സംസ്ഥാനമാകെ ആശങ്ക വിതച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം ഒരു ഉൾകൊള്ളലാകണം. പന്ത്രണ്ട് ദിവസത്തോളം അണയാതെ നിന്ന് 4.5 ലക്ഷം ടൺ മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു കൊണ്ട് നാടിന്റെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരത്തു നിന്നും നമ്മൾ പാഠം ഉൾക്കൊള്ളണം : ആവർത്തിക്കരുത് ഈ ദുരന്തം,
കത്തിയമരാൻ പാകത്തിന് സംസ്ഥാനം ആകെ ഇത്തരം മാലിന്യ മലകൾ മിക്ക നഗരസഭകളിലും സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ അവയുടെ ഉയരം അനുദിനം കൂടുമ്പോൾ കൊച്ചിയുടെ ബ്രഹ്മപുരം പാഠം വലിയൊരു ഓർമ്മപ്പെടുത്തലാണ്.
ആദ്യമായല്ല ബ്രഹ്മപുരത്തെ മാലിന്യ കൂനകൾക്ക് തീപിടിക്കുന്നത് .മുമ്പ് തീ പടർന്ന് പുകഉയർന്നപ്പോൾ ഇത്രയും വലിയ പ്രയാസമുണ്ടായില്ലെന്നു മാത്രം.തീ കെടുത്താനും പുക ശമിപ്പിക്കാനും ഇത്രയും സമയം എടുത്തിരുന്നില്ല. മാലിന്യനിർമ്മാജനത്തിൽ കേരളത്തിന്റെ മഹിമ ലോകത്തെ അറിയിച്ചതിന് ഉദാഹരണങ്ങൾ ഞെളിയൻപറമ്പ് ,ലാലൂർ ,വിളപ്പിൽ ശാല ,പെട്ടിപ്പാലം തുടങ്ങിയ പല പേരുകളിലായി നമ്മുടെ മുന്നിലുണ്ട് . ജീർണിക്കുന്നതും അല്ലാത്തതുമായ നഗരാവശിഷ്ടങ്ങൾ തള്ളാനുള്ള ഇടങ്ങളായി ഭരണകൂടങ്ങൾ തീരുമാനിച്ച സ്ഥലങ്ങൾ മാലിന്യ കൂനകൾ അടുത്തുള്ള ജലസ്രോതസ്സുകളെ മലിനമാക്കി, ജനങ്ങളുടെ ജീവിതം ദുർഗന്ധപൂരിതവും ദുസ്സഹനവും ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പ്രദേശവാസികൾ സമരത്തിലിറങ്ങിയതും, അതിനെ അടിച്ചൊതുക്കി മാലിന്യ നിക്ഷേപം തുടരാൻ അനുമതി കൊടുത്തതും ഈ പ്രദേശങ്ങളെല്ലാം സംഘർഷഭരിതമാക്കിയിരുന്നു.ആ പട്ടികയിലേക്ക് വൈകി സ്ഥാനം പിടിച്ച പേരാണ് ബ്രഹ്മപുരം . നഗരവൽക്കരണവേഗത്തിന്റെ തോതിനെ കുറിച്ച് ധാരണയില്ലാത്ത അവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യംസംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുക എന്നത് , നഗരം വികസിക്കുന്നതിനൊപ്പം സംഭവിക്കേണ്ടതാണ് .ലഭ്യമാകുന്ന എല്ലാ സ്ഥലത്തും വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മാണത്തിന് അനുമതി കൊടുക്കുമ്പോൾ അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം സംസ്കരിക്കാൻ വഴി ഉണ്ടാക്കണം എന്ന് വ്യവസ്ഥ വെക്കാതെ പ്രവർത്തിച്ചതിന്റെ ഫലമാണിത്. മാലിന്യ സംസ്കരണത്തിന് സംവിധാനം ഇല്ലാത്ത നഗരവികസനമാണ് ബ്രഹ്മ പുരത്തെദുരന്തം ഉണ്ടാക്കിയത്. അതങ്ങനെ മനസ്സിലാക്കുന്നതിന് പകരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുകയാണ് മോദിയും അമിത് ഷായും ബിജെപിയും . ആ അവസരം അവർക്ക് നൽകാതെ നോക്കേണ്ടതിന് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്കും പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ട് .