പതിവിലും നേരത്തേ വീടിനു മുന്നിൽ നിന്നുള്ള നിലവിളി കേട്ടാണ് രമേശ് ഉണരുന്നത്.
ഓലമേഞ്ഞ കുടിലിനുള്ളിൽ തുണികൊണ്ടു മറച്ച വാതിൽ തുറന്ന് രമേഷ് പുറത്തേക്കിറങ്ങി. ഉദയസൂര്യന്റെ നിലാവെളിച്ചം മുഖത്തടിച്ച അയാൾ ഒരു ചെറുപുഞ്ചിരിയോടെ തന്റെ കൈകൊണ്ട് അതിനെ മറച്ചു പിടിച്ചു. ആ നിമിഷം കറുത്ത തൊലി നിറമുള്ള അദ്ദേഹത്തെ സൂര്യനോളം പ്രശോഭിതമായി അനുഭവപ്പെട്ടു.
" രമേശാ ..... സുകുവിന്റെ അച്ഛന് തീരെ സുഖമില്ല എത്രയും പെട്ടെന്ന് ആസ്പത്രിയിൽ കൊണ്ടുപോകണം."
വീടിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു.ഇതു കേട്ട രമേശിന്റെ മുഖം ദുഃഖത്താൽ നിറഞ്ഞു .
" ഞാനിതാ വരുന്നു."
ഒരു തോർത്ത് മുണ്ടും തലയിൽ ചുറ്റി തന്റെ സൈക്കിളും എടുത്ത് രമേശ് സുകുവിന്റെ വീട്ടിലേക്ക് പോയി.
പണ്ട് സ്കൂൾ മുറ്റത്ത് അമ്മയെ കാണാതെ കരഞ്ഞ തനിക്ക് ഐസ്ക്രീം വാങ്ങി നൽകിയ കൂലിപ്പണിക്കാരൻ ചന്ദ്രന്റെ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. വാർദ്ധക്യത്തിന്റെ പോരായ്മകളെ അതിജീവിച്ച് വലുപ്പമേറിയ കല്ലുകൾ തലയിലേന്തിയ ചന്ദ്രൻ ഇപ്പൊ ഇതാ രോഗത്തിന് കീഴ്പ്പെട്ടിയിരിക്കുന്നു.
ചന്ദ്രനെയും എടുത്തുകൊണ്ടുവരുന്ന ജനക്കൂട്ടത്തിന്റെ മുന്നിൽ രമേശൻ സൈക്കിൾ തിരിച്ചുനിർത്തി. സൈക്കിളിന്റെ മുന്നിലെ ഇരുമ്പ് പെട്ടിയിൽ ചന്ദ്രനെ കിടത്തുമ്പോൾ അയാൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഇതുകണ്ട രമേശ് തന്റെ തോർത്തുമുണ്ട് പെട്ടിയിൽ വിരിച്ച് അതിനുമുകളിൽ അയാളെ കിടത്തി.
രമേശ് സൈക്കിൾ ചവിട്ടിത്തുടങ്ങി ജനങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു. എല്ലാവരുടെയും മുഖത്ത് ദുഃഖം തളംകെട്ടിനിൽക്കുന്നുണ്ടായിരുന്നു. രമേശ് ആവുന്നത്ര വേഗത്തിൽ , തന്റെ കഴിവിന്റെ പരമാവധി പൂർണ ശക്തിയിൽ സൈക്കിൾ മുന്നോട്ട് ചവിട്ടി .ചന്ദ്രൻ അപ്പോഴും വേദന കൊണ്ട് മുരളുന്നുണ്ടായിരുന്നു .ഇതു കണ്ട രമേശിന്റെ മുഖം പിന്നെയും വാടി.
ആശുപത്രിയിലേക്കുള്ള വഴിയിൽ എട്ടാം വളവിലെ കയറ്റത്തിൽ എത്തിയ ഐസ്ക്രീം കച്ചവടക്കാരൻ മണിയടിച്ചു. എവിടെ നിന്നെന്നറിയാതെ സ്കൂൾ കുട്ടികൾ അദ്ദേഹത്തെ വളഞ്ഞു. അവർ ആവേശത്തോടെ ഐസ്ക്രീം കച്ചവടക്കാരന്റെ സൈക്കിൾ തള്ളാൻ തുടങ്ങി. കയറ്റത്തിന്റെ പകുതിയിൽ എത്തിയപ്പോഴാണ് രമേശ് താഴെ സൈക്കിളുമായി നിൽക്കുന്നത് കണ്ടത് .സൈക്കിൾ തള്ളാൻ ആരെങ്കിയെലുമൊക്കെ വേണം. രമേശ് ചുറ്റും നോക്കി. രമേശിന്റെ നിസ്സഹായത നിറഞ്ഞ മുഖം കണ്ട ഐസ്ക്രീം കച്ചവടക്കാരൻ കുട്ടികളോട് ഇങ്ങനെ പറഞ്ഞു.
"നിങ്ങൾക്ക് ഇന്ന് ഓരോ ഐസ്ക്രീം മുഴുവനായും തരാം. നിങ്ങൾ ആ സൈക്കിൾ ഈ കയറ്റം തള്ളിക്കയറ്റുമോ".
തങ്ങളെക്കൊണ്ട് പറ്റില്ലെന്ന് അറിയാമായിരുന്നിട്ടും ചെറുപ്പത്തിന്റെ ആവേശവും ഐസ്ക്രീമിനോടുള്ള കൊതിയും കാരണം കുട്ടികൾ അത് സന്തോഷപൂർവ്വം സ്വീകരിച്ചു. കച്ചവടക്കാരനും കുട്ടികളും കൂടി സൈക്കിൾ തള്ളി കയറ്റത്തിന് മുകളിലെത്തിച്ചു . ആവേശത്തിനുവേണ്ടി രമേശ് ഇടയ്ക്കിടെ ഏലസ വിളിക്കുന്നുണ്ടായിരുന്നു. കുട്ടികൾ അത് ഏറ്റു വിളിച്ചു. മുകളിലെത്തിയ ശേഷം കച്ചവടക്കാരൻ കുട്ടികൾക്ക് ഓരോ ഐസ്ക്രീം വീതം നൽകി അവരെ സ്കൂളിലേക്ക് യാത്രയാക്കി. ചന്ദ്രൻ വേദനയുടെ കാഠിന്യത്താൽ സൈക്കിളിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചു. കുറച്ചുനേരത്തിനുള്ളിൽ അവർ ഓലയും തുണിയും കൊണ്ട് മറച്ച ആശുപത്രിയിൽ എത്തിചേർന്നു. എന്നാൽ അപ്പോഴേക്കും ചന്ദ്രന്റെ ജീവൻ ഇഹലോകം വെടിഞ്ഞിരുന്നു .രമേശ് ചെറുപ്പത്തിൽ തന്നെ വാരിപ്പുണർന്ന ആ തണുത്ത ശരീരത്തെ തന്റെ കൈകൾകൊണ്ടു വാരിയെടുത്തു .തന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴാൻ തുടങ്ങി. ആകാശത്തിലെ കാർമേഘങ്ങൾ തന്റെ മേൽ ഇടിഞ്ഞു വീഴുന്നതായി രമേശിന് അനുഭവപ്പെട്ടു.
