കളത്തിന് പുറത്തെ കാൽപന്ത്: ഫുട്ബോളും രാഷ്ട്രീയവും.

The Line
ലോകത്തിലെ ഏറ്റവും ജനകീയമായ കായിക വിനോദമാണ് ഫുട്ബോൾ. നേരിട്ടൊ അല്ലാതെയോ ലോകത്താകമാനം 500 കോടിയിലധികം ആളുകൾ ഫുട്ബോളിന്റെ ആരാധക വൃന്ദത്തിൽ പെടുന്നു. നാളുകൾ തോറും ഫുട്ബോളിന്റെ ഈ ജനകീയത സ്ഥലപ്രായഭേദമന്യേ വർദ്ധിച്ചുവരുകയാണ്. ഈ കായിക വിനോദത്തിന്റെ ഉത്ഭവത്തെയും, വളർച്ചയെയും, അതിനെ മുഖമാക്കി നടത്തുന്ന പലതരം കളികളെയും കച്ചവടങ്ങളെയും കുറിച്ച് അതിന് അതിന്റേതായ കഥകൾ പറയാനുണ്ട്...

ഫുട്ബോളിന്റെ ഉത്ഭവവും വളർച്ചയും
...............................................................
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന പലതരം കായിക മത്സരങ്ങളിൽ നമുക്ക് ഫുട്ബോളിന്റെ വേരുകൾ കാണാൻ സാധിക്കും. ചൈനയിൽ ഉണ്ടായിരുന്ന 'cuju'വും റോമിൽ നിലനിന്നിരുന്ന 'harpastum' എന്ന മത്സരങ്ങളുമായി ഫുട്ബോളിന് സാമ്യമുണ്ടായിരുന്നു.

മധ്യകാലഘട്ടങ്ങളിൽ ഫുട്ബോളിന്റെ പല രൂപങ്ങളും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായ നിയമങ്ങൾ അനുസരിച്ച് കളിച്ചു വന്നിരുന്നു. ഇംഗ്ലണ്ടിൽ അതിന് മോബ് എന്നാണ് പറഞ്ഞിരുന്നത്. രണ്ട് സംഘങ്ങൾ ഒരു പന്ത് കൈക്കലാക്കാൻ തമ്മിൽ മത്സരിക്കുകയും അതൊരു ലക്ഷ്യസ്ഥാനത്തിൽ എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ രൂപം. ഈ കളികളൊക്കെ കൂടുതൽ അക്രമാസക്തവും ചിരവൈരികളായ ഗ്രാമങ്ങൾ തമ്മിലുമായിരുന്നു നടന്നത്. ഇറ്റലിയിൽ 'കാൽസ്യോ സ്റ്റോറികോ' എന്ന, ഫുട്ബോളും ഗുസ്തിയും കലർന്ന ഒന്നായിട്ടയായിരുന്നു നിലനിന്നിരുന്നത്. ഇതിൽ 27 ആളുകൾ വീതമുള്ള രണ്ടു സംഘങ്ങളായിരുന്നു മത്സരിച്ചിരുന്നത്.

ആധുനിക ഫുട്ബോൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലായിരുന്നു ഉദയം കൊണ്ടത്. ഫുട്ബോളിനെ സംബന്ധിച്ച ആദ്യ നിയമാവലി കൊണ്ടുവന്നത് 1863ൽ ആയിരുന്നു. അതേ വർഷം അവിടെ നിലവിൽ വന്ന ഫുട്ബോൾ അസോസിയേഷൻ ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്. പന്തിന്റെ ഭാരം, വ്യാസം, ഓരോ സംഘത്തിലെയും കളിക്കാരുടെ എണ്ണം, കളിക്കേണ്ട രീതി എന്നിവയായിരുന്നു ആദ്യ നിയമാവലിയിൽ പ്രതിപാദിച്ചിരുന്നത്. ഫുട്ബോൾ വളരെ പെട്ടെന്ന് തന്നെ ഇംഗ്ലണ്ടിൽ ജനകീയമാവുകയും അതു വളരെ വേകത്തിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രചരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വൈകിയ വേളയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഫുട്ബോളുമായി ബന്ധപ്പെട്ട പലതരം സംഘടനകളും ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിക്കപ്പെട്ടു. ഇത് ഫുട്ബോളിന്റെ പ്രചാരം വളരെയധികം വേഗത്തിലാക്കി. 1904ൽ ആയിരുന്നു ഫുട്ബോളിന്റെ പരമോന്നതവും ആഗോളവുമായ സംഘടനയായ ഫിഫ രൂപീകരിച്ചത്.

