ഏക സിവിൽ കോഡ് കഴമ്പും കരടും എവിടെ ?

The Line
കഴിഞ്ഞ ദിവസം ഭോപ്പാലില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളോടെ ഏക സിവില്‍ കോഡ് വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവില്‍ കോഡ് സജീവ ചര്‍ച്ചയായിരിക്കുകയാണ്.സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ രാഷ്ട്രീയമായ സ്വാധീനം സൃഷ്ടിക്കാവുന്ന നീക്കമാണ് ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തി.

ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

2019 ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ഏകീകൃത സിവില്‍ കോഡ്.

 തത്വത്തിൽ എന്താണ് ഏകീകൃത സിവിൽ കോഡ്? 

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു.

ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ വിവരിച്ചിരിക്കുന്ന സംസ്ഥാന നയങ്ങളുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 44. ആര്‍ട്ടിക്കിള്‍ 37 അനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും ഇവ നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം കടമയാണെന്ന് വ്യക്തമാക്കുന്നു.

 ഇന്ത്യയെപ്പോലെ ബഹുവൈവിധ്യ അതിജനാധിപത്യ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലെ സങ്കീർണതകളെ കുറിച്ച് പൊതുവിൽ ബോധമുണ്ടായിരിക്കണം. അതുൾക്കൊള്ളാൻ മാത്രം നമ്മുടെ സമൂഹം പാകപ്പെട്ടിട്ടുണ്ടോയെന്ന് പരിചിന്തനം ചെയ്യാതെയുള്ള തിടുക്കപ്പെട്ട നീക്കങ്ങൾ വോട്ട് ബാങ്കുകളെ ലക്ഷ്യം വെച്ചിട്ടുള്ളതാണ് എന്ന രഹസ്യമാകുന്ന പരസ്യത്തെ അതുപോലെതന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ ബാബാസാഹേബ് അംബേദ്കർ രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാ അസംബ്ലിയില്‍ വലിയ എതിർപ്പ് ഉയർന്നതോടെ ഇത് നടപ്പിലായില്ല. എതിർപ്പ് ഉയർന്നതോടെ ഭരണഘടനാ അസംബ്ലി ഒരു മൗലികാവകാശം എന്നതിലുപരി ഒരു നിർദ്ദേശ തത്വമായി ഏക സിവില്‍ കോഡ് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

'രാജ്യത്തുടനീളം എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു ഏകീകൃത, സമ്പൂർണ ക്രിമിനൽ കോഡ് നമുക്കുണ്ട്. പീനൽ കോഡിന്റെയും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെയും ഭാഗമാണത്. വസ്തു കൈമാറ്റത്തിനായും നമുക്കൊരു നിയമമുണ്ട്. അതും രാജ്യത്തുടനീളം ബാധകമാണ്. അതുപോലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടും ഉണ്ട്. നമ്മുടെ രാജ്യത്ത് ഫലത്തിൽ ഒരൊറ്റ സിവിൽ കോഡ് മാത്രമാണുള്ളതെന്നും അത് ഏകീകൃതവും എല്ലാവർക്കും ഒരു പോലെ ബാധകമായതുമാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. സിവിൽ നിയമത്തിന് ഇതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകൾ വിവാഹവും പിന്തുടർച്ചാവകാശവും മാത്രമാണ്'- എന്നായിരുന്നു അംബേദ്കർ വ്യക്തമാക്കിയത്.

സുപ്രസിദ്ധമായ 1985ലെ ഷാബാനോ കേസിൽ വിധി പ്രസ്താവിക്കുന്നതിനിടെ സുപ്രീംകോടതിയും ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന സമാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. 44ാം വകുപ്പ് നിഷ്ഫലമായി നിലനിൽക്കുകയാണെന്നും, ഏകീകൃത സിവിൽ കോഡ് നിലവിൽ വരേണ്ടതുണ്ടെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.
എന്നാൽ കോടതി മുമ്പിൽ തന്നെ ഇതിനെ കുറിച്ചുള്ള അതിഗാഢമായ ചർച്ചകളും വാദങ്ങളും നിരവധി തവണ അരങ്ങേറിയതാണ്.
 കേന്ദ്രത്തിന്റെ നിലവിലെ ഏകസിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മുമ്പിൽ വളരെ ക്രിയാത്മകമായിട്ട് സുപ്രീംകോടതി ഇടപെടാൻ സാധ്യതയുള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്.

21-ാമത് ലോ കമ്മിഷൻ 2018 ഓഗസ്റ്റിൽ "കുടുംബനിയമത്തിന്റെ പരിഷ്കരണം" എന്ന വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ കൊണ്ടുവരികയും അതില്‍ ഏക സിവില്‍ കോഡ് "ഈ ഘട്ടത്തിൽ ആവശ്യമില്ല അല്ലെങ്കിൽ അഭികാമ്യമല്ല" എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തന്നെ വ്യക്തിനിയമങ്ങളിലെ വിവേചനവും അസമത്വവും പരിഹരിക്കുന്നതിനായി മതങ്ങളിലുടനീളമുള്ള നിലവിലുള്ള കുടുംബനിയമങ്ങൾ പരിഷ്കരിക്കാനും ക്രോഡീകരിക്കാനും കമ്മിഷന്‍ ശുപാർശ ചെയ്തു.എന്നാൽ സമീപസ്ഥിതിയിൽ ഭരണഘടനാപരമായ നിർവചിക്കപ്പെടാത്ത ഇത്തരം പ്രശ്നങ്ങളിൽ കൂടുതൽ നിയമ വിദഗ്ധത തേടുവാൻ ഒരുപക്ഷേ നീതി നിർവഹണ വിഭാഗം ഒരുക്കമായിരിക്കും.

