പൂക്കോട്ടൂർ മാപ്പിള യുദ്ധം

The Line
1921 ആഗസ്‌ത്‌ 26ന് വെള്ളിയാഴ്ച നടന്ന പൂക്കോട്ടൂർ യുദ്ധം,ഇന്ത്യൻ സ്വാതന്ത്ര്യസമര ഗാഥയിലെ തുടിക്കുന്ന അധ്യായം. 1921ലെ മലബാർ വിപ്ലവ സമരങ്ങളുടെ പോരാട്ടഭൂമികളിലൊന്നായ പൂക്കോട്ടൂരിൽ സർവ്വ സന്നാഹങ്ങളുമായി വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരുത്തരായ സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.  

ടോട്ടോഹാം തന്റെ മാപ്പിള റിബല്യന്‍ എന്ന ഗ്രന്ഥത്തില്‍ പൂക്കോട്ടൂര്‍ ബാറ്റില്‍ (Pookkottoor Battle) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.
മഞ്ചേരിയിൽ നിന്നും 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് പൂക്കോട്ടൂര്‍ പ്രദേശം.

ഇന്ത്യയിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം നടന്ന ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യപോരാട്ടമാണ് 1921 എന്ന് നിസ്സംശയം പറയാം.

 ജന്മനാടിന്റെ മോചനത്തിനായി നെഞ്ചൂക്കോടെ അണിചേർന്നവരുടെ വീര്യത്തിനു മുൻപിൽ വെള്ളപ്പട്ടാളം വിറച്ചു പോയി. ലഹളയെന്നും കലാപമെന്നും വിളിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ നിസ്സാരവൽക്കരിക്കാറുള്ള ബ്രിട്ടീഷുക്കാർക്ക് പൂക്കോട്ടൂർ സമര പോരാട്ടത്തെ യുദ്ധം എന്ന് തന്നെ വിളിക്കേണ്ടി വന്നു. 
 
തുര്‍ക്കിയെ ബ്രിട്ടന്‍ ആക്രമിച്ചതോടെ ലോകത്താകമാനമുള്ള മുസ്ലിംകള്‍ ബ്രിട്ടനെതിരായി മാറി. അലി സഹോദരന്‍മാര്‍ ഇന്ത്യയിലും ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പൂക്കോട്ടുരിലും അതിന്റെ അലയൊലികളുണ്ടായി. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ നേതൃത്വം നല്‍കിയത്‌. 1920 ജൂണ്‍ 14 ന്‌ കോഴിക്കോട്‌ നടന്ന ഖിലാഫത്ത്‌ സമ്മേളനത്തില്‍ ഗാന്ധിജിയും മൗലാനാ ഷൌക്കത്തലിയും പ്രസംഗിച്ചു.
 

1921 ഓഗസ്റ്റ് 20 ന് കണ്ണൂരില്‍ നിന്നും ഒരു സംഘം ബ്രിട്ടീഷ് പട്ടാളക്കാര്‍ മലപ്പുറത്തേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ ഖിലാഫത്ത് കേന്ദ്ര കമ്മറ്റിയില്‍ നിന്നും പൂക്കോട്ടൂരില്‍ എത്തി . പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ച് നേരിടണമെന്ന് മാപ്പിളമാര്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. 
തങ്ങളെ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളം എത്തുമ്പോൾ മാപ്പിള മുസ്ലിങ്ങള്‍ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയില്‍ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. 

കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെയും, വടക്കുവീട്ടില്‍ മുഹമ്മദിൻ്റെയും നേതൃത്വത്തിൽ മാപ്പിളമാർ യുദ്ധസന്നദ്ധരായി.
 രണ്ടായിരത്തിലധികം ആളുകളുണ്ടായിരുന്നു.പൂക്കോട്ടൂരുകാർക്ക് പുറമേ വെള്ളുവമ്പ്രം, പൊടിയാട്, മേല്‍മുറി ,പുല്ലാര,വീമ്പൂര്‍, ആനക്കയം,പന്തല്ലൂര്‍, പാണ്ടിക്കാട്, പാപ്പിനിപ്പാറ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പാലങ്ങൾ തകർത്തും, റോഡുകളിൽ മരങ്ങൾ മുറിച്ചിട്ടും,കോഴിക്കോട്ടു നിന്ന് മലപ്പുറത്തേക്കുള്ള പട്ടാളവണ്ടികളുടെ വഴി തടസ്സപ്പെടുത്തുന്ന സമരപദ്ധതി മാപ്പിളമാർ നടപ്പിലാക്കി.

