പടച്ചോന്റെ പിരിഷത്തിലേറിയ ഇശലിന്റെ നായിക വിളയിൽ ഫസീല

The Line

മലപ്പുറം ജില്ലയിൽ ചീക്കോടിനടുത്ത് വിളയിൽ പടിയിൽ 1960ൽ കേളന്റെയും ചെറു പെണ്ണിന്റെയും മകളായിട്ടാണ് പിന്നീട് ഫസീല ആയി മാറിയ വത്സല ജനിച്ചത്‌. നാലു വയസ്സിനു മൂത്ത നാരായണനാണ് സഹോദരൻ. ജനിച്ച് മൂന്നു വയസ്സായപ്പോൾ അമ്മ മരണപ്പെട്ടു. പിന്നീട് അച്ഛനും അമ്മാവനുമാണ് പോറ്റി വളർത്തിയത്. നല്ല ശബ്ദത്തിനു ഉടമയായിരുന്നു വത്സല. കുടുംബത്തിലാരും പാട്ടുകാർ ആയിട്ടില്ല. ഒരു ദിവസം അടുത്ത നാട്ടുകാരനായ കാരിക്കുഴിയിൽ മുഹമ്മദ് മാസ്റ്റർ ഒരു യോഗത്തിന് പോകും വഴി സന്ധ്യാ സമയത്ത് യാദൃശ്ചികമായി വത്സലയുടെ കുടിലിനടുത്തുകൂടെ പോകാൻ ഇടയായി. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ മെലിഞ്ഞ ആ കുട്ടി മനോഹരമായി പാടുന്നുണ്ടായിരുന്നു. മാഷ് കുറച്ചു സമയം അവിടെ നിന്നു. അതല്ലെങ്കിൽ മാഷിനെ ആ പാട്ട് കുറച്ചുനേരം പിടിച്ചുനിർത്തി . പിന്നീട് മാഷ് ആ വീട്ടിൽ കയറി വത്സലയെയും അച്ഛനെയും കണ്ടു. പാട്ടുപാടാൻ വത്സലയും പാടാൻ അയക്കാൻ അച്ഛനും തയ്യാറായിരുന്നു. അങ്ങനെ തന്റെ പത്താം വയസ്സിൽ 1970 ൽ ബാലലോകം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അവർ പോയി. ഈ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ കൂട്ടുകാരികളായ യശോദ, മാലതി, സുശീല, സജി, എന്നീ പെൺകുട്ടികളും ഉണ്ടായിരുന്നു. വത്സലക്ക് തൻ്റെ പേരിട്ടത് സൗദാമതി ടീച്ചർ എന്ന കവയിത്രിയായിരുന്നു. അവർ ഉണ്ടാക്കിയ "കുതി കുതിച്ചോടുന്ന ചെറുജ്വാല " എന്ന പാട്ടാണ് ടെസ്റ്റിനായി പാടിയത്. 
8:30ന് സാധാരണ നടക്കാറുള്ള ഭക്തിഗാനത്തിലേക്ക് അവർക്ക് മാത്രമേ അവസരം കിട്ടിയുള്ളൂ. ആദ്യമായി റേഡിയോയിൽ പാടിയത് 
' ആദ്യവുമില്ലാ അന്ത്യവുമില്ലാ അനുഭവനായള്ളാ " 
എന്ന പാട്ടായിരുന്നു. പിന്നീട് കാരിക്കുഴിയിൽ മുഹമ്മദ് മാസ്റ്റർ വത്സലയെയും ഇന്ദിരാ ജോയിയെയും കൂട്ടി പുളിക്കൽ ദാറുസ്സലാം എന്ന വി.എം കുട്ടി മാസ്റ്ററുടെ വീട്ടിലെത്തി.അവിടെ അവരെ നിർത്തി പോരുകയായിരുന്നു. ചില തീവ്ര ചിന്താഗതിക്കാർ മാഷിന്റെ വീട്ടിൽ അന്യമതസ്ഥർ താമസിക്കുന്നു എന്ന പേരിൽ കലാപശ്രമം വരെ നടത്തി. എന്നാൽ അത് വിജയം വരിച്ചില്ല. പിന്നീട് അറബി അക്ഷരം ശുദ്ധിയോടെ വത്സല പാടി തുടങ്ങി. 
