹത്തോടെ അവിടെയെത്തിയ ആളുകളുടെ മനസ്സും വയറും നിറക്കുന്ന തിരക്കിലായിരുന്നു ഖത്തർ ജനത. ഖത്തരികൾ ഫുട്ബോൾ എന്നത് മാനവ സ്നേഹത്തിന്റെ കൂടി വേദിയാണെന്ന് ഒരിക്കൽ കൂടി കാണിച്ച് തന്നു.
എല്ലാ വംശീയ വിദ്വേഷ പ്രചാരണങ്ങൾക്കുമുള്ള ഖത്തറിന്റെ മധുരപ്രതികാരം ലോകത്തെ മുഴുവൻ സാക്ഷിനിർത്തി കൊണ്ടുള്ളതായിരുന്നു എന്നതാണ് ഈ ലോകോത്തര ഫുട്ബോൾ മത്സരത്തിന്റെ സവിശേഷത. ലോകത്തിന്റെ കണ്ണും കരളും ഖത്തറിലേക്ക് ആവാഹിച്ചുകൊണ്ട് അൽബയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പ്രസംഗം ഇസ്ലാമിന്റെ മഹത്തായ അധ്യാപനവും കൂടിയായിരുന്നു. വർണ്ണവിവേചനം അതിരുവിടുന്നവർക്ക് മുന്നിൽ മറുപടിയായി ഹോളിവുഡ് നടനും കറുത്തവർഗ്ഗകാരനായ മോർഗൻ ഫ്രീമാനെയും ഭിന്നശേഷിക്കാരനായ യുവ സംരംഭകൻ ഗാനിം അൽ മുഫ്താഹിനെയും മുഖ്യ അവതാരകരാക്കി എല്ലാവരും സമന്മാരാണെന്ന സന്ദേശം ലോകത്തിന്റെ മുന്നിലേക്ക് വച്ചു മനുഷ്യാവകാശത്തിന്റെ തുല്യത വിളിച്ചോതിയ ഈ നിമിഷത്തെ കരഘോഷങ്ങളോടെയാണ് ലോകം വരവേറ്റത്.
പാശ്ചാത്യരുടെ പരിഹാസങ്ങൾക്ക് മറുപടിയെന്നോണമാണ് മോർഗൻ ഫ്രീമാൻ ഗാനിമിനോട് സംസാരിച്ച് തുടങ്ങിയത്.
"നമ്മളെല്ലാം ഇന്നിവിടെ ഒരു വലിയ ഗോത്രം പോലെ ഇവിടെ ഒരുമിച്ചു കൂടിയിരിക്കുകയാണ്. ഒരൊറ്റ വഴിയാണ് സ്വീകാര്യമെങ്കിൽ എങ്ങനെയാണ് വിവിധ രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും ഒരുമിച്ച് പോകാനാവുക കാൽപന്ത് രാജ്യങ്ങളെയും അവയുടെ കായികഭ്രമത്തെയും ഒരുമിപ്പിക്കുന്നതാണ്.
രാജ്യങ്ങളെ ഒന്നിപ്പിക്കുന്നവ വിവിധ ജന തയെയും ഒന്നിപ്പിക്കും", മോർഗൻ ഇത്രയും പറഞ്ഞതിന് പിന്നാലെ "മനുഷ്യരെ നിങ്ങളെ ഞാൻ ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്" എന്ന ഖുർആൻ വാക്യം ഉദ്ധരിച്ച് ഗാനിമും മാനുഷിക നന്മയെ കുറിച്ചുള്ള സന്ദേശം കാണികൾക്ക് കൈമാറി.