 പട്ടാള വണ്ടികൾ മുഴുവൻ റോഡിലിറങ്ങി കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയാൽ മുന്നിലെയും ഏറ്റവും പിന്നിലെയും വണ്ടികൾ വെടിവെച്ചിടാനും വണ്ടികൾ നിൽക്കുന്നതോടെ പട്ടാളക്കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് അവരെ വളഞ്ഞിട്ട് വെടിവച്ചും വെട്ടിയും കൊല്ലാനുമായിരുന്നു പദ്ധതി. ഇതോടൊപ്പം വയലുകളിൽ പലയിടത്തും വലിയ മൺകുടം തുളച്ച് വൈക്കോൽ തുരുമ്പിന് തീ കൊളുത്തി കമിഴ്ത്തി വെക്കാനും പദ്ധതിയിട്ടു.
പുക പൊന്തിവരുന്നത് കണ്ട് പട്ടാളക്കാർ ഇതെന്തോ പൊട്ടിത്തെറി വസ്തുവോ മറ്റോ ആണോ എന്ന് കരുതി മൺകുടത്തിന് വെടിവെക്കുമ്പോൾ അവരുടെ കുറെ തിരകൾ അങ്ങനെ തീർക്കാം എന്നും വിപ്ലവ നേതാക്കൾ കണക്കുകൂട്ടി. ഒരു കാരണവശാലും പട്ടാള വണ്ടികൾ മുഴുവൻ റോഡിൽ ഇറങ്ങി എന്ന് ബോധ്യപ്പെടാതെ വെടിവെക്കരുതെന്ന് മുഹമ്മദ് വീണ്ടും വീണ്ടും ആവർത്തിച്ച് സൈന്യത്തെ പഠിപ്പിച്ചു. ആദ്യം വെടിവയ്ക്കേണ്ടത് ആരാണ് എന്നതും തീരുമാനമായി.

മാപ്പിളമാർ സൃഷ്ടിച്ച വൈതരണികളെ ശ്രമകരമായി മറികടന്ന് മലപ്പുറത്തേക്ക്‌ നീങ്ങിയ ഇരുപതോളം ബ്രിട്ടീഷ്‌ പട്ടാള ലോറികൾ ഓഗസ്റ്റ്‌ 26ന്‌ പൂക്കോട്ടൂരിൽ എത്തിയപ്പോൾ റോഡിനിരുവശവുമുള്ള വയലുകളിലും ഒളിസ്ഥലങ്ങളിലുമായി മാപ്പിളമാർ യുദ്ധത്തിന് തയ്യാറായി. 
എന്നാൽ യുദ്ധതന്ത്രങ്ങൾ ഒന്നും അറിയാതിരുന്ന കുഞ്ഞറമുട്ടി പട്ടാള വാഹനങ്ങളിൽ ഒന്നിന് കണ്ടപാടെ വെടിവച്ചു. ആ സമയം മുഴുവൻ വാഹനങ്ങൾ റോഡിൽ കയറിയിരുന്നില്ല വെടിപൊട്ടിയതും പിറകിൽ തടസ്സമായിരുന്നതിനാൽ വാഹനങ്ങൾ പിന്നോക്കം പോവുകയും ചെയ്തു. കുറച്ചു മാറി ഒരു ഭാഗത്ത് ലോറികൾ നിർത്തി പുറത്തിറങ്ങിയ പട്ടാളക്കാർ ആലോചിച്ചും തന്ത്രപരമായും ആയുധങ്ങൾ ഉപയോഗിക്കാനും എല്ലാം അവർക്ക് സമയം കിട്ടി. പുക ഒട്ടൊന്നടങ്ങിയപ്പോൾ ഏതാനും പട്ടാളക്കാർ നിരായുധരായി ഇറങ്ങിനടന്നു. ഇതൊരു കെണിയായിരുന്നു. യുദ്ധതന്ത്രമെല്ലാം പാളി നിരാശരായി നിൽക്കുന്ന യോദ്ധാക്കൾ ഒളിച്ചിരുന്നിടത്ത് നിന്നും പുറത്തുവന്നു. അവരെ കണ്ടതും പട്ടാളക്കാർ ലോറികൾ നിർത്തിയിടത്തേക്ക് ഓടി. അവരുടെ പിന്നാലെ ഓടിയ യോദ്ധാക്കൾ യന്ത്രത്തോക്കുകൾക്ക് മുന്നിലാണ് ചെന്നുപെട്ടത്. ക്ഷണനേരം കൊണ്ട് നൂറുകണക്കിനാളുകൾ രക്തസാക്ഷികളായി വീണു. പദ്ധതി പാളിയതോടെ 'നഗാറ' മുഴങ്ങി. അതോടെ മുഴുവൻ യോദ്ധാക്കളും നാനാഭാഗത്ത് നിന്നും തക്ബീർ ധ്വനികളോടും മറ്റും വന്നു. പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. ബ്രിട്ടീഷുകാരുടെ ടെലിഗ്രാം സന്ദേശങ്ങളിൽ പറയുന്നത് വിപ്ലവകാരികളുടെ കയ്യിലും പോലീസ് സ്റ്റേഷനുകളിൽ നിന്നും പിടിച്ചെടുത്ത യന്ത്രത്തോക്കുകളും, കൈത്തോക്കുകളും വാളും, കുന്തവും, യുദ്ധക്കത്തികളും എല്ലാം ഉണ്ടായിരുന്നു എന്നാണ്.
ലൂയിസ് ഗൺ, മെഷീൻ ഗൺ, കൈബോംബ്, റൈഫിൾ മുതലായ പരിഷ്കൃതായുധങ്ങളാണ് പട്ടാളം ഉപയോഗിച്ചിരുന്നത്. 25 സൈക്കിളുകളും ഒരു ലോറിയും ഉപേക്ഷിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാർ പൂക്കോട്ടൂരിൽ നിന്നും തിരിച്ചു പോയത്.

