ആൾക്കൂട്ടത്തിന് നടുവിൽ നിന്നൊരാൾ

The Line
ജനനായകനായ മുഖ്യമന്ത്രി എന്ന് പൊതുവേ വിശേഷണമുള്ള ഉമ്മൻ ചാണ്ടി  കേരള രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യമായ മുഖങ്ങളിൽ ഒന്നായിരുന്നു. എപ്പോഴും ജനക്കൂട്ടത്തിന് നടുവിൽ നിന്നയാളായിരുന്നു അദ്ദേഹം. 

ജനക്കൂട്ടമെന്നാൽ ഉമ്മൻചാണ്ടിക്ക് ഒരു വികാരമായിരുന്നു. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്നങ്ങൾ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ മൂർത്തവും ഉദാത്തവുമായ രൂപമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ ഓരോ ജനസമ്പർക്ക പരിപാടികളും. തന്നെ തേടിയെത്തുന്ന ഓരോരുത്തർക്കും സാന്ത്വനം നൽകിയ ശേഷം മാത്രം തിരിച്ചുപോവുന്ന ഉമ്മൻചാണ്ടി സഹപ്രവർത്തകർക്ക് അത്ഭുതമായിരുന്നു. കാരണം ഉമ്മൻചാണ്ടിക്ക് മുന്നിൽ തളർച്ചയെന്നതിന് ഒരു ഗ്ലാസ് വെള്ളത്തിന്റെ അരികെ വരെ മാത്രമായിരുന്നു സ്ഥാനം. പത്തൊൻമ്പത്  മണിക്കൂർ വരെ നീണ്ടു നിന്ന ജനസമ്പർക്ക പരിപാടിയിൽ ഒറ്റ നിൽപ്പിൽ പങ്കെടുത്തിട്ടുണ്ട് ഉമ്മൻചാണ്ടി. കൊച്ചി മെട്രോ കണ്ണൂർ വിമാനത്താവളം വിഴിഞ്ഞം തുറമുഖ പദ്ധതി,  ഇൻഫോ പാർക്ക്‌ കൊച്ചി അങ്ങനെ തുടങ്ങി കേരളത്തിലെ ബൃഹത്തായ വൻ വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം. 

1970 മുതല്‍ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് ഉമ്മന്‍ ചാണ്ടി. കെ കരുണാകരനെയോ, എ കെ ആന്റണിയേയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും കടന്നിട്ടില്ല. 1970ല്‍ എം.എല്‍.എ. ആയതു മുതല്‍ കേരളം മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. ഇരുപത്തിയേഴാം വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തുന്നത് 

തുടര്‍ന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം. 1977ൽ മുപ്പത്തി നാലാം വയസ്സിലാണ് ആദ്യമായി മന്ത്രിയായത്. തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം 1981ല്‍ ആഭ്യന്തര മന്ത്രി പദവും 1991ല്‍ ധനമന്ത്രി പദവും അലങ്കരിച്ചു. കെ കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2004 മുതല്‍ 2006 വരെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011ലാണ് ആ പദവിയില്‍ വീണ്ടുമെത്തുന്നത്. 

എം.എല്‍.എ. മാരുടെ കൂട്ടത്തില്‍ അപൂര്‍വ്വ ബഹുമതിക്ക് ഉടമയാണ് ഉമ്മന്‍ ചാണ്ടി. മത്സരിക്കാനാരംഭിച്ചതു മുതല്‍ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം തോറ്റിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച രണ്ടു പേരേയുയുള്ളൂ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍. 

13 തവണ വീതം വിജയിച്ച, അന്തരിച്ച നേതാക്കളായ എം കരുണാനിധിയും കെ എം മാണിയും മാത്രം . തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 54 വര്‍ഷമാണ് എംഎല്‍എ സ്ഥാനം വഹിച്ചത്. കെ.എം മാണി 51 വര്‍ഷവും.
ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത ഇരുവരും മരണം വരെ എം.എല്‍.എ.മാരായിരുന്നു. 

ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറാത്ത നേതാവായാണ് ഉമ്മന്‍ ചാണ്ടിയെ എന്നും കേരളം കണ്ടത്. ‘എന്റെ പുസ്തകം ജനക്കൂട്ടമാണ്’ എന്നാണ് ഇതിനെക്കുറിച്ച്  ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
ഏതു പ്രശ്‌നത്തിനും എപ്പോഴും സമീപിക്കാവുന്നയാള്‍, നിയമത്തിന്റെ നൂലാമാലകളില്‍ പിടിച്ചു തൂങ്ങാതെ പരിഹാരം കണ്ടെത്തുന്ന ജനസേവകൻ. 

