പ്രണയം : ഒരു താത്വികാവലോകനം

The Line

 


വിരസമായ പ്രണയനാളുകൾ വീറുറ്റതാക്കാൻ പ്രണയം തുറന്നുപറഞ്ഞിട്ടില്ലാത്ത ഭാജനം ഒരു ശ്രമം നടത്തി. മറുപടിക്കത്തുവന്നു. വരികളിങ്ങനെ,


പ്രിയപ്പെട്ട പ്രേയസ്സി,

               കത്തു കിട്ടി, ഒരു നിലാവെളിച്ചമായിരുന്നു ഇന്ന്. ഉരുണ്ടുരുണ്ട്‌ വാടാർമല്ലി കണക്കെയുള്ള വരികൾ അമ്പിളിയെനിക്കു വായിച്ചുതന്നു. ഞാൻ അക്ഷരത്തിൽ ലയിച്ചങ്ങനെ കിനാവു കണ്ടു തുടങ്ങി. തെക്കെപുറത്തെ ചെമ്പകമരത്തിൽ നമ്മളിങ്ങനെ കൂടുകൂട്ടുന്നു. ഷാജഹാന്റെയും മുംതാസിന്റെയും 'പരിശുദ്ധ പ്രണയകഥ' എനിക്ക് നീ പറഞ്ഞു തരുന്നു. കേട്ടിട്ടും കേട്ടിട്ടും കേൾകാത്ത കഥപോലെ ഞാനത് കേട്ടങ്ങിരിക്കുന്നു. നിനക്കുവേണ്ടി ഞാൻ കൊട്ടാരം പണിയുന്നു. അതിന് ഞാൻ 'മുംതാസ്മഹൽ' എന്ന് പേരിടുന്നു. കിളികൾ നമുക്കുചുറ്റും നൃത്തംവെക്കുന്നു പ്രണയഗീതം ആലപിക്കുന്നു. അതിൽ മതിമറന്ന് മതിമറന്നങ്ങനെ നീയും ഞാനും ഒന്നായ പോലെ. പ്രേമപരവശനായ ഞാൻ മോഹാലസ്യനായി മരത്തിൽ നിന്നു നിലംപതിക്കുന്നു. ഒരുറക്കത്തിൽ നിന്നെഴുന്നേറ്റ പ്രതീതി. ചുറ്റും ഞാനൊന്നു നോക്കി. നിലാവും അമ്പിളിയും അവിടെത്തന്നെയുണ്ട് കത്തെന്റെ കയ്യിലും.

കത്തു ഞാൻ തിരിച്ചും മറിച്ചും നോക്കി. ചെയ്തു തീർക്കാത്ത ചെയ്യാനേറെയുള്ള ഒരുപാടു കാര്യങ്ങളെ ഞാനൊന്നു സ്മരിച്ചു. നിനക്ക് ഭാവിയുണ്ട്. നല്ല രചനാവഴക്കം. നന്ദിയുണ്ട് ഈ സ്‌നേഹത്തിന്. സ്നേഹിക്കപ്പെടുക എന്നത് അനിതരസാധാരണയായ ഒരു ഭാഗ്യമല്ല. നിരുപാധികം സ്നേഹിക്കപ്പെടുക കുഞ്ഞുങ്ങളും നാരികളുമാണെന്ന നടപ്പുശീലമുള്ള നമ്മുടെ ലോകത്ത് ഞാൻ വ്യത്യസ്തനാവുന്നത് നിന്റെ സ്നേഹം എനിക്ക് നൽകുന്ന അംഗീകാരമാണെന്ന് കരുതുന്നു. പ്രണയം കിനാവുപോലെതന്നെയുള്ള മിഥ്യയാണ്. എനിക്കു ഭയമാണ് സ്നേഹിക്കാൻ സ്നേഹിക്കപ്പെടാൻ മുറിവിൽ ഉപ്പു പുരട്ടാൻ. ചെയ്തുതീർക്കാനേറെയുണ്ട്. നീ എന്നെ സ്നേഹിക്കുന്നു ഞാൻ എന്നെ സ്നേഹിക്കുന്നില്ലെങ്കിലോ?


സ്നേഹത്തിനു നന്ദി,

കടപ്പാട്,

ഓർമ്മയിലുണ്ടാവും. എന്നും എപ്പോഴും 

(ഒപ്പ്‌)