പട്ടാളത്തിനെതിരെയുള്ള ഈ യുദ്ധത്തിൽ യുവാക്കൾ ആവേശഭരിതരായിരുന്നു. യുദ്ധത്തിലുള്ള സ്ത്രീകളുടെ പങ്കും പിന്തുണയും വളരെ വലുതാണ്. പൂക്കോട്ടൂരിൽ ആണുങ്ങൾ യുദ്ധത്തിനിറങ്ങിയപ്പോൾ സ്ത്രീകൾ അവർക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് ബദർ പാട്ടുകൾ പാടിയിരുന്നു. പട്ടാളത്തെ നയിച്ച ക്യാപ്റ്റൻ മെക്കാനി, മദ്രാസ് ഗവർണർക്കും സൈനിക ഹെഡ് ക്വാർട്ടേഴ്സിലേക്കും അയച്ച റിപ്പോർട്ടിലും സ്ത്രീകളുടെ സമര പ്രോത്സാഹനത്തെ പറ്റി പറയുന്നുണ്ട്. മാപ്പിള വീടുകളിലെ ഓരോ ഉമ്മമാരും തൻറെ രണ്ടു മക്കളിൽ ഒരു മകനെ യുദ്ധത്തിന് അയച്ചു കൊടുത്തിരുന്നു. ചില വീടുകളിൽ ഉണ്ടായിരുന്ന രണ്ടു മക്കളെയും യുദ്ധത്തിന് അയച്ചുകൊടുത്തിരുന്നു. അറവങ്കരയിലെ മമ്മുട്ടി-തായുമ്മ ദമ്പതിമാരുടെ രണ്ടു മക്കൾ അലവി, മുഹമ്മദ് എന്നിവരെ ചുവന്ന വസ്ത്രം ധരിപ്പിച്ച് വാളുകളുമായി അവസാന ഭക്ഷണവും പ്രാർത്ഥനയും കഴിച്ചാണ് മാതാപിതാക്കൾ യാത്രയാക്കിയത്. ഇതിൽ അലവി രക്തസാക്ഷിയായി മുഹമ്മദ് വെടിയേറ്റു അബോധാവസ്ഥയിൽ ആവുകയാണ് ഉണ്ടായത്. രക്തസാക്ഷിയാവാൻ കഴിയാത്തതിൽ ആ മകനും ഉമ്മയും വ്യാകുലപ്പെടുകയാണുണ്ടായത്. മലബാർ യുദ്ധനായകരുടെ ബന്ധുക്കളെ അഭിമുഖം ചെയ്ത ചരിത്രകാരി പി ഗീതയോട് പൂക്കോട്ടൂർ പടനായകൻ മുഹമ്മദിന്റെ മകൾ പറഞ്ഞത്, മമ്മദ് യുദ്ധത്തിൻറെ തലേന്ന് ഭാര്യയെയും മകളെയും ഭാര്യവീട്ടിൽ കൊണ്ട് ചെന്നാക്കിയിട്ട് *ഇനി മഅശറയിൽ വച്ച് കാണാം* എന്നും പറഞ്ഞാണ് പോയത് എന്നാണ്.

