ലഹരിയിലേക്ക് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും അവരെ ഉന്നം വെച്ചു ലാഭം കൊയ്യുന്ന ലഹരിമാഫിയകളും ഇന്ന് സമൂഹത്തിൽ ഒരു പോലെ ഭീതി സൃഷ്ടിക്കുകയാണ്. കേരളത്തിൽ തന്നെ നിരവധി കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത അനവധി കേസുകൾ വേറെ. കേരളത്തിൽ കൊച്ചിയാണ് ലഹരി വില്പനയുടെ ആസ്ഥാനം. മധ്യകേരളത്തിലെ ഒരു കോളേജിൽ നടത്തിയ പഠനത്തിൽ അവിടുത്തെ വിദ്യാർത്ഥികളിൽ 31 ശതമാനം പേരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് തെളിഞ്ഞു. കേരളത്തിൽ പുകയില പാൻമസാല മുതലായവ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 73.9% വും മദ്യത്തോട് ആസക്തി കാണിക്കുന്ന കുട്ടികളുടെ എണ്ണം 60.5% വും കൂടാതെ വലിയൊരു ശതമാനം കുട്ടികൾ വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. എന്തുകൊണ്ട് വിദ്യാർത്ഥികൾ വളരെ പെട്ടെന്ന് ലഹരിവലയിൽ അകപ്പെടുന്നു? ലഹരിയിലേക്ക് അവരെ നയിക്കുന്നതെന്ത്?
എന്താണ് ലഹരി?
നമുക്ക് സന്തോഷം തരുന്ന ഒരു കാര്യം അനുഭവിക്കുമ്പോഴോ പ്രവൃത്തിക്കുമ്പോഴോ കൂടുതൽ ആവർത്തിക്കപ്പെടാനുള്ള മനോഭാവം നൽകുന്ന എന്തിനെയും ലഹരിയെന്ന് വിളിക്കാം .
നമ്മുടെ ശരീരത്തിനുള്ളിലേക്ക് ഏതെങ്കിലും രീതിയിൽ പ്രവേശിച്ചാൽ ചില രാസപ്രവർത്തനങ്ങൾ (chemical reactions) ഉണ്ടാക്കി തലച്ചോറിൽ വ്യതിയാനങ്ങൾ സൃഷ്ടിച്ച് അതുവഴി അടിമത്തം ഉണ്ടാക്കാൻ പ്രാപ്‌തമായ വസ്തുക്കളാണ് ലഹരിപദാർത്ഥങ്ങൾ (drugs). കേരളത്തിൽ ഇന്ന് വ്യാപകമായി പിടിക്കപ്പെടുന്ന ലഹരി പദാർത്ഥങ്ങളിൽ പ്രമുഖമായതാണ് MDMA യും LSD യും.
MDMA അഥവാ methylene dioxy methamphetamine സാധാരണയായി കൽക്കണ്ട രൂപത്തിലാണ് കണ്ടുവരുന്നത്. പൊടിയായും ഗുളികരൂപത്തിലും ഇത് കണ്ടുവരുന്നു. മോളി, എക്‌സ്റ്റസി, പ്രിൻസ്, ബ്ലൂ ഐസ്, ബ്ലൂ മെത്ത്, ക്രിസ്റ്റൽ മെത്ത് മുതലായ പേരുകളിലും MDMA അറിയപ്പെടുന്നു. ശരീരത്തിൽ പ്രവേശിച്ച് ശരീരത്തിലെ ഹോർമോണുകളായ ഡോപ്പമീൻ, നോറെപിനഫ്രിൻ, സെററ്റോണിൻ എന്നിവയുടെ ഉത്പാദനം ക്രമാധീതമായി വർദ്ധിപ്പിക്കുന്നു എന്നതാണ് MDMA യുടെ ജോലി. മനുഷ്യനിൽ സ്നേഹം, സന്തോഷം, എന്നിവയുണ്ടാക്കുന്ന ഹോർമോണുകളാണിവ. ഇവയുടെ ഉത്പാദനം കൂടുന്നതോടുകൂടി ഉപയോഗിക്കുന്നയാൾക്ക് ശാരീരികമായും മാനസികമായും ലൈംഗികമായും ഉത്തേജനമുണ്ടാകുന്നു. ഈ അടുത്തിറങ്ങിയ 'വിക്രം'എന്ന തമിഴ് ചിത്രത്തിലും 2013 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഡ്രാമ സീരീസ് ആയ 'ബ്രേക്കിംഗ് ബാഡ്' ലും MDMA യെപ്പറ്റി വിശദമായി ചിത്രീകരിക്കുന്നുണ്ട്. 