ഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ് മെന്റൽ ഇൻക്ലൂസീവ് അലയൻസ് ( ഇന്ത്യ) എന്ന പേരിൽ മുന്നണി രൂപീകരിച്ചതോടെ വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടുതൽ സജീവ ചർച്ചയിലേക്കും അനുമാനങ്ങൾക്കപ്പുറം പ്രതീക്ഷയിലേക്കും ആകാംക്ഷയിലേക്കുമാണ് രാഷ്ട്രീയ വിദഗ്ധർ നോക്കിക്കാണുന്നത്.
പ്രത്യക്ഷത്തിൽ, 2024-ലെ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പിന്തുണ ഏകീകരിക്കാൻ ആശയപരമായി ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിപ്പിക്കുക എന്ന പൊതുവായ ധാരണയുടെ ഫലമാണ് ഈ മുന്നണി. അതേ സമയം, ഭരണകക്ഷിയായ ബി.ജെ.പി. ഇതിനെ പ്രതിരോധിക്കാൻ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം തങ്ങളുടെ ചേരിയിലേക്ക് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഈ മുന്നണികൾ പ്രത്യയശാസ്ത്ര-രാഷ്ട്രീയ രൂപീകരണങ്ങളെ പ്രതിഫലിപ്പിക്കുന്നതായി തോന്നുമെങ്കിലും, അവയുടെ വേരിൽ, അത്തരം ഐക്യത്തിനും സഖ്യ ശ്രമങ്ങൾക്കും പ്രാഥമിക ചാലകശക്തി ഗണിതമാണ്. വോട്ടുകൾ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം, ഓരോ വശത്തുമുള്ള വോട്ടുകൾ വിഭജിക്കുന്നത് പരമാവധി കുറയ്ക്കുക എന്നത് 1970 കൾക്ക് ശേഷം ഇന്ത്യയിൽ മുന്നണി ഐക്യം ശക്തിപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായ പ്രധാന സവിശേഷതയാണ്. ഇന്ത്യയുടെ അങ്ങേയറ്റം വൈവിധ്യമാർന്ന രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ ഗണിതശാസ്ത്രത്തോടുള്ള രാഷ്ട്രീയ പ്രതികരണം ഈയിടെ ശക്തമായ ഒരു ഘടകമാണ്.
ഡസൻ കണക്കിന് പാർട്ടികൾക്കിടയിലെ ഇത്തരം തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ഉറവയാണ് 600-ലധികം പാർട്ടികൾ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൂന്ന് ഡസനോളം പാർട്ടികൾ പാർലമെന്റിൽ കുറഞ്ഞത് ഒരു അംഗമെങ്കിലും ഉള്ളതും, ലോകത്തിലെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ സവിശേഷമായ ഇന്ത്യൻ സ്വഭാവമാണ്.
ഇന്ത്യാ മുന്നണിയുടെ നെടുംതൂണ് കോൺഗ്രസ് തന്നെയാണ്.പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുവന്നതും സൗമ്യ ഏകീകരണ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതും മറ്റ് പാർട്ടികളെ തുല്യരായി കാണാനും കോൺഗ്രസിനെ പ്രേരിപ്പിച്ചതും ഭൂരിപക്ഷം മോദി വിരുദ്ധ വോട്ടുകളുടെ ആകർഷണീയതയിലാണ്.