ഭരണത്തിന്റെ നല്ല നടപ്പ് ഉറപ്പിക്കാൻ പാകത്തിന് പ്രവർത്തിച്ച് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴി സുഗമമാക്കാൻ നിക്കേണ്ട ഐക്യമുന്നണിക്കും.അതുകൊണ്ട് ഞെളിയൻപറമ്പ് മുതൽ ബ്രഹ്മപുരം വരെയുള്ളവയെ സൃഷ്ടിക്കുന്ന പതിവ് അവസാനിപ്പിക്കാൻ പാകത്തിലുള്ള ആലോചനകളും തീരുമാനങ്ങളും ആണ് വേണ്ടത് . മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനെ കുറിച്ചത് , അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ഒക്കെ സംസാരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി .20 വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം വിലപ്പിൻ ശാലയിൽ ആരംഭിച്ചത് ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനമായിരുന്നു അതിന്റെ പരാജയത്തിൽ നിന്നാണ് ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പദ്ധതി തുടങ്ങുന്നത് . സംസ്കരിച്ച് ഊർജ്ജമാക്കി മാറ്റാനുള്ള വലിയ പദ്ധതിയെക്കുറിച്ച് അടുത്തകാലത്ത് വലിയ പ്രഖ്യാപനം ഉണ്ടായി , അത്തരമൊരു പദ്ധതി വന്നാൽ അതിൻറെ പ്രവർത്തനത്തിന് വേണ്ടത്ര മാലിന്യം നൽകാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നിവരെ ചിന്തിച്ചവരുണ്ട് .ബ്രഹ്മപുരത്തെ പുകക്കു ശേഷം ഉറവിടത്തിലെ സംസ്കരണവും മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കലും വീണ്ടും സജീവ നിർദ്ദേശം ആവുകയാണ് , കുടുംബശ്രീയിൽ ഉള്ള ഹരിത കർമ്മ സേന സംസ്ഥാനം എമ്പാടും മാലിന്യത്തിന്റെ ശേഖരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട് . വായുമലിനീകരണത്തിന് പിന്നാലെ ബ്രഹ്മപുരം തീപിടുത്തം മൂലം ജലത്തിൽ വൻതോതിൽ രാസ മാലിന്യങ്ങൾ കലരാൻ സാധ്യതയുണ്ട് . പ്ലാസ്റ്റിക് കത്തിയ ചാരത്തിന്റെ മലകളാണ് ബ്രഹ്മപുരതുള്ളത്. മെർക്കുറി ഉൾപ്പെടെ അപകടകാരികളായ ഘനലോഹങ്ങൾ ഉണ്ടാകും .മഴപെയ്യുമ്പോൾ ഈ ചാരം ജലാശയങ്ങളിൽ എത്തും . ഘനലോഹങ്ങളും മറ്റു വിശപദാർത്ഥങ്ങളും എല്ലാം മീനുകളുടെ ശരീരത്തിലെ കൊഴുപ്പിൽ അടിഞ്ഞുകൂടും . ഈ മീനുകൾ നമ്മൾ ഭക്ഷിക്കുന്നത് വഴി ശരീരത്തിലെത്തി, മാറാരോഗങ്ങൾക്ക് കാരണമാകാനിടയുണ്ട്.
മാലിന്യനിർമാർജന പദ്ധതികൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും, ബ്രഹ്മപുരമായി കുന്നുകൂടാതെയും കത്തിപ്പൂകയാതെയും സംസ്കരിക്കപ്പെടുകയുമാണ് വേണ്ടത് . അതിൽ പ്രാദേശിക സംസ്ഥാന ഭരണകൂടങ്ങൾക്ക് വലിയ പങ്കുണ്ട് ഒരുപക്ഷേ അതിലും വലിയ പങ്ക് മാലിന്യങ്ങളുടെ ഉൽപാദകരായ നമ്മൾക്കാണ്.