 "സാംസ്‌കാരിക വൈവിധ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല, ഏകരൂപത്തിനുള്ള നമ്മുടെ ത്വര തന്നെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയാകുന്നു." എന്ന മുൻ സുപ്രീം കോടതി ജഡ്ജി ബിഎസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷന്റെ നിരീക്ഷണത്തെകൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കുമ്പോൾ, ഏക സിവിൽ കോഡിനെ കുറിച്ചുള്ള നിയമപരമായ വൈരുദ്ധ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

 ബിജെപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ പൂര്‍ത്തീകരണം എന്ന നിലയില്‍ കേന്ദ്ര തലം മുതല്‍ പ്രാദേശിക തലം വരെയുള്ള നേതാക്കള്‍ സിവില്‍ കോഡിനെക്കുറിച്ച് നിരന്തരമായി സംസാരിച്ച് കൊണ്ടിരുന്നു. മുസ്‌ലിംകളുടെ ശരീഅത്ത് നിയമങ്ങളുടെ മേല്‍ കൈകടത്താനുള്ള അവസരം എന്ന നിലയിലാണ് ഇവരെല്ലാം ഈ വിഷയത്തില്‍ പ്രതികരിച്ചത്. പക്ഷെ, ഇതൊരു മുസ്‌ലിം പ്രശ്‌നം മാത്രമായി കണക്കാക്കരുത്. ആദിവാസി സമൂഹങ്ങളും മറ്റു ന്യൂനപക്ഷങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും എല്ലാം ഇതുമായി ബന്ധപ്പെട്ട സാമൂഹ്യആഘാതങ്ങളുടെ ഇരുട്ടിലകപ്പെടാൻ സാധ്യതയുണ്ട്. നാളിതുവരെയായിട്ടും ഇതുമായി ബന്ധപ്പെട്ട യാതൊരു കരട് തയ്യാറാക്കാനോ കാര്യക്ഷമമായ പഠനങ്ങൾ നടത്തുവാനോ ഗവൺമെന്റ്കൾക്ക് സാധിച്ചിട്ടില്ല.

 നിലവിൽ ഏകസിവിൽ കോഡ് നിലനിൽക്കുന്ന ഗോവയിലെ സ്ഥിതി വിരോധാഭാസ തേരോട്ടത്തിലാണ്.അവിടെ ഹിന്ദു മത വിഭാഗത്തിലെ ചില ആചാരങ്ങള്‍ ഇപ്പോഴും സിവില്‍കോഡിന് പുറത്താണ്. അവയെയെല്ലാം പ്രത്യേക ആചാരങ്ങളായി ഇപ്പോഴും പരിഗണിച്ച് പോരുന്നുവെന്ന് ചുരുക്കം. കത്തോലിക്കാ മത വിഭാഗത്തിലെ ആളുകള്‍ക്ക് വിവാഹബന്ധം വേര്‍പെടുത്തണമെങ്കില്‍ മത കോടതിയുടെ അനുമതി തേടിയാല്‍ മതി. എന്നാല്‍, മറ്റ് മത വിഭാഗങ്ങള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കണം.

 ഏക സിവിൽ കോഡിന് മുസ്ലീങ്ങൾക്ക് നേരെ മാത്രമായുള്ള പ്രശ്നമെന്ന രീതിയിൽ വളച്ചൊടിക്കപ്പെടുന്നത് ശരിയല്ല.അത് ഈ സമൂഹത്തെ വൈവിധ്യ സാമുദായിക ക്രമത്തിൽ തന്നെ ബാധിക്കും. അതുകൊണ്ടുതന്നെയാണ് ഗോത്ര ജനസംഖ്യ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇതിനെ ശക്തമായി എതിർക്കുന്നത്. ജാർഖണ്ഡിലെ 30 ഓളം ഗോത്ര പ്രസ്ഥാനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ ദേശീയ പ്രശ്നങ്ങളെ മറികടന്ന് പുതിയൊരു ചർച്ച വൻ പൊക്കത്തിൽ എല്ലാവർക്കും ഇടയിലേക്ക് ഇടുവാൻ കേന്ദ്രത്തിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ ബുദ്ധിയാണ്.

മോദി ഭരണത്തിന്റെ ആദ്യ ടേം അവസാനിക്കുന്ന ഘട്ടത്തില്‍, 2018ലാണ് ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. 2022ല്‍ അയോധ്യ രാമക്ഷേത്രത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370നും രാമക്ഷേത്രത്തിനും ശേഷം ബിജെപി 2024ലേക്കുള്ള വഴിയായി ഉന്നം വയ്ക്കുന്ന കേന്ദ്രബിന്ദുവാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍.

 ഇത്തരം രാഷ്ട്രീയ നീക്കുപോക്കിനോ, വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ചതുരംഗ കളിയോ ആയിട്ടല്ല ഏക സിവിൽ കോഡ് അവതരിപ്പിക്കപ്പെടേണ്ടതെന്ന് പറഞ്ഞുവെക്കട്ടെ.