2019ലെ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് വിഹിതം നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുള്ളൂ.മോദി വിരുദ്ധ വോട്ടുകൾ ഒന്നിച്ചാൽ പ്രതിപക്ഷ സഖ്യത്തിന് അത് ഭരണസാധ്യതയിലേക്ക് നയിക്കും എന്നത് യാഥാർത്ഥ്യമാണ്. എല്ലാ മണ്ഡലങ്ങളിലും അല്ലെങ്കിലും മിക്ക മണ്ഡലങ്ങളിലും എൻഡിഎയ്‌ക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് ഇന്ത്യ സഖ്യം ആലോചിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി പദത്തിലേക്ക് ഏറ്റവും അഭികാമ്യമായ ഒരു രാഷ്ട്രീയ മുഖമായി മോദി ഇന്ത്യയിൽ മാറി കഴിഞ്ഞിട്ടുണ്ട്. അക്കണക്കിന് അദ്ദേഹത്തെ എതിർക്കുന്ന ഒരൊറ്റയാൾ പോരാട്ടത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വ്യക്തിയെന്ന നിലക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലവിൽ ഒരാൾ ഇല്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്.രാഹുൽ ഗാന്ധിയെ അതിനായി പരിഗണിക്കുന്നത് അല്പം ബാലിശമുള്ള കാര്യമാണ്. ഇന്ത്യാ മുന്നണിയിൽ തന്നെ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന എത്രയോ നേതാക്കന്മാർ ഉണ്ട്. ഇന്ത്യ മുന്നണിയുടെ ഏറ്റവും ശക്തമായ സ്വരമായ മമത ബാനർജിയും ഇന്ത്യ മുന്നണിയിൽ പിടിമുറുക്കുന്ന ആം ആദ്മി പാർട്ടിയുടെ അമരക്കാരൻ അരവിന്ദ് കേജരിവാളും , മുന്നണിയുടെ സൗമ്യമുഖമായ നിതീഷ് കുമാറും എതിർപ്പില്ലാതെ മുന്നണിയിൽ നിന്ന് പരിഗണിക്കപ്പെടുമെന്ന് കരുതുന്ന മല്ലികാർജുൻ ഗാർഗയും മോഹ കൊട്ടാരം പണിതു കൊണ്ടിരിക്കുകയാണ്.
എന്നാൽ ഈ സാഹചര്യത്തിന് ഗുരുതരമായ ഒരു പോരായ്മയുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലെ 55% എൻഡിഎ വിരുദ്ധ വോട്ട് വിഹിതം എല്ലാം യഥാർത്ഥത്തിൽ മോദി വിരുദ്ധ വോട്ടായിരുന്നിരിക്കില്ല. എൻഡിഎ വിരുദ്ധ വോട്ടുകളിൽ ഭൂരിഭാഗവും തങ്ങളുടെ പ്രാദേശിക പാർട്ടികളോട് കൂറുപുലർത്തുന്നവരുടേതായിരുന്നു. അവർ ഒരു ബദൽ പ്രധാനമന്ത്രി മുഖത്തിന് വേണ്ടിയല്ല, മറിച്ച് വിശ്വസ്തത കാരണം സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധി എന്ന ബദൽ മുഖത്തിനായുള്ള ദേശീയ വോട്ട് വളരെ കുറവായിരുന്നു, അതിൽ 20% ൽ താഴെ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇപ്പോൾ നിരവധി മുൻ ശത്രുക്കളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരു സഖ്യത്തിൽ ഒന്നിക്കുന്നതിനാൽ, പ്രാദേശിക പാർട്ടികൾക്ക് അവരുടെ വിശ്വസ്ത വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞേക്കില്ല, അത് ഏറ്റവും ശക്തമായ പ്രധാനമന്ത്രി മുഖത്തേക്ക് പോകാം. അങ്ങനെയെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രണ്ട് വ്യക്തികൾ തമ്മിലുള്ള ഗ്ലാഡിയേറ്റർ മത്സരമാക്കി മാറ്റുവാനാണ് ബിജെപി ആഗ്രഹിക്കുന്നത്. രാഹുലിനെ മോദിക്കെതിരെയുള്ള മുഖമായി ചിത്രീകരിക്കുന്നത് പൊതുവെ ക്ഷീണം ചെയ്യുമെന്ന് കോൺഗ്രസും മനസ്സിലാക്കുന്നുണ്ട്.
2014-ലെ തന്റെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-മുക്ത് ഭാരത് എന്ന പേരിൽ ശക്തമായ കോൺഗ്രസ് വിരുദ്ധ പ്രസംഗത്തിലൂടെയാണ് മോദി മത്സരിച്ചത്. രൂഢമൂലമായ വോട്ടുബാങ്കുകളുള്ള അസംഖ്യം പ്രാദേശിക പാർട്ടികൾക്കെതിരെ നിലയുറപ്പിക്കാതിരിക്കാൻ ഇത് മോദിയെ സഹായിച്ചു, അങ്ങനെ മോദി-രാഹുൽ വിഭാഗം ധ്രുവീകരിക്കപ്പെട്ടപ്പോൾ ആ വോട്ടർമാർക്കിടയിൽ ബിജെപിക്ക് ഒരിടം സൃഷ്ടിക്കാനായി.
പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി മോദിയുടെ കോൺഗ്രസ്-മുക്ത് ഭാരത് വാക്ചാതുര്യത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് സഖ്യത്തിന് ഐ-എൻ-ഡി-ഐ-എ എന്ന് പേരിട്ടിരിക്കുന്നത്. ഇതോടെ, രാഹുലിലെ ദുർബലനായ എതിരാളിയോട് പോരാടുന്നതിന്റെ നേട്ടം മോദിക്ക് നഷ്ടപ്പെടുകയും രണ്ട് ഡസനിലധികം പ്രാദേശിക പാർട്ടികൾ അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ചെയ്തു.
പക്ഷേ, ദുർബലനായ ഒരു എതിരാളിയോട് പോരാടുന്നതിന്റെ നേട്ടം മോദിക്ക് നഷ്ടമായാൽ, നേതാവില്ലാത്ത സൈന്യവുമായി ഗ്ലാഡിയേറ്റർ മത്സരം നടത്തിയതിന്റെ നേട്ടവും മോദിക്ക് ലഭിക്കും. ഒടുവിൽ ആരു പ്രധാനമന്ത്രിയാകുമെന്നറിയാതെ അന്ധരായി വോട്ടുചെയ്യാൻ വോട്ടർമാർ ശീലിച്ച കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. പ്രശ്‌നങ്ങളിലും അജണ്ടകളിലും ആധിപത്യം പുലർത്തുന്ന ഉയർന്ന ശിൽപ്പമുള്ള പ്രതിച്ഛായയുടെ പ്രൊജക്‌ഷനിലൂടെ, വോട്ടർമാർ തങ്ങൾക്ക് എന്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തരത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ നോക്കി കാണാൻ സാധ്യതയുണ്ട്.
ആത്യന്തികമായി പ്രധാനം ബി.ജെ.പിയെ പുറത്താക്കാൻ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ എങ്ങനെ സഖ്യമുണ്ടാക്കുന്നു എന്നതല്ല, മറിച്ച് വോട്ടർമാർ അവരുടെ ആശയത്തോട് യോജിക്കുന്നുണ്ടോ എന്നതാണ്. അതിന് അവർക്ക് വിശ്വസനീയമായ പലകകൾ ആവശ്യമാണ്. മോദിയെ പുറത്താക്കുക എന്ന ഒറ്റ ആശയത്തിൽ രൂപീകരിക്കുന്ന ഒരു സഖ്യത്തിന് അനുകൂലമായ ജാതി കണക്കുകൾ കൂടാതെ, സഖ്യകക്ഷികൾ തീർച്ചയായും മോദിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്ന വിഷയങ്ങളും ആവശ്യമാണ്.
അവിടെയാണ് ഐ-എൻ-ഡി-ഐ-എ സഖ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുക. ലഭ്യമായ ഒരു ബദലിലേക്കും വോട്ടർമാർ പോകുന്ന സ്ഥിതിയിലല്ല നിലവിലെ രാഷ്ട്രീയ ഗതി. 2009-ൽ അധികാരത്തിലിരുന്ന യുപിഎ സർക്കാരിനെ അടിക്കടിയുള്ള അഴിമതികൾ മൂലം അപകീർത്തിപ്പെടുത്തുകയും അണ്ണാ ഹസാരെ പ്രസ്ഥാനം അതിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്തു, അങ്ങനെ ഗവൺമെന്റിനെതിരെ വിരുദ്ധവികാരം ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ ജനങ്ങൾ വിശ്വസിക്കുകയാണ് ചെയ്തത്.