പപ്പൻ, കൃഷ്ണദാസ്, കോഴിക്കോട് അബൂബക്കർ, എന്നീ സംഗീതജ്ഞർ സംവിധാനം ചെയ്ത പാട്ടുകൾ വത്സല പഠിച്ചു പാടി.
1976 തന്റെ പതിനാറാം വയസ്സിൽ എം ഇ എസ് അഖിലേന്ത്യ തരത്തിൽ കോഴിക്കോട് നടത്തിയ പാട്ടുമത്സരത്തിൽ വത്സല ഒന്നാം സ്ഥാനവും മികച്ച ഗായികക്കുള്ള അവാർഡും നേടുകയുണ്ടായി. അല്ലാഹുവിനെ ഇസ്ലാമിനെ പ്രവാചകനെ കുറിച്ചാണ് അന്നൊക്കെ അവർ കൂടുതൽ പാടിയത്. 
ബീ ആർ മുഹാദ്, മമ്മദ്, ശൈലജ, വി എം കുട്ടി, വത്സല, എറഞ്ഞോളി മൂസയും സംഘവും അക്കാലത്തെ മികച്ച മാപ്പിളപ്പാട്ടുകാർ ആയിരുന്നു. അവരിൽ ഒന്നാം സ്ഥാനം മിക്കവാറും എല്ലായിപ്പോഴും വത്സലക്കും വി എം കുട്ടിക്കും തന്നെയായിരുന്നു. 
ഇസ്ലാമിക സംസ്കാരം മനസ്സിലാക്കിയിട്ടാണ് വത്സല ഇസ്ലാം സ്വീകരിച്ച് ഫസീല ആയി മാറിയത്. 1986ൽ പി കെ പി മുഹമ്മദലി പയ്യന്നൂർ അവരെ വിവാഹം ചെയ്തു. ആദ്യം ഒരു വിവാഹം അവരുടെ മതക്കാരൻ തന്നെ കഴിച്ചിരുന്നു. അതിൽ സന്താനങ്ങൾ ഒന്നുമില്ല. പി കെ പി മുഹമ്മദലിക്ക് ഫസീലയിൽ ഫയാദലി, ഫാഹിമ എന്നീ രണ്ടു മക്കൾ ഉണ്ടായി.
ഫസീലയുടെ മറക്കാനാവാത്ത പാട്ടുകളാണ്
" ഇലാഹിയാ ഇലാഹിയാ ഇലാഹീ
ഇലാഹി തൗബത്തൻ കബ് ലൽ മമാത്തി 
കരയാൻ മാത്രമാണോ കണ്ണെനിക്ക്
കനിവിൻ കണ്ണ് കാഴ്ചക്കായി തുണയ്ക്ക് "
മറ്റൊന്ന്
" ഉടനെ കഴുത്തെന്റെ 
അറുക്കൂ ബാപ്പാ ...
ഉടയോൻ തുണയില്ലേ 
നമുക്ക് ബാപ്പാ... "
മറ്റൊന്ന്
" ഹജ്ജിന്റെ രാവിൽ കഅബ കിനാവിൽ കണ്ട്
ശജറത്ത് പൂത്ത സുവർഗത്തിന് വാതിൽ കണ്ട് "
മറ്റൊന്ന്
"ആകലോകതാരണ മുത്തൊളി
യാ റസൂലേ ....എന്നും
ആതിജോതി പൂരണബിത്തൊളി
യാ ഹബീബേ... "
മറ്റൊന്ന്
" പടപ്പ് പടപ്പോടെ 
പിരിശത്തിൽ നിന്നോളി
പടച്ചോന്റെ കാരുണ്യം 
കിട്ടുന്നതു കണ്ടോളീ ..."
തുടങ്ങിയിട്ടുള്ള പാട്ടുകളൊക്കെ ഇന്നും ആയിരങ്ങൾ പാടിക്കൊണ്ടിരിക്കുകയാണ്. 
