ആളറിയാത്തൊരാൾ

The Line

 


തെരുവിൽ പുഴുത്തു മരിച്ച ആളറിയാത്തൊരാളെ- കുറിച്ചായിരുന്നു അന്നത്തെ ചർച്ച 


അതുവഴി മൂക്ക് പൊത്തിപോയവർ തൂവാല കൊണ്ട് മുഖം മറച്ചവർ 

അറപ്പിനാൽ വെറുപ്പോടെ 

ജഡത്തിന് ചാരെ തുപ്പിയവർ


എല്ലാവരുടെയും അനുമാനകോണുകൾ മരിച്ച മനുഷ്യന്റെ വ്രണത്തിലെ മെല്ലെയനങ്ങുന്ന പുഴുവിനെപ്പോലെ കോർത്തിണക്കപ്പെട്ടു 


' പട്ടിണി കിടന്നു മരിച്ചതാണോ? '

ആരും നോക്കാനില്ലായിരുന്നു  അണ്ണനാ?

കയ്യിൽ കാശുണ്ടായിരുന്നു ' 


മരിച്ചോരാളുടെ പിന്നാമ്പുറം കീറിപ്പറിച്ച്, കവലയിലെ ചർച്ചയിൽ പോസ്റ്റ്മോർട്ടകുറിപ്പ് തയ്യാറാക്കപ്പെടുകയാണ് 


ആളറിയാത്തവന്റെ മൃതദേഹം 

ആളോളം അഭിപ്രായങ്ങളിൽ

അളന്നു മുറിക്കപ്പെടുമ്പോൾ പാതി കീറിപ്പോയ തിരിച്ചറിയൽ രേഖയിൽ

ചിരിക്കുന്ന മുഖത്തിന്റെ ഒരംശം കണ്ടെത്തി 


പോലീസ് വന്നു. പഞ്ചായത്തുകാർ വന്നു. 

മൂടിപ്പുതപ്പിച്ച് 

ആത്മാവ് നഷ്ടപ്പെട്ട ആളറിയാത്ത ദേഹം 

ശ്മശാന പറമ്പിലേക്ക് എടുപ്പിച്ചു. 

ആളെയറിയുമോ? 

ആർക്കാർക്കുമറിയില്ല. 

പേരില്ല 

ഊരില്ല 

എല്ലാം പാതി നഷ്ടപ്പെട്ടവൻ 

അതത്രയും അറിയാം ' 


ചത്തവൻ ചത്തെന്ന് ' ആരോ വിളിച്ചു പറഞ്ഞു