ഇന്ത്യ മുന്നണി രാഷ്ട്രീയ വാർത്തകളിൽ ഒരു പടി മുന്നിലാണ്.പ്രതിപക്ഷ കൂട്ടായ്‌മ നൽകിയ അവിശ്വാസപ്രമേയത്തെ നരേന്ദ്ര മോദി സർക്കാർ അതിജീവിച്ചതിൽ ഒരത്ഭുതവുമില്ല. ലോക്‌സഭയിലെ അംഗബലം ബിജെപിക്ക് അനുകൂലമാണെന്ന് മനസ്സിലാക്കിത്തന്നെയായിരുന്നു അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. മണിപ്പുർ വംശീയ സംഘർഷത്തെപ്പറ്റി പാർലമെന്റിൽ പ്രധാനമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുക, സർക്കാരിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടുക എന്നീ ലക്ഷ്യത്തോടെ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ ‘ഇന്ത്യ’ വിജയിച്ചപ്പോൾ അവിശ്വാസപ്രമേയ ചർച്ച നടന്ന രണ്ടു ദിവസവും സഭയിൽ വരാതെ വിട്ടുനിന്ന് പ്രധാനമന്ത്രി മോദി പിന്നീട് സഭയിൽ നടത്തിയ പ്രസംഗം രാഹുലിന്റെ പ്രസംഗം പോലെ മാധ്യമങ്ങൾ ഏറ്റെടുത്തില്ല.
ഇന്ത്യ മുന്നണിയുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതിന്റെ ആശങ്ക കേന്ദ്രസർക്കാറിനു ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ എന്ന പേരിന് ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക് ബിജെപി തയ്യാറാക്കുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊക്കെ തരത്തിലുള്ള അപഹാസങ്ങൾ പടച്ചുവിടുന്നത് അതിന്റെ പിൻബലത്തിലാണ്
പ്രതിപക്ഷ കക്ഷികളുടെ മുന്നണിക്ക് ‘ഇന്ത്യ’ എന്നു പേരിട്ട വിഷയത്തിൽ ഡൽഹി ഹൈക്കോടതി നോട്ടിസയച്ചിട്ടുണ്ട് കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡ്യയെ ഭയമാണ്, ഇതെല്ലാം പ്രകടമാക്കുന്നത് അദ്ദേഹത്തിന്റെ പരിഭ്രാന്തിയാണ് -പുതിയ പ്രതിപക്ഷസഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടും ഇന്ത്യൻ മുജാഹിദീനോടും മോദി ഉപമിച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രതികരണമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിവിധ പാർട്ടി നേതാക്കളുടെ പൊതുവികാരമാണ് നിതീഷ് പ്രകടിപ്പിച്ചത്. എൽപിജി ഗ്യാസിന്റെ വില പൊടുന്നനെ 200 രൂപ കുറയ്ക്കുന്നതും G20 ഉച്ചകോടി പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയെ മറികടക്കാനുള്ള പ്രധാന നീക്കങ്ങളാണ്.
വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർക്കും ഭവനരഹിതർക്കും നൽകിയ വാഗ്ദാനങ്ങളിൽ വന്ന വീഴ്ച എന്നിവയെല്ലാം കാരണം നരേന്ദ്ര മോദി സർക്കാർ കുറച്ചുകാലമായി പ്രതിരോധത്തിലായിരുന്നു. അവ പലതും ഇപ്പോൾ സർക്കാറിന്റെ കൈയിൽ ഒതുങ്ങാത്ത അവസ്ഥയിലാണ്. മോദിയെയും പാർട്ടിയെയും കുഴക്കുന്നതായി പറയപ്പെടുന്ന രണ്ടാമത്തെ കാര്യം വർധിച്ചുവരുന്ന അഴിമതി ബാന്ധവമാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിനെ പാർട്ടി ധനശക്തി ഉപയോഗിച്ചാണ് താഴെയിറക്കിയതെന്ന ധാരണ രാജ്യമൊട്ടുക്കും പടർന്നു.
താക്കറെയെ താഴെയിറക്കിയത് ‘നിയമവിരുദ്ധ’മായാണ് എന്ന ധാരണയെ ശക്തിപ്പെടുത്തിയത് ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ തീർപ്പാണ്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെത്തന്നെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ഒരു പിളർപ്പ് സൃഷ്ടിക്കാനും അജിത് പവാറിനെയും എട്ടു സഹപ്രവർത്തകരെയും ചാടിച്ചെടുത്ത് ഏക് നാഥ് ഷിൻഡെ സർക്കാറിന്റെ ഭാഗമാക്കാനും ബി.ജെ.പി മടിച്ചില്ല.ഇൻഡ്യ എന്ന പ്രതിപക്ഷസഖ്യത്തിന്റെ നേതാക്കളെ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണ വലയത്തിലുള്ള ഒരുകൂട്ടം അഴിമതിക്കാർ എന്നാണ് ബി.ജെ.പി ആദ്യം വിശേഷിപ്പിച്ചിരുന്നത്.