1991ൽ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഫസീലയ്ക്ക് മാപ്പിള കലാ രത്നം അവാർഡ് നൽകി ആദരിച്ചു. ശിഹാബ് തങ്ങളുടെ ഭാര്യ ബീവിയും ഫസീലയും തമ്മിൽ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ പിതാവ് അബ്ദുറഹ്മാൻ ബാഖഫി തങ്ങളെ കുറിച്ച് പാടിയ പാട്ട് അവർ പലപ്പോഴും പാടാൻ ആവശ്യപ്പെട്ടിരുന്നു.
ആ പാട്ട് ഇങ്ങനെയായിരുന്നു

" കേരള മക്കളിൽ കണ്മണിയായി പൂരണ കൗതുക ചന്ദ്രികയായി
ഭാരത നാട്ടിനനുഗ്രഹമായി ജനിച്ചുവളർന്ന സയ്യിദ് ബാഖഫി തങ്ങളു വിട്ടു പിരിഞ്ഞത് വേദനയായി ".
വിഖ്യാത സംഗീതജ്ഞരുടെ കൂടെയൊക്കെ പാടാനും അവർ സംഗീതം ചെയ്ത പാട്ടുകൾ പാടാനും ഫസീലയ്ക്ക് ഭാഗ്യം ലഭിച്ചു.
പ്രസിദ്ധ സംഗീതജ്ഞർ എം എസ് ബാബുരാജിന്റെ കൂടെ അവർ ഒരു പാട്ട് പാടുകയും ചെയ്തിട്ടുണ്ട്.
" വിശ്വാ പ്രപഞ്ചത്തി നാകറസൂൽ
വിശ്വാസികൾക്ക് ഹബീബേ
കരിനീല മേഘം ഇരുൾ തീർത്തമാനത്ത്
കനിവായി വിടർന്ന നിലാവേ".
പ്രസിദ്ധ ഗായകൻ യേശുദാസിന്റെ കൂടെ സംഗൃത പമഗിരി അവർ വളരെ വൃത്തിയായി പാടിയിട്ടുണ്ട്. അതുപോലെതന്നെ സൂഫി പാട്ടുകാരുടെ പല മദ്ഹ് ഗാനങ്ങളും ഫസീല യേശുദാസിന്റെ കൂടെ പാടിയിട്ടുണ്ട്. യേശുദാസിന് പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുമുണ്ട്. യേശുദാസ് ഫസീലയുടെ ശബ്ദത്തിലേക്ക് ഇറങ്ങിവന്ന് പാടുകയാണ് ചെയ്തിരുന്നത്. മൂന്ന് സിനിമകളിലെങ്കിലും പിന്നണിയായി ഫസീല പാടിയിട്ടുണ്ട്.
ഒരു നിയോഗം പോലെ അവസാനം വാങ്ങിയ അവാർഡ് ഇശൽ രചനയുടെ വി എം കുട്ടിയുടെ സ്മാരക അവാർഡ് ആയിരുന്നു.
ടിവി ഇബ്രാഹിമിയിൽ നിന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് അവർ പതിനായിരം രൂപയും പ്രശസ്തി പദവും മോമെന്റും ഏറ്റുവാങ്ങിയത്. നല്ലൊരു ഉമ്മയായിരുന്നു അവരെന്ന് ഫയാദ് സൂചിപ്പിച്ചിട്ടുണ്ട്. നല്ല ഭാര്യയായിരുന്നുവെന്ന് മുഹമ്മദലിക്ക പലപ്പോഴും പറയാറുണ്ടായിരുന്നു. നല്ല അയൽക്കാരി ആയിരുന്നുവെന്ന് വെള്ളിപ്പറമ്പിലുള്ള സഹോദരിമാരും സാക്ഷ്യപ്പെടുത്തുന്നു. അവർ നല്ല പാട്ടുകാരി ആണെന്ന് കേരളക്കാർ മൊത്തത്തിൽ അംഗീകരിച്ചിട്ടുണ്ട്.