യുദ്ധത്തിൽ പഠനായകൻ വടക്കുവീട്ടിൽ മുഹമ്മദ് കൊല്ലപ്പെട്ടു. എ കെ കോഡൂരിന്റെ വാക്കുകളിൽ പറഞ്ഞാൽ ചുവന്ന തുണിയും തയ്പ്പിച്ചെടുത്ത വെള്ള വസ്ത്രവും ധരിച്ച് അലക്കി വെളുപ്പിച്ച രണ്ടാം മുണ്ട് തോളിൽ മടക്കിയിട്ട് ഈ നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ പൂക്കോട്ടൂരിലെ വയലിലും പറമ്പിലും കുന്നുകളിലും ഉള്ള മണ്ണിൻറെ പശിമയുടെ അളവ് പോലും പഠിച്ചറിഞ്ഞ അവിടുത്തെ തോടും,വരമ്പും, ഇടവഴികളും,ഭൂമിയുടെ സർവ്വേ നമ്പറും, ജന്മിയുടെ പേരും എല്ലാം മനപ്പാഠമായിരുന്ന ഈ മണ്ണിൻറെ പുത്രൻ സാമ്രാജ്യ സർക്കാറിന്റെ പേടിസ്വപ്നമായിരുന്ന മാപ്പിള നേതാവ് പൂക്കോട്ടൂരിന്റെ മണ്ണിൽ വീണു ധീര മരണം വരിച്ചു. യുദ്ധ തന്ത്രങ്ങൾ താൻ മുഖേന തകർന്നതിൽ മനംനൊന്ത കുഞ്ഞറമുട്ടി ധീരമായി പോരാടി തന്റെ തോക്കിലെ തിര തീർന്നപ്പോൾ വാളുമായി വെള്ളപ്പടയുടെ മുൻപിലേക്ക് ചാടി അവരുടെ തീയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിയായി.


മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സഹപ്രവർത്തകനും ദൃക്സാക്ഷിയുമായ മുഹമ്മദ് തന്റെ സ്വാതന്ത്ര്യ സ്മരണകൾ എന്ന പുസ്തകത്തിൽ എഴുതിയത് ഇങ്ങനെയാണ്
"തിരൂരങ്ങാടിയിൽ നടന്ന സംഭവം അറിഞ്ഞ് ഓഗസ്റ്റ് 26ന് ഞാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. നേരെ പാളയത്തുള്ള ഖിലാഫത്ത് ഓഫീസിലേക്ക് നടന്നു അബ്ദുറഹ്മാൻ സാഹിബും, മൊയ്തു മൗലവിയുമൊക്കെ അവിടെയുണ്ടായിരുന്നു. ഞങ്ങൾ സംസാരിച്ചു നിൽക്കെ പൂക്കോട്ടൂർ യുദ്ധത്തിൽ പരിക്കേറ്റവരും,മരിച്ചവരുമായ വെള്ളപ്പട്ടാളക്കാരുമായി പല ലോറികൾ വെസ്റ്റ് ഹില്ലിലേക്ക് ഇരമ്പിപ്പായുന്നത് കണ്ടു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന മുഹമ്മദാജിയുടെ സ്മാരക ഗ്രന്ഥമായി പ്രസിദ്ധീകരിക്കപ്പെട്ട "ചരിത്രം തിളക്കുന്ന പൂക്കോട്ടൂർ "എന്ന ഗ്രന്ഥത്തിൽ പൂക്കോട്ടൂർ യുദ്ധത്തിന്റെ ദൃക്സാക്ഷികളുടെ മൊഴി പ്രസിദ്ധീകരിച്ചതിൽ തോട്ടുങ്ങൽ കുഞ്ഞാലൻകുട്ടി ഇങ്ങനെ പറയുന്നു: ബ്രിട്ടീഷ് പട്ടാളക്കാർ കുറേയേറെ മരണപ്പെട്ടിട്ടുണ്ട്. അവർ സത്യം മറച്ചുവയ്ക്കുകയാണ്. രണ്ട് ബസ് നിറയെ ശവം കേറ്റിക്കൊണ്ടുപോകുന്നത് എല്ലാവരും കണ്ടതാണ്". രണ്ട് ബസ് എന്ന അദ്ദേഹത്തിെൻറ മൊഴി 87 മൃതദേഹങ്ങൾ കൊണ്ടുപോയിരിക്കാമെന്നതിനെ സാധൂകരിക്കാവുന്നതാണ്. 
കാണാതായതായി അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്ന 87 പേർക്ക് പുറമെ മലപ്പുറത്തേക്ക് വരുന്നതിനിടെ കൊല്ലപ്പെട്ട മൂന്നുപേർ ഉൾപ്പെടെ ബ്രിട്ടീഷ് പക്ഷത്ത് 90 പേർ പൂക്കോട്ടൂർ യുദ്ധത്തിൽ മരണപ്പെട്ടതായി അനുമാനിക്കാവുന്നതാണ്.
അഞ്ച് മണിക്കൂറിലധികം നീണ്ട് നിന്ന പോരാട്ടത്തില്‍ നാനൂറോളം തദ്ദേശീയർ രക്ത സാക്ഷികളായി. 
 യുദ്ധശേഷം പ്രദേശത്തെ ആകമാനം നാമാവശേഷമാക്കിയാണ് ബ്രിട്ടീഷ് പട്ടാളം പോയത്. പോരാളികളെ അന്തമാനിലേക്കും,ബെല്ലാരിയിലേക്കും നാടുകടത്തി. ചിലരെ തൂക്കിക്കൊന്നു, ചിലരെ വെടിവെച്ചു കൊന്നു. ചരിത്രയേടുകളിൽ ഇടമില്ലാത്ത പോരാട്ട സ്മരണകളായി അവ നിലകൊള്ളുകയാണിപ്പോഴും. 