‘‘നാലുപാടുനിന്ന് നോക്കിയാലും ബി.ജെ.പിയിലാണ് കൂടുതൽ അഴിമതിക്കാരായ നേതാക്കൾ. കേന്ദ്ര ഏജൻസി അന്വേഷണം നേരിട്ടിരുന്ന അവർ ബി.ജെ.പിയിൽ ചേർന്നതോടെ അവരുടെ അലക്കുയന്ത്രത്തിലിട്ട് പരിശുദ്ധരാക്കപ്പെട്ടു - രാജ്യസഭ എം.പിയും ആർ.ജെ.ഡി വക്താവുമായ മനോജ് ഝാ പറയുന്നു.
10 വർഷം ഭരിച്ച മൻമോഹൻ സിങ് സർക്കാറിനുമേൽ നയത്തകർച്ചകളുടെയും അഴിമതിയുടെയും ആക്ഷേപങ്ങൾ ചൊരിഞ്ഞാണ് 2014ൽ ബി.ജെ.പി അധികാരം നേടുന്നത്. ഇപ്പോൾ, അവരുടെ കഴിവില്ലായ്മയും അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തിറങ്ങുന്ന സംഘടിത പ്രതിപക്ഷത്തിന് മോദിക്കെതിരെ കടുത്ത ഭരണവിരുദ്ധത വികാരം സൃഷ്ടിക്കാൻ സാധിച്ചേക്കുമെന്ന സ്ഥിതിയുണ്ട്.
എന്നാൽ ഇന്ത്യ മുന്നണി എന്നത് ആശയപരമായി ഒത്തുപോകുന്ന ഒറ്റനോട്ടത്തിൽ മനസ്സിലാകും. പരിഹാസ രൂപേനെ അതൊരു സാമ്പാർ മുന്നണിയാണ്. പൊതുവേ രാഷ്ട്രീയ വൈരികളായ ആം ആദ്മിയും കോൺഗ്രസും ഇതിനോടകം ഒന്ന് രണ്ട് തവണ കൊമ്പുകോർത്ത് കഴിഞ്ഞു. ദേശീയതലത്തിൽ ഏകോപന സമീപനം ഉണ്ടെങ്കിലും കേരളത്തിലേക്ക് വന്നാൽ കോൺഗ്രസുകാരും ഇടതുപക്ഷവും ഒന്നിക്കാൻ ഇടയില്ല. ബംഗാളിലെ സ്ഥിതിയും മറിച്ചല്ല തൃണമൂലും കോൺഗ്രസും അത്ഭുതത്തോടെ ഒന്നിച്ചാലും അവിടെ ഇടതുപക്ഷം തൃണമൂലമായി കൈകോർക്കുമെന്ന് കരുതാനാകില്ല. പ്രതിപക്ഷ ഐക്യ നിരയിൽ ബിഎസ്പി എന്ന ദേശീയതലത്തിലെ പ്രധാന ശക്തികളും ഇല്ല.
നിരവധി കർമ്മ പദ്ധതികളും നയരൂപീകരണ ചർച്ചകളും സമിതി രൂപീകരണവുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ ലക്ഷ്യം വെക്കുന്നത് ഒന്നേ ഒന്ന് മാത്രം ബിജെപിയെ പുറത്താക്കുക. എളുപ്പമല്ലെങ്കിലും ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം അവരെ അതിലേക്ക് ശക്തിയായി നയിക്കുകയാണ്. അതോടെ തിരഞ്ഞെടുപ്പ് കളം ഇന്നേവരെ കണ്ടതിൽ വെച്ചുള്ള ശക്തമായ ഒരു മത്സരം ആകും എന്നതിൽ സംശയമില്ലാതായിരിക്കുകയാണ്.