അൽബൈത്തിൽ ഉയർന്നു കേട്ടതത്രയും ബഹുസ്വരതയിലും ഐക്യത്തിലും ഊന്നിയ സന്ദേശങ്ങൾ ആയിരുന്നു. പാട്ടിലും പറച്ചിലിലും അതുമാത്രം മുഴങ്ങിക്കേട്ടു. കൊറിയൻ പോപ്പ് സ്റ്റാർ ജങ്കൂക് പാടിയത് പ്രതീക്ഷയോടെയുള്ള സ്വപ്നം കാണുന്നതിനെ കുറിച്ചായിരുന്നു. വർണവെറിയും വംശീയതയുമൊക്കെ അകലുന്ന നാളുകളെകുറിച്ച പ്രതീക്ഷകളാണ് അൽബൈത്തിലെ ആഘോഷവേളയിൽ നിന്നുയർന്നത്.
ഖത്തറിൽ മദ്യത്തിന് കർശന നിയന്ത്രണം ഉള്ളതിനാൽ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ച് ഫിഫ നിയമം ഇറക്കിയിരുന്നു. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധന കേന്ദ്രങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങളിൽ ആൽക്കഹോളിന്റെ അംശമില്ലാത്ത ബിയർ ലഭിക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു.
ചില അതിവിശിഷ്ട മേഖലകളിൽ മദ്യം വിളമ്പുമായിരുന്നു. എന്നാൽ ഈ സ്ഥലങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നില്ല. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യത്തിന് വിലക്കേർപ്പെടുത്തിയുള്ള തീരുമാനം ഫിഫയും ഖത്തർ സംഘാടകരും സംയുക്തമായി എടുത്തതാണെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റിനോ പറഞ്ഞു. മൈതാനത്തിനകത്ത് മദ്യം വിലക്കിയതിനു പിന്നിലും ഫാൻ ഫെസ്റ്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലുമെല്ലാം ഫുട്ബോൾ ' ലഹരി ' വംശീയാക്രമണത്തിലേക്ക് കടക്കാതിരിക്കാൻ കൂടിയായിരുന്നു. ദൗർഭാഗ്യവശാൽ ഇതിനെ വംശവെറിയുടെ കണ്ണിലൂടെ കാണാനാണ് പാശ്ചാത്യ ലോകത്തിന് താല്പര്യം കാണിച്ചത്. ആ താൽപര്യങ്ങൾ പലപ്പോഴും നമ്മുടെ മാധ്യമങ്ങളിലും പ്രതിഫലിച്ചിരുന്നു.
ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഹോളണ്ട്, സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ ടീമുകളുടെ നായകന്മാർ " വൺ ലൗ" ആംബാന്റ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയിരുന്നു.
സ്വവർഗാനുരാഗമടക്കമുള്ളവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഖത്തറിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു കളിക്കാനിറങ്ങുമ്പോൾ ക്യാപ്റ്റന്മാർ " വൺ ലൗ" ആംബാന്റ് ധരിക്കാൻ തീരുമാനിച്ചിരുന്നത്. കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തിയതോടെയാണ് നായകന്മാർ തീരുമാനം പിൻവലിച്ചത്. " വൺ ലൗ"ആംബാന്റ് ധരിച്ച് കളത്തിലിറങ്ങിയാൽ മത്സരത്തിന്റെ ആരംഭത്തിൽ തന്നെ മഞ്ഞക്കാർഡ് നൽകുമെന്നുള്ള ഫിഫയുടെ നിലപാടിലൂടെയാണ് അവർ പിന്മാറാൻ തയ്യാറായത്.
ആതിഥേയരായ ഖത്തറിനെതിരെ ഉയർന്ന യൂറോപ്യൻ വിമർശനങ്ങൾക്ക് ഫിഫ പ്രസിഡൻറ് ജിയാന്നി ഇൻഫാന്റിനോ കടുത്ത ഭാഷയിൽ മറുപടി നൽകിയിരുന്നു.