യുദ്ധത്തിൽ വിപ്ലവകാരികൾ കൈവരിച്ച ഏറ്റവും വലിയ വിജയം ലങ്കാസ്റ്ററെ വധിച്ചു എന്നതാണ്. യുദ്ധത്തിനിടയിൽ മറ്റൊരു വഴിയിലൂടെ മലപ്പുറത്തേക്ക് തിരിച്ച ലങ്കാസ്റ്ററും 4 ഭടന്മാരും സഞ്ചരിച്ച പോലീസ് വണ്ടി മങ്കരത്തൊടി കുഞ്ഞഹമ്മദ് എന്ന ഭടൻ ബോംബെറിഞ്ഞ് തകർത്തു. വണ്ടിയും അതിലുണ്ടായിരുന്നവരും ഛിന്നഭിന്നമായി. ഇതും നേരത്തെ പ്ലാൻ ചെയ്ത യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു.

എന്തൊക്കെയായാലും ലങ്കാസ്റ്റർ വധവും, പൂക്കോട്ടൂർ യുദ്ധവും സാമ്രാജ്യസർക്കാറിനെ ഞെട്ടിച്ച സംഭവമായിരുന്നു എന്നത് വിസ്മരിക്കാനാവില്ല . " അതിഭയങ്കരമായ ശൂരത മാപ്പിളമാർ ഈ യുദ്ധത്തിൽ കാണിച്ചു" എന്നാണ് ബ്രിട്ടീഷുദ്യോഗസ്ഥന്മാർ പറഞ്ഞത്.

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ പ്രധാന ഊര്‍ജ്ജം പരസ്പര ഐക്യമായിരുന്നു. അത് വരെ സംഘടനയോ സംഘാടനമോ പരിചയിച്ചിട്ടില്ലാത്ത പൂക്കോട്ടൂര്‍ മാപ്പിളമാരില്‍ ഐക്യം രൂപപ്പെട്ടതായിരുന്നു ഇത്തരം പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ വിജയം.

ഒരു ജനതയുടെ ഐതിഹാസികമായ പോര്‍വീര്യത്തിന്റെ ചരിത്രം കനത്ത മൗനത്തിന്റെ ഇരുട്ടിലൂടെ ഇഴഞ്ഞുനീങ്ങുന്നത് ഇനിയെങ്കിലും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്‌. 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്പ് കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.


REFERENCE;

1.യുവത ബുക്ക് ഹൗസ് പുറത്തിറക്കിയ 1921 മലബാർ സമരം പോരാട്ടം,നാടുകൾ നാൾവഴികൾ വാള്യം 2 എന്ന ഗ്രന്ഥം 14 ലേഖകർ അവരുടെ കണ്ടെത്തലുകൾ ആണ്.

2. സുൽത്താൻ വാരിയംകുന്നൻ. റമീസ് മുഹമ്മദ്.
Twohorn Creations.

3. The Malabar Rebellion.
   M.Gangadharan. 
   D C Book's.

4. മലബാർ കലാപം ഒരു പുനർവായന.
   ഡോ. കെ ടി ജലീൽ.
   ചിന്ത പബ്ലിക്കെഷേഴ്‌സ്.

5. മലബാർ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ.
കെ എൻ പണിക്കർ.
D C ബുക്സ്.

6. മലബാർ പഠനങ്ങൾ.
  ഡോ. കെ ഗോപാലൻകുട്ടി.

7. കേരള മുസ്‌ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിൻ്റെ പ്രത്യയശാസ്ത്രം.
കെ ടി ഹുസൈൻ.
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്.