ആദ്യ കാലഘട്ടങ്ങളിൽ നിന്നുള്ള കഠിനവും ഘടന ഇല്ലാത്തതുമായ മത്സരങ്ങളിൽ നിന്നും ഫുട്ബോൾ ഇന്ന് വളരെയധികം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇന്ന് കൃത്യമായ നിയമാവലികളും കൃത്യമായ അജണ്ടകളിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റുകൾ ലോകത്താകമാനം നിലനിൽക്കുന്നു.


ഫുട്ബോളും രാഷ്ട്രീയവും: പരസ്പരപൂരക സ്വത്വങ്ങൾ.
...............................................................
ലോകത്താകമാനം വളരെയധികം ജനപങ്കാളിത്തമുള്ള കായിക വിനോദമാണ് ഫുട്ബോൾ. അതിന്റെ ജനകീയത കാരണം പല ആളുകളും അതിലൂടെ അവരുടെ അജണ്ടകൾ നടപ്പാക്കാനും അത് ജനകീയമാക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ എല്ലാം നമ്മൾ കണ്ടുവരുന്നു. ഇതിലൂടെ പലതരം ആശയങ്ങളും ജനശ്രദ്ധയിൽ വരുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഭരണകക്ഷികൾ ടൂർണമെന്റുകളിലും അവിടുത്തെ പ്രാദേശികമായ ഫുട്ബോൾ അസോസിയേഷനുകളിലും കൈകടത്തലുകൾ നടത്തുന്നു. അതിനു ഉത്തമ ഉദാഹരണമാണ് ഇന്ത്യൻ ദേശീയ ടീമിൽ നടന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ഇടപെടലുകളും ഫിഫയിൽ നിന്നും വന്ന വിലക്കുകളും.

ഇന്ന് കാൽപന്ത് ഐക്യത്തിന്റെ അടയാളമായും നിലകൊള്ളുന്നു. ഒരു രാജ്യത്തിനെ പ്രതിനിധീകരിക്കുമ്പോൾ ആ രാജ്യത്തിന്റെ ദേശീയതാബോധം അതിലൂടെ വളർന്നുവരുന്നു. ഇതിന് നേർ വിപരീതമായി വിഭാഗീയതയുടെ പക്ഷത്തും ഫുട്ബോൾ നിലകൊള്ളുന്നു. അതിന് ഉത്തമ ഉദാഹരണമാണ് സ്പെയിനിൽ നിന്നും സ്വതന്ത്രമായി ഒരു രാജ്യം വേണമെന്ന് വാദിക്കുന്ന കാറ്റലോണിയൻ ദേശീയതയിൽ രൂപം കൊണ്ട ലോകപ്രശസ്തമായ ഫുട്ബോൾ ക്ലബ്ബ് ബാർസലോണ. പല രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ നിലനിർത്താനും ഫുട്ബോളിനെ ഉപയോഗിക്കുന്നു. ലോകപ്രശസ്ത കായികതാരം പെലെ കളിക്കാൻ വരുന്നുണ്ടെന്ന കാരണത്താൽ നൈജീരിയയിലെ ആഭ്യന്തരയുദ്ധം നിർത്തിവച്ചത് കൗതുകകരമായാണ് ലോകം നോക്കി കണ്ടത്. ഇവിടെ സമാധാനത്തിന്റെ സന്ദേശമായും ഫുട്ബോൾ നിലകൊള്ളുന്നു.