ഉമ്മന്‍ ചാണ്ടിക്കു ചുറ്റുമുള്ള ആള്‍ക്കൂട്ടം കേരളം ഒന്നായിക്കണ്ടത് അദ്ദേഹം രണ്ടാം വട്ടം മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ്. വിവിധ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനായി 14 ജില്ലകളിലും നടത്തിയ പരിപാടിക്ക് 2013ല്‍ യുഎന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 

95000 - ത്തിലധികം കേസുകൾ തീർപ്പാക്കുകയും 200 ഓളം കൂടി രൂപ ഇതിനായി ചിലവഴിക്കുകയും ചെയ്ത ഈ മഹാ അദാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. ഉമ്മൻചാണ്ടി എന്ന ഏറ്റവും ലളിതനായ നേതാവിനെ കുറിച്ച് ഓർക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിലേക്ക് ആദ്യം കടന്നെത്തുന്നതും ഇതേ സമ്പർക്ക മനോഭാവമാണ് . 

എന്നാല്‍ ഈ ജനപ്രിയ പരിപാടി 2016ല്‍ ഭരണത്തുടര്‍ച്ചയ്ക്ക് യു.എഡി.എഫി.നെ തുണച്ചില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനവും ഏറ്റെടുത്തില്ല. 

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശ്ശേരി എസ്. കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം. ബിഎ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. 

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഴെ കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായിലൂടെ രാഷ്ട്രീയത്തിലെത്തി. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. പിന്നീട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായി. 

തന്റെ ആയുസ്സിന്റെ സിംഹഭാഗവും  ജനസേവനത്തിനും രാഷ്ട്രീയത്തിലും ആയിട്ട് ചെലവഴിച്ച അദ്ദേഹത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രമാണ് സഹപ്രവർത്തകർക്ക് പങ്കുവെക്കാൻ ഉള്ളത്. 

അമേരിക്കൻ പ്രസിഡന്റിന് പോലും
ഉമ്മൻചാണ്ടി ശുപാർശ
കത്തെഴുതിക്കളയുമെന്ന് കേരളത്തിൽ വ്യാപകമായി പ്രചാരമുള്ള രാഷ്ട്രീയ
തമാശയാണ്. ആയിരം പേർക്ക് ഉപകാരം ലഭിക്കുന്ന കാര്യമാണെങ്കിൽ, പത്തോ ഇരുപതോ പേർക്ക് അനർഹമായി സഹായം ലഭിച്ചേക്കുമെന്ന് കരുതി അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ടത് നിഷേധിക്കരുത് എന്ന ബോധ്യമായിരുന്നു ഉമ്മൻചാണ്ടിയെ നയിച്ചത്. തെറ്റായി നൽകുന്ന ആനുകൂല്യങ്ങൾ തിരുത്താനുള്ള സാഹചര്യമുണ്ടാകുമെങ്കിലും, അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് കാലതാമസമുണ്ടാവരുത് എന്ന രാഷ്ട്രീക്കാരനായിരുന്നു അദ്ദേഹം. 

അതിവേഗം ബഹുദൂരം. അതായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം. സർക്കാരിന്റെ എന്ന് പറയുന്നതിനെക്കാൾ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ എന്ന് പറയുന്നതാകും കൂടുതൽ ശരി. ഒരു വശത്ത് വിവാദങ്ങളുടെ പെരുമ്പറ മുഴങ്ങിയപ്പോൾ മനസാക്ഷി എന്ന ശരിയിൽ മാത്രം വിശ്വാസിച്ച് മുന്നോട്ടുനീങ്ങിയ ജനകീയത 

വിവാദങ്ങളെ ഭയന്ന് ഒരു വികസന പദ്ധതിയും വേണ്ടെന്ന് വച്ചില്ല ഒന്നിൽ നിന്നും പിന്മാറിയില്ല. 

ഉമ്മൻ ചാണ്ടിയെ അമരനാക്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഒരു രൂപയ്ക്ക് ഒരു കിലോ അരി, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂന്ന് രൂപയ്ക്ക് 25 കിലോ അരി, 25 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ്, എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്, തൊഴിലില്ലാ വേതനം , കർഷക തൊഴിലാളി പെൻഷൻ,ജനസമ്പർക്ക പരിപാടി തുടങ്ങി വല്ലാർ പാടം തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതി, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി വികസനം, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസനം, മിഷൻ 2010 അങ്ങനെ നീണ്ടൊരു ജനസേവന ലിസ്റ്റ് ആണ് അത്. 

വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന നേതാവ് എന്നാണ് ഒരിക്കല്‍ സി പി ജോണ്‍ ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിച്ചത്. ഒരിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുന്ന ശീലം ഉമ്മന്‍ ചാണ്ടിക്കില്ല. എപ്പോഴും ആള്‍ക്കൂട്ടത്തിനിടയിലാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതം. 

മൈതാനങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകിയ ജനക്കൂട്ടം അദ്ദേഹത്തെ കാത്തു നിൽക്കുമ്പോൾ   ‘താമസമുണ്ടാകുമെങ്കിൽ ക്ഷമിക്കണം, എല്ലാവരെയും കാണും’ ഏവർക്കും പ്രതീക്ഷയുടെ പൊൻകിരണം വീശുന്നതായിരുന്നു സ്റ്റേജിൽ നിന്നും മൈക്കിലൂടെ പ്രവഹിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ എത്രത്തോളം കക്ഷി രാഷ്ട്രീയ ഭേദമന്യേ നാമോരോരുത്തരും എതിരേറ്റത്. 

കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനായും, കേരളം കണ്ട മികച്ച ധന മന്ത്രിയായി മാറാനും അദ്ദേഹത്തിന് സാധിച്ചു.1991 ൽ  അദ്ദേഹം അവതരിപ്പിച്ച ബജറ്റ് പ്രാധാന്യമർഹിക്കുന്നതായിരുന്നു. 2006 ജനുവരിയിൽ  സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 35 മത് സാമ്പത്തിക ഫോറത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. 

സോളാർ കേസിൽ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഒരുപോലെ വലിഞ്ഞുമുറുക്കിയപ്പോൾ അദ്ദേഹത്തിന്റെ അടുത്തറിയാവുന്നവർ ഉമ്മൻചാണ്ടിയുടെ പ്രവർത്തനശുദ്ധിയെ അവിശ്വസിച്ചില്ല. കാലം അദ്ദേഹത്തിന് ഒപ്പം ചേർന്ന നിലനിൽക്കുമ്പോൾ  ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അദ്ദേഹത്തിന്റെ  നിരപരാധിത്വത്തെ. 

ഓരോ എതിർപ്പുകളെയും സൗമ്യമായിട്ടാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. ഒരിക്കൽ അദ്ദേഹത്തിന് നേരെയുണ്ടായ  കല്ലേറിൽ തല പൊട്ടി ചോര ഉറ്റിയപ്പോഴും സൗമ്യ മുഖത്തോടെ സംസാരിച്ച അദ്ദേഹത്തെ  പ്രതിപക്ഷ എതിരാളികളെ പോലും നിശബ്ദമാക്കി. 

വില്ലേജ് ഓഫീസര്‍മാര്‍ എടുക്കേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നുവെന്നു പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ ഒരു ജനസേവകനും പദവികളുടെ ഭാരം തടസ്സമാകേണ്ടതില്ലെന്നു പറഞ്ഞു വിമര്‍ശനങ്ങളെ അദ്ദേഹം ചിരിച്ചു തള്ളി. 

ജനങ്ങള്‍ സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ കൈപ്പറ്റാന്‍ അനിശ്ചിതമായി കാത്തിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന ആത്മാര്‍ഥമായ ആഗ്രഹത്താലാണ് അദ്ദേഹം സെക്രട്ടറിയേറ്റിലെ തന്റെ മുറിവിട്ടു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്. മുന്നില്‍ ജനങ്ങളെ മാത്രം ദര്‍ശിച്ച ആ രാഷ്ട്രീയ നേതാവിനെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ജനനായകനെ നേരിട്ടു കാണാനും അപേക്ഷ സമര്‍പ്പിക്കാനും മനുഷ്യര്‍ മടുപ്പില്ലാതെ കാത്തിരുന്നു. ആ കാത്തിരിപ്പില്‍ വാക്കുപാലിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തന്നെ കാത്തിരിക്കുന്ന ജനങ്ങളുടെ കണ്ണിലെ പ്രതീക്ഷയ്ക്കു മുന്നില്‍ അദ്ദേഹം എതിര്‍പ്പിന്റെ എല്ലാ കല്ലേറുകളേയും അവഗണിച്ചു. തന്നെ കാണാന്‍ കാത്തിരിക്കുന്നവരുടെ വരിയിലെ അവസാന മനുഷ്യനെയും കണ്ടുമാത്രമേ അദ്ദേഹം വിശ്രമിക്കാന്‍ പോയുള്ളൂ. 

നീണ്ട രാഷ്ട്രീയ സപര്യയ്ക്ക് ജനസേവനത്തിനായി ഓരോ ശ്വാസവും നീക്കിവെച്ച ഏറ്റവും ലളിതനായ ആ രാഷ്ട്രീയക്കാരന് ആദരാഞ്ജലികൾ.