12 മണിക്കൂർ വരെ ഇതിന്റെ വീര്യം നിലനിൽക്കും. സ്ഥിരമായി MDMA ഉപയോഗിക്കുന്നവരുടെ ആയുസ്സ് വെറും 5 വർഷം മുതൽ 10 വർഷം വരെയായി ചുരുങ്ങും. MDMA ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന മറ്റൊവസ്ഥയാണ് 'മെത്ത് മൗത്ത്' എന്ന അവസ്ഥ. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പല്ല് പൂർണ്ണമായും നശിക്കാൻ 10-15 മാസങ്ങൾ മതിയാകും. മാത്രമല്ല വിഷാദരോഗം, അമിത ഉത്കണ്ഠ, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, മാനസികാസ്വാസ്ഥ്യം, മാനസികരോഗം തുടങ്ങി ആത്മഹത്യയിലേക്ക് വരെ MDMA കൊണ്ടെത്തിക്കുന്നു. മോളി എന്നത് MDMA യുടെ അടിസ്ഥാന രൂപമാണ്. എന്നാൽ എക്സ്റ്റസി രൂപമാക്കി വീര്യംകൂട്ടാൻ വേണ്ടി ketamine, cocaine, ephredine, caffeine എന്നീ രാസവസ്തുക്കൾ ചേർത്താണ് ഇന്ന് വിപണിയിൽ എത്തുന്നത്.
കാണുന്നവരെ അശ്രദ്ധമാക്കാൻ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ചു വിടാൻ കഴിവുള്ള രൂപത്തിൽ വിദ്യാർത്ഥികൾ ഉപയോഗിച്ചു വരുന്ന മറ്റൊരു മയക്കുമരുന്നാണ് LSD (Lysergic acid diethylamide) ബുക്കിലും മറ്റും ഒട്ടിക്കുന്ന സ്മൈലി പോലുള്ള സ്റ്റിക്കറുകളുടെ രൂപത്തിലാണ് ഇത് വിപണിയിൽ എത്തുന്നത്. ഇതുകൂടാതെ ഗുളിക, സൊല്യൂഷൻ, ജെൽ മുതലായ രൂപങ്ങളിലും ഇത് ഇറങ്ങുന്നുണ്ട്. Dropic acid എന്ന പേരിലും LSD അറിയപ്പെടുന്നു. LSD ഉപയോഗിച്ച ഒരാൾ കണ്ണടച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും യാഥാർഥ്യമല്ലാത്ത കാഴ്ചകൾ (hallucinations) കാണുവാൻ തുടങ്ങും. മാത്രമല്ല ശരീരത്തിന്റെ അനുഭവങ്ങൾ ഒന്നും തന്നെ അയാൾ അറിയില്ല. വേദന, മാനസികാസ്വാസ്ഥ്യം, ഉത്കണ്ഠ, ആകുലത എന്നിവയെല്ലാം മറക്കാൻ LSD അയാളെ സഹായിക്കുന്നു. LSD ഉപയോഗിച്ചയാൾ ഇതിന്റെ വീര്യം നിലനിൽക്കുന്ന 30 മിനുട്ട് മുതൽ 12 മണിക്കൂർ വരെ ഒരു സ്വപ്നലോകത്തായിരിക്കും എന്ന് ചുരുക്കം. മെഡിക്കൽ രംഗത്ത് കാൻസർ രോഗികൾക്ക് വേദനയിൽ നിന്നുള്ള താത്കാലിക ശമനത്തിനാണ് LSD ഉപയോഗിച്ചുവരുന്നത്. LSD യുടെ ഒരു സ്റ്റാമ്പിൽ 1 ഗ്രാമിന്റെ 10 ൽ ഒരു ഭാഗം മാത്രമേ അടങ്ങിയിട്ടുള്ളൂ എങ്കിലും അത് ശരീരത്തെ മേല്പറഞ്ഞ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ കഴിവുള്ളവയാണ്. ഈ ഡോസ് അല്ലെങ്കിൽ ഒരു സ്റ്റാമ്പ് തലച്ചോറിനെ ബാധിക്കുകയോ അഡിക്ഷൻ ഉണ്ടാക്കുകയോ ചെയ്യില്ല. എന്നാൽ അക്രമസ്വഭാവം, വിഷാദം മുതലായവ ഉപയോഗിക്കുന്നയാൾ പ്രകടിപ്പിച്ചു തുടങ്ങും. ശരീരത്തിൽ രക്തസമ്മർദ്ധവും താപനിലയും കൂടും. സ്ഥിരമായ ഉപയോഗം തലച്ചോറിനെ ബാധിക്കും. ഒരേസമയം ഒന്നിൽ കൂടുതൽ ഡോസിന്റെ ഉപയോഗം മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇതുമാത്രമല്ല, ഇത്തരത്തിലുള്ള ഹെറോയിൻ, കൊക്കയ്ൻ മുതലായ മറ്റു ലഹരി വസ്തുക്കളും കേരളത്തിൽ ഇപ്പോൾ വിപണനം നടക്കുന്നുണ്ട്. കഞ്ചാവിന്റെ മറ്റിതര മയക്കുമരുന്നുകളുടെയും ഉപയോഗവും വിപണനവും ഒട്ടും കുറവല്ല. ഈ വക വിപണനങ്ങൾ നിയന്ത്രിച്ച് ഇല്ലാതാക്കിയില്ലെങ്കിൽ നാടിന്റെ ഭാവിയെ അത് സാരമായി ബാധിക്കുന്നതാണ്.
എന്തുകൊണ്ട് വിദ്യാർത്ഥികൾ?
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രായം എന്നത് തിരിച്ചറിവിന്റെയും മാനസിക വളർച്ചയുടെയും കാലഘട്ടമാണ്. പ്രത്യേകിച്ച് കൗമാരകാലഘട്ടം. അവർ വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കുന്നതും അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നതും തീരുമാനങ്ങൾ എടുക്കുന്നതും പുതിയത് ശീലിക്കുന്നതും ഈ പ്രായത്തിലാണ്. ഓരോ കാര്യങ്ങളിൽ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നതും ഈ പ്രായത്തിൽ തന്നെ. പുതിയൊരു കാര്യം പരീക്ഷിച്ചു നോക്കാനുള്ള വ്യഗ്രത ഈ പ്രായത്തിൽ കൂടുതലാണ് .
ലഹരിയുടെ കാര്യത്തിലേക്ക് താരതമ്യപ്പെടുത്തി നോക്കുമ്പോൾ പല തെറ്റിദ്ധാരണകൾകൊണ്ടും ലഹരിയിലേക്ക് ഏറ്റവും എളുപ്പം അടുപ്പിക്കാൻ കഴിയുന്നത് വിദ്യാർത്ഥികളെയാണ്. എന്ത് കാര്യവും ചെയ്യാൻ സാഹസപ്പെടുന്ന ഈ പ്രായം ലഹരിമാഫിയകൾ അറിഞ്ഞു മുതലെടുക്കുകയും ചെയ്യുന്നു.
ലഹരി ഉപയോഗത്തിലേക്കുള്ള മറ്റൊരു കാരണമാണ് അവരുടെ ജീവിതവും ജീവിത ചുറ്റുപാടും. വിദ്യാർഥികളുടെ ജീവിതം പല കാരണങ്ങളാൽ സംഘർഷങ്ങൾ നിറഞ്ഞതായിരിക്കും. പരീക്ഷാപ്പേടി, പ്രണയനൈരാശ്യം മുതലായവ കൊണ്ട് അവർക്കുണ്ടാകുന്ന മാനസിക സംഘർഷം തുറന്ന് പറയാനോ കുറക്കുവാനോ ഉള്ള വഴികൾ അവർക്ക് അനിവാര്യമാണ്. അവരുടെ മാതാപിതാക്കൾ അവർക്ക് എന്തും തുറന്നുപറയാൻ പറ്റിയവരാകണം. സൗഹൃദപരമായി അവരുടെ കാര്യങ്ങളെല്ലാം കേട്ട് അതിന് പറയേണ്ട രീതിയിൽ നിർദ്ദേശം കൊടുക്കുന്ന മാതാപിതാക്കളല്ലെങ്കിൽ അവരുടെയുള്ളിൽ സംഘർഷം വർദ്ധിക്കും.