ഇതിലെല്ലാമുപരി പലതരം കച്ചവട താൽപര്യങ്ങളും ഫുട്ബോളിനെ ലക്ഷ്യം വെക്കുന്നു. അതോടൊപ്പം തന്നെ അഴിമതികളും സ്ഥിരം ആകുന്നത് ഈ കാലത്ത് നമുക്ക് കാണാൻ സാധിക്കും. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ മുൻപ്രസിഡന്റ് ആയ ബ്ലാറ്റർ അഴിമതി ആരോപണങ്ങളിൽ വീർപ്പുമുട്ടുന്നത് നാം കണ്ടതാണ്. കോഴയും പന്തയവും മറ്റു സാമ്പത്തിക തട്ടിപ്പുകളും ഇതര കായിക വിനോദങ്ങളിൽ എന്ന പോലെ തന്നെ ഫുട്ബോളിലും പതിവു കാഴ്ചയാവുകയാണ്.

ഫുട്ബോളിന്റെ ആരാധക വൃന്ദങ്ങൾ പലപ്പോഴും പ്രോത്സാഹനപരവും അതേപോലെതന്നെ നിരുത്സാഹപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. സമാധാനത്തിന് അനുകൂലിച്ചും യുദ്ധത്തിനെ എതിർത്തും അരിക് വത്ക്കരിക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭിനന്ദനങ്ങൾക്ക് അർഹമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ മറുവശത്ത് വർഗ്ഗവിവേചനവും വർണ്ണവിവേചനവും കൊണ്ട് താരങ്ങളെയും മറ്റും അപമാനിച്ചും ഫുട്ബോളിന്റെ തന്നെ ശോഭ കെടുത്തുന്ന കാഴ്ചയും സാധാരണമാണ്.

ഇതിനുപുറമേ ഇനിയും മറ്റനേകം കാര്യങ്ങളിലും ഫുട്ബോളും രാഷ്ട്രീയവും പരസ്പരപൂരകമായി നിലകൊള്ളുന്നുണ്ട്. വളരെയധികം വ്യത്യസ്തമായ ആശയപ്രചരണങ്ങളും ഫുട്ബോൾ വേദികളിൽ നടക്കുന്നു.


ആനുകാലികഫുട്ബോളിൽ ഇസ്ലാമിന്റെ സ്വാധീനം.
...............................................................
ലോകത്തിലെ തന്നെ പ്രധാനപെട്ടതും ലോകത്താകമാനം അനുയായികളും ഉള്ള മതമാണ് ഇസ്ലാം. ഇസ്ലാമിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിന്റെ നിഖിലമേഖലകളിലും നമുക്ക് കാണാൻ കഴിയും. ഇസ്ലാം അതിന്റെ അനുയായികളെ ശാരീരിക ക്ഷമത നിലനിർത്താനും അതിനുവേണ്ടി കായികവിനോദങ്ങളിൽ ഏർപ്പെടാനും നിർദ്ദേശിക്കുന്നു. ഇസ്ലാമും ഫുട്ബോളുമായി അധികം ബന്ധം ഇല്ലായിരുന്നെങ്കിലും ഇക്കഴിഞ്ഞ 2022 ഖത്തർ വേൾഡ് കപ്പോടെ ഇസ്ലാമിന്റെ ആശയം നല്ല രീതിയിൽ ഫുട്ബോളിനെ സ്വാധീനിച്ചിട്ടുണ്ട്.

Fifa.com ന് അനുസൃതമായി 500 കോടിയിലധികം ആളുകളാണ് ഈ കഴിഞ്ഞ വേൾഡ് കപ്പിന് കാണികളായത്. മുൻ കഴിഞ്ഞ വേൾഡ് കപ്പുകളെ അപേക്ഷിച്ച് 2022 ഖത്തർ വേൾഡ് കപ്പിന് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പ്രധാനകാരണം തന്നെ ആതിഥേയ രാജ്യം ഒരു ഇസ്ലാമിക രാജ്യമായതാണ്. ഇത് അറിയാവുന്നത് കൊണ്ട് തന്നെ എല്ലാകാലത്തും ഇസ്ലാമിനെതിരെ നിന്നിരുന്ന പാശ്ചാത്യ ശക്തികൾ ഖത്തറിന് ആതിഥേയത്വം അനുവദിച്ചത് മുതൽ വളരെയധികം വിവാദങ്ങൾക്ക് തിരികൊളുത്തുകയും അത് ആളിക്കത്തിക്കുകയും ചെയ്തിരുന്നു. ഇത്രയധികം സമ്മർദ്ദനങ്ങൾക്കിടയിലും ഖത്തർ അതിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതും അതുവഴി വളരെ വിജയകരമായ ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതും ആണ് നാം കണ്ടത്.

ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ മദ്യം,പോർക്ക്‌ എന്നിവ നിരോധിച്ചതും എൽജി ബി ടി ക്യു അജണ്ടകൾ ഇല്ലാതാക്കിയതും വസ്ത്രധാരണ രീതികളിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും മുൻ വേൾഡ് കപ്പുകളുടെ അപേക്ഷിച്ചു വളരെയധികം വ്യത്യസ്തമായ മാറ്റങ്ങൾ ആയിരുന്നു. ഈ മാറ്റങ്ങൾക്ക് അനുകൂലമായിട്ടാണ് ടൂർണമെന്റിനുശേഷം പാസാക്കിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ പ്രതികരിച്ചത്. മുൻ വേൾഡ് കപ്പുകളിൽ അവർക്ക് നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഈ നിയമാവലികൾ കൊണ്ട് ഏറെക്കുറെ ഇല്ലാതാക്കാൻ സഹായിച്ചു എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. പലതരം അതിക്രമങ്ങളിൽ വൻ കുറവാണ് ഈ വേൾഡ് കപ്പ് കാണിച്ചത്.

നിയമാവലികളിൽ മാത്രമല്ല സംഘാടനത്തിലും ഇസ്ലാമിന്റേതായ സ്വാധീനങ്ങൾ ഈ വേൾഡ് കപ്പിൽ നമ്മൾ കാണാനിടയായി. അതിനു ഉത്തമ ഉദാഹരണമാണ് ഈ വേൾഡ് കപ്പിലെ സ്റ്റേഡിയങ്ങളുടെ നാമവും അതിന്റെ രൂപങ്ങളും. തനത് അറബിക് ഇസ്ലാമിക് സ്ട്രക്ച്ചറിൽ ഉള്ളതായിരുന്നു പല സ്റ്റേഡിയങ്ങളും. ഈ ലോകകപ്പിന്റെ ഉദ്ഘാടനചടങ്ങും വളരെയധികം വ്യത്യസ്തമായിരുന്നു.ഖത്തർ അമീറായ തമീം ബിൻ അഹമ്മദ് അൽത്താനി ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന പരിശുദ്ധ വാചകത്തിന്മേൽ ആയിരുന്നു തന്റെ പ്രസംഗം തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ ഇന്നീ ലോകത്ത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായി കറുത്തവർഗ്ഗക്കാരനായ ഹോളിവുഡ് ആക്ടർ മോർഗൻ ഫ്രീ മാനും ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി ഗാനിം അൽ മുഫ്താഹുമായിരുന്നു ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയിരുന്നത്. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഖുർആനിലെ ഒരു സൂക്തവും ആ ചടങ്ങിൽ പാരായണം ചെയ്യപ്പെടുകയുണ്ടായി. ഇന്നത്തെ കാലത്തെ വർഗീയവിഷം ചുറ്റുന്ന ആരാധകവൃന്ദങ്ങൾക്ക് നടുവിൽ ആ സൂക്തം വളരെയധികം പ്രസക്തമായിരുന്നു.

ലോകകപ്പിന് ഖത്തറിൽ എത്തിയ കാണികൾക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും കൂടി ചെയ്തിട്ടുണ്ടായിരുന്നു ഈ വേൾഡ് കപ്പ്. ലോകത്തെ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതന്മാരെയും ഖത്തർ ലോകകപ്പിന് അനുബന്ധിച്ച് ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു. അറബികളുടെ ആതിഥേയമര്യാദയിൽ വളരെയധികം സന്തോഷിച്ചാണ് ആരാധകർ ടൂർണമെന്റിനുശേഷം അവിടം വിട്ടത്. ബ്രസീലിൽ നിന്നുള്ള ഒരു മുഴുവൻ കുടുംബം തന്നെ ഇസ്ലാം സ്വീകരിച്ചതും വലിയ വാർത്തയായിരുന്നു.

ചുരുക്കത്തിൽ ഇത് കായികലോകത്തിനെ മാത്രമല്ല ഇതിന്റെ വളരെ ബൃഹത്തായ ജനപങ്കാളിത്തം കാരണം ലോകത്തിന് മുഴുവനായി തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.