ഈ സ്വാതന്ത്ര്യം ആരുടേത് ?
1498-ൽ വാസ്കോഡഗാമ കോഴിക്കോട് കാലുകുത്തിയത് മുതൽ 1947-ൽ അവസാനത്തെ ബ്രിട്ടീഷുകാരനും ഇന്ത്യ വിട്ടു പോകുന്നത് വരെയുള്ള നീണ്ട 450 വർഷത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇന്ത്യയുടേത്. പോർച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും ഇന്ത്യയെ കോളനിവത്ക്കരിക്കുകയും രാജ്യത്ത് അധിനിവേശം നടത്തി വർഗ്ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കുകയും വിഭവങ്ങൾ ഊറ്റിയെടുത്ത് നമ്മെ കൊള്ളയടിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അധിനിവേശ ശക്തികളുടെ അന്ത്യമില്ലാ പീഡനങ്ങൾക്ക് ഇരയായികൊണ്ടിരിക്കുന്ന സമയത്ത്, ഇംഗിതത്തിന് വിധേയപ്പെടാൻ നിർബന്ധിതരായിരുന്ന കാലത്ത്, രാജ്യത്തെ സന്ധിയില്ലാ വിപ്ലവത്തിലൂടെയും പോരാട്ടത്തിലൂടെയും സർവ്വവും സമർപ്പിച്ച് രാജ്യത്തെ മോചിപ്പിച്ച ധീര ദേശാഭിമാനികളെ ഓർത്തു കൊണ്ടല്ലാതെ ഒരു സ്വാതന്ത്ര്യദിനവും കടന്നു പോവില്ല.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സകലതും സമർപ്പിച്ച ദേശാഭിമാനികളായ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾ , ജാതി മത പ്രായ ഭേദമന്യേ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആളുകൾ രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി നിരന്തരം പോരാടി. മമ്പുറം തങ്ങൾ മാരും, സൈനുദ്ദീൻ മഖ്ദൂമുമാരും,വാരിയൻ കുന്നനും, അലി സഹോദരന്മാരുടെയും ഭഗത് സിംഗിന്റെയുമൊക്കെ നേതൃത്വത്തിലുള്ള ന്യൂനപക്ഷങ്ങളാണ് രാജ്യത്തെ കാർന്നു തിന്നാൻ എത്തിയിട്ടുള്ള വൈദേശിക കാട്ടാളന്മാരുടെ കയ്യിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയും പടുത്തുയർത്തിയിട്ടുള്ളതും എങ്ങനയാണെന്ന് ചരിത്രത്തിൽ വായിക്കാവുന്നതാണ് . ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പട നയിച്ച് രക്തസാക്ഷികൾ ആയിട്ടുള്ള ബീഗം ഹസ്രത്ത് മഹൽ അടക്കം വരുന്ന 255 ധീര സഹോദരിമാരെ നമുക്കറിയാം. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഫത്തുവകൾ നൽകിയിട്ടുള്ള പണ്ഡിതന്മാരെയും ഗ്രന്ഥ രചനകൾ നടത്തിയിട്ടുള്ള സൈനുദ്ദീൻ മഖ്ദൂമാരെയും അനീതി നിയമമാകുന്ന മലബാറിൽ നീതിയുടെ സമാന്തരഭരണകൂടം സ്ഥാപിച്ച വാര്യൻ കുന്നനെയും നമ്മൾ വായിച്ചിട്ടുള്ളതാണ്. ഇങ്ങനെ ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ ന്യൂനപക്ഷങ്ങളുടെ പങ്ക് വിശിഷ്യാ മുസ്ലീങ്ങളുടെ പങ്ക് ഭീമമാണ് .