ദാമ്പത്യകലഹം, മാതാപിതാക്കൾക്കിടയിലെ വിവാഹമോചനം, പൂർണ്ണമായി അവരെ നിയന്ത്രണവലയത്തിലാക്കിയുള്ള 'ടോക്സിക് പാരന്റിങ്' മുതലായ സാഹചര്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥി അവന്റെ/അവളുടെ ഭാരം ഇറക്കിവെക്കാൻ മറ്റുവഴികളൊന്നും കാണാതാകുമ്പോൾ അതിനുള്ള വഴി സ്വാഭാവികമായും തേടുന്നു. മാനസികമായി അസ്വസ്ഥത നിറഞ്ഞ ഇത്തരം സാഹചര്യങ്ങളിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാൻ ലഹരിവസ്തുക്കളെ ആശ്രയിക്കുന്നു. ലഹരിവസ്തുക്കളുടെ സുഗമമായ ലഭ്യതയും ഇതിന് ആക്കം കൂട്ടുന്നു.
കൗമാര-യുവത്വ കാലഘട്ടം മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ Hero Worship അഥവാ 'വീരാരാധനയുടെ' കാലഘട്ടം കൂടിയാണ്. സിനിമകൾ ഇതിൽ മുഖ്യപങ്കു വഹിക്കുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ചു നോക്കുമ്പോൾ അവർ കാണുന്ന സിനിമയിലെ നായകൻ പ്രണയനൈരാശ്യമോ വിഷമഘട്ടങ്ങളോ മാനസിക സംഘർഷങ്ങളോ ഉണ്ടായാൽ ലഹരി ഉപയോഗിക്കുന്നു. ഇത് കാണുന്ന വിദ്യാർത്ഥികൾ ഇതേ അവസ്ഥ നേരിടുമ്പോൾ ഇത് അനുകരിക്കുന്നു. അങ്ങനെ പതിയെ ലഹരിക്കടിമകളാകുന്നു. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് സിനിമയിലെ ഇത്തരം രംഗങ്ങളും ഘടകമാണെന്ന് നിരസിക്കാനാവില്ല.
മോചനം സാധ്യമോ?
സമൂഹത്തിൽ അധികമാളുകളിലും നിലനിൽക്കുന്ന തെറ്റിദ്ധാരണയാണ് ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുകയില്ല എന്നത്. ഇത് തീർച്ചയായും തെറ്റാണ്. ലഹരിക്കടിമപ്പെട്ടവരെ വിദഗ്ധ ചികിത്സകളിയലൂടെ പൂർണ്ണമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാവുന്നതാണ്. സംസ്ഥാനത്ത് ലഹരി വർജ്ജന മിഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഡീഅഡിക്ഷൻ സെന്ററുകളുടെ സഹായം ലഭ്യമാണ്. പോലീസ്/എക്സൈസ് വകുപ്പിന്റെ 'നേർവഴി' പദ്ധതിയിൽ ലഹരി ഉപയോഗം മൂലം വിദ്യാർത്ഥികളിൽ സ്വഭാവമാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാട്ട്സാപ്പ്/ഫോൺ വഴി എക്സൈസ് വകുപ്പിനെ അറിയിക്കാനുള്ള സൗകര്യവുമുണ്ട്. ഡീ അഡിക്ഷൻ സെന്ററിലെ ഫലപ്രദമായ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധിപേർ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ആദ്യമായി വീട്ടിൽ നിന്നുതന്നെ മാനസിക പിന്തുണയും കരുതലും കൊടുത്തു വളർത്തുന്ന ഒരു കുട്ടിയും ലഹരി എന്നൊരു ഓപ്ഷനിലേക്ക് തിരിയില്ല. നാളെയുടെ വാഗ്ദാനവും പ്രതീക്ഷയുമായ വിദ്യാർത്ഥി സമൂഹത്തെ സംരക്ഷിക്കുകയെന്നത് രാജ്യത്തെ ഓരോരുത്തരുടെയും കടമയാണ്.