കുടിയേറ്റതൊഴിലാളികളുടെ വിഷയം ഉന്നയിച്ച് ലോകകപ്പിനെ വിമർശിക്കുന്ന യൂറോപ്യൻ മാധ്യമങ്ങളുടെ നടപടിയെ ഇരട്ടത്താപ്പെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "ആളുകൾക്ക് ധാർമിക പാഠങ്ങൾ പകർന്നു നൽകും മുമ്പ് നമ്മൾ യൂറോപ്പുകാർ കഴിഞ്ഞ 3000 വർഷംകൊണ്ട് ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് അടുത്ത 3000 വർഷംകൊണ്ട് ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു. ഇന്നു ഞാനൊരു ഖത്തരിയാണെന്ന് തോന്നുന്നു. ഇന്ന് ഞാനൊരു അറബിയാണെന്ന് തോന്നുന്നു ഇന്നു ഞാനൊരു ആഫ്രിക്കൻ ആണെന്ന് തോന്നുന്നു ഇന്ന് ഞാനൊരു കുടിയേറ്റ തൊഴിലാളി ആണെന്ന് തോന്നുന്നു. ഒരു കുടിയേറ്റക്കാരന്റെ വേദനകളും ഒറ്റപ്പെടലും അനുഭവിച്ചായിരുന്നു എൻറെ ജീവിതവും. ജോലിക്കായി സ്വിറ്റ്സർലൻഡിലെത്തിയ ഇറ്റാലിയൻ മാതാപിതാക്കളുടെ കുട്ടിയായി കുടിയേറ്റത്തിന്റെ വിവേചനവും വേദനയും അനുഭവിച്ചതാണ് ഞാൻ" എന്ന് ലോകകപ്പിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള ആയിരത്തോളം മാധ്യമപ്രവർത്തകർക്ക് മുമ്പാകെ വളരെ വൈകാരികമായി അദ്ദേഹം പറഞ്ഞു. ജോലി തേടിയെത്തുന്ന കുടിയേറ്റക്കാർക്ക് മുമ്പാകെ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുമ്പോൾ ഇന്ത്യ, ബംഗ്ലാദേശ്, മറ്റു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് നിയമപരമായ മാർഗങ്ങളിലൂടെ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയാണ് ഖത്തർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പുകൾ ഇനിയും വരും അന്നും ഇതുപോലുള്ള വിമർശനങ്ങൾ പലരും നേരിടേണ്ടി വരും. എങ്കിലും ഈ വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകിയാണ് ഖത്തർ വിട പറഞ്ഞത്. ലോകത്തൊരു രാജ്യവും ലോകകപ്പിനായി ഇത്രയും വലിയ തുക ചിലവഴിച്ചിട്ടില്ല.
ലോകത്ത് ഒരു രാജ്യവും കളി കഴിഞ്ഞ സ്റ്റേഡിയങ്ങൾ പൊളിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ വളർച്ചക്കായി സ്റ്റേഡിയം പണിയാൻ സഹായിച്ചിട്ടുണ്ടാവില്ല.
തങ്ങളുടെ സംസ്കാരത്തെ ഒരു നിലക്കും പണയം വയ്ക്കാതെ അതിന്റെ മാധുര്യം ലോകത്തിനു മുന്നിൽ സമർപ്പിക്കുകയായിരുന്നു ഖത്തർ.
എല്ലാ ചോദ്യങ്ങൾക്കും പ്രവർത്തിയിലൂടെയാണ് ഖത്തർ മറുപടി നൽകിയത്. വിദ്വേഷപ്രചാരണങ്ങളെയും കാലാവസ്ഥയെയുമെല്ലാം അതിജീവിച്ച് ആ രാജ്യം തലയുയർത്തി നിൽക്കുന്നു. ലോകത്തെയൊന്നാകെ അവിടേക്ക് വരവേറ്റിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം ആരേയും വിസ്മയിപ്പിക്കുന്ന സൗകര്യങ്ങൾ അതിഥികൾക്കായി അവിടെ സജ്ജമായിരുന്നു. എട്ട് സ്റ്റേഡിയങ്ങളും 8 അത്ഭുതങ്ങൾ തന്നെയായിരുന്നു.
ലോകകപ്പ് ചരിത്രപുസ്തകത്തിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു ഖത്തർ എന്ന് വിമർശകർ ഓർത്തില്ല.