76-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വർത്തമാന ഇന്ത്യ വളരെയധികം പ്രതിസന്ധിയിലാണ്, വലിയ വിപത്തിലാണ് . സ്വാതന്ത്ര സമരത്തിന് ഒരു വളർത്തു പട്ടിയെ പോലും സംഭാവന ചെയ്യാത്തവർ, രാജ്യത്തെ ഒറ്റുകൊടുത്തവർ , വെള്ളക്കാരന്റെ ഷൂ നക്കിയവർ , രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നവർ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമര പോരാളികളെ ചരിത്രത്തിൽ നിന്ന് വെട്ടി മാറ്റുകയും സവർക്കറെ പോലെയുള്ള ഭീരുക്കളെ വീരന്മാരാക്കാൻ പണിപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനം പകൽപോലെ വ്യക്തമാണ്.ഈ കാലഘട്ടത്തിൽ മുമ്പുണ്ടായിരുന്നത് പോലെയുള്ള വർഗ്ഗീയ വിഭജനങ്ങൾ രാജ്യത്ത് അരങ്ങേറികൊണ്ടിരിക്കുന്നു . അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് മണിപ്പൂരും, ഹരിയാനയും. ഒരു സംസ്ഥാനം മുഴുവൻ നിന്ന് കത്തിയിട്ടും ഉത്തരവാദിത്തപ്പെട്ടവർ അന്ധത നടിച്ചു കൊണ്ടിരിക്കുന്നു . ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല, ബാബരി ധ്വംസനവും, ഗുജറാത്തും, മീററ്റും, സൂറത്തും തുടങ്ങിയിട്ടുള്ള ആയിരക്കണക്കിന് കലാപങ്ങളും, പൗരത്വ ബില്ലു പോലുള്ള ജനദ്രോഹ നിയമങ്ങളും ഹിന്ദുരാഷ്ട്ര നിർമാണത്തിലേക്കുള്ള കൃത്ത്യമായ അജണ്ടയുടെ ഭാഗമാണ്.
ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് തെരുവിൽ ആക്രമിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമുണ്ട് ഈ സ്വതന്ത്ര ഇന്ത്യയിൽ .ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വിലക്കപ്പെട്ടവരും ഏറെയാണ് . ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വിലക്കപ്പെട്ട സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത് കടന്നു പോയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവർത്തനവും പ്രവർത്തകരും ഇന്ത്യയിൽ വീർപ്പുമുട്ടിക്കൊണ്ടിരിക്കുകയാണ് . മാധ്യമ സ്വാതന്ത്ര്യത്തിൽ 180 രാജ്യങ്ങളിൽ 161ാം സ്ഥാനമാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി തെരുവിൽ നടത്തിച്ച വാർത്ത പുറം ലോകമറിയാൻ രണ്ടുമാസത്തോളം എടുത്തത്.
ബി. ജെ. പി ഭരിക്കുന്ന ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്വാതന്ത്രമാണ് ലഭിച്ചിട്ടുള്ളത്, ആക്രമിക്കാനും, പള്ളികൾ പൊളിക്കാനും, ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചിട്ടുള്ളത്..
ചരിത്രത്തിലെ നിലം പതിച്ച എല്ലാ സ്വേച്ഛാതിപതികളും ഉദാഹരണങ്ങളാണ്.
വ്യക്തമായ സമരങ്ങളിലൂടെയാണ് എല്ലാ രാജ്യവും സ്വാതന്ത്ര്യം രുചിക്കുന്നത്.
സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത രീതിയിലുള്ള ഒരു തകർച്ച ഫാഷിസം ഏറ്റുവാങ്ങും . വിഭവങ്ങളെ ഊറ്റിയെടുക്കാൻ എത്തിയിട്ടുള്ള അധിനിവേശ വൈദേശിക ശക്തികളോട് എത്തരത്തിലാണോ നമ്മുടെ പൂർവ്വികർ പ്രതികരിച്ചത് അതുപോലെതന്നെ രാജ്യത്തെ കാർന്നു തിന്നുന്ന സംഘപരിവാർ ബ്രാഹ്മണിക്കൽ പ്രത്യശാസ്ത്രത്തിനോടും ഇന്ത്യൻ ജനത പ്രതികരിക്കും . ഹിന്ദുവിനും, മുസൽമാനും,ക്രൈസ്തവനും ചേർന്ന് നിർഭയത്വത്തോടുകൂടിയുള്ള ജീവിതം നയിക്കാൻ സാധിക്കുന്ന ഒരു രാജ്യത്തിനുവേണ്ടി നമുക്ക് കൈ കോർക്കാം.ഇന്ത്യ ആരുടേയും കുത്തകയല്ല!!! ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് നിന്ന് പൊരുതി നേടിയതാണ് ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യം.