തൂഫാനുൽ അഖ്സ : ഇസ്റാഈലിനേറ്റ വിമോചനത്തിന്റെ പ്രഹരം

The Line

തൂഫാനുൽ അഖ്സ : ഇസ്റാഈലിനേറ്റ വിമോചനത്തിന്റെ പ്രഹരം




16 വർഷങ്ങളായി തുടരുന്ന ഉപരോധത്തിൽ ഗസ്സയിലെ കാൽകോടിയോളം മനുഷ്യരും 45 ചതുരശ്ര കിലോമീറ്റർ മാത്രമുള്ളയാ പരന്ന ഭൂപ്രതലവും 24 മണിക്കൂറും നൂതന സാങ്കേതിക വൈദഗ്ദ്യങ്ങളിലൂടെ സയണിസ്റ്റ് നിരീക്ഷണത്തിലാണ്. ഫലസ്തീനികൾ ശ്വാസം വിടുന്ന ശബ്ദം പോലും സയണിസ്റ്റുകൾ കേൾക്കുമെന്നാണ് തള്ള്. ഇതുവരെ കണ്ടെത്തിയ തുരങ്കങ്ങളും തുരങ്ക സാധ്യതയുള്ള പ്രദേശങ്ങൾ മുഴുവനും 'നിരീക്ഷണത്തിലാണ്'. സാങ്കേതികങ്ങൾക്ക് പുറമെ വേഷത്തിലും ഭാഷയിലും അറബിവൽക്കരിക്കപ്പെട്ട സയണിസ്റ്റുകളും ഒറ്റുകാരും ചാരപ്പണിയുമായി അവിടെ ചുറ്റിത്തിരിയുന്നുണ്ട്. 

പറഞ്ഞിട്ടെന്ത്? ക്ഷമയോടെ ഉറച്ചുനിന്നു തയ്യാറെടുത്ത കൊച്ചുസംഘം ഇറങ്ങിയപ്പോൾ ദേ കിടക്കുന്നു.


ഇതുവരെ 1538 ഓളം സയണിസ്റ്റുകൾ കൊല്ലപ്പെട്ടു. അതിൽ 339 പേർ സൈനികരാണ്. 5431 പേർക്ക് പരിക്കേൽക്കപ്പെട്ടു. 241 പേർ തടവിലാക്കപ്പെട്ടു. തടവിലാക്കപ്പെട്ട സയണിസ്റ്റുകളുടെ കണക്ക് നെതന്യാഹു കരുതുന്നതിനേക്കാൾ (പറയുന്ന നുണയെക്കാളല്ല) എത്രയോ മുകളിലാണെന്ന് ഖസ്സാം നേതാവ് അബൂഉബൈദ. ഈ കണക്കുകളെല്ലാം ഇസ്രായേൽ ഔദ്യോഗിക ചാനലായ ദി ജെറുസലേം പോസ്റ്റ് നൽകുന്ന വിവരങ്ങളാണ്.എന്നാൽ ഇത് കൃത്യമല്ല ഇതിനുശേഷവും ഒരുപാട് സൈനികർ മരിച്ചതായി ഇസ്രായേൽതന്നെ റിപ്പോർട്ട് ചെയ്തെങ്കിൽ ഔദ്യോഗിക കണക്കിൽ ഇത് കൂടിയതായി കാണുന്നില്ല. പിന്നെ ലെബനീസ് പാരാമിലിട്ടറി വിങ്ങായ ഹിസ്ബുളളയുടെ വക ഒരുപാട് മുന്നേറ്റങ്ങളും ഇസ്രായേലിനെതിരെ നടന്നിട്ടുണ്ട്. 120 സൈനികർ കൊല്ലപ്പെട്ടു അല്ലെങ്കിൽ പരിക്കേൽപ്പിക്കപ്പെട്ടു. 69 വാർത്ത വിനിമയ സംവിധാനങ്ങൾ 17 ജാമിംഗ് സംവിധാനങ്ങൾ 27 രഹസ്യാന്വേഷണ സംവിധാനങ്ങൾ തകർത്തു. 28 മേഖലകളിൽ നിന്ന് 65,000 പേരെ ഒഴിപ്പിച്ചു.13 സായുധ വാഹനങ്ങൾ നശിപ്പിച്ചു അതിൽ രണ്ടെണ്ണം കവചിത വാഹനമാണ്, 2 ഹമ്മറുകൾ, 9 ടാങ്കുകൾ. 105 സൈനിക കേന്ദ്രങ്ങൾ തകർത്തു. 140 ക്യാമറകൾ 33 റഡാറുകൾ ഒരു യുഎവി ഡ്രോൺ നശിപ്പിച്ചു.

ഗസ്സക്ക് ചുറ്റും ഒരു കവർ പോലെ അവർ തീർത്ത 40കിമീ വെട്ടിപ്പിടിച്ച ഭൂമിയിലെ 50 അനധികൃത കുടിയേറ്റങ്ങൾ മുഴുവൻ ഹമാസ് പോരാളികളുടെ കയ്യിലാണിപ്പോൾ. അവിടുത്തെ പട്ടാള കേമ്പുകളടക്കം. 


നഷ്ടഭയങ്ങളില്ലാത്ത ആൺകുട്ടികൾ അരവയർ മുറുക്കിയുടുത്ത്

ഇറങ്ങിയതിന്ന് അവരുടെ കഠിനാധ്വാനത്തിന് അല്ലാഹു ഫലം കൊടുത്തതാണ്.

إِن يَنصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ 

അല്ലാഹു നിങ്ങളെ സഹായിച്ചാൽ പിന്നെ നിങ്ങളെയാരും അതിജയിക്കില്ല. അവൻ നിങ്ങളെ കയ്യൊഴിഞ്ഞാൽ ആർക്കാണ് നിങ്ങളെ സഹായിക്കാനാവുക? അതിനാൽ വിശ്വാസികൾ കാര്യങ്ങൾ അല്ലാഹുവിൽ ഭരമേല്പിയ്ക്കട്ടെ.


മുവ്വായിരം വർഷങ്ങൾക്കപ്പുറം ഇതേ ഫലസ്തീൻ ഭൂമികയിൽ നടന്ന പോരാട്ടത്തെകുറിച്ച ഖുർആൻ സൂചനയുടെ ആവർത്തനം. 

قالَ الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو اللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ 

അല്ലാഹുവിനെ കണ്ടുമുട്ടുന്നിടത്തേക്കാണ് പോക്കെന്ന് മനസ്സിലാക്കിയവർ പറഞ്ഞു, എത്രയെത്ര കൊച്ചുസംഘങ്ങളാണ് ഭീമാകാര സംഘങ്ങളെ അല്ലാഹുവിന്റെ അനുമതിയോടെ അതിജയിച്ചത്. സ്വബ്‌റോടെ ഉറച്ചുനിൽക്കുന്നവരുടെ കൂടെയാണല്ലാഹു.


2021ലെ സൈഫുൽ ഖുദ്‌സ് പോരാട്ടത്തിന് ശേഷം ഹമാസ് രണ്ടടി പിറകോട്ട് വച്ചിരുന്നു. ഇടക്കുണ്ടായ ഒന്നുരണ്ട് ചെറിയ സംഘർഷങ്ങളിൽ അവരെ രംഗത്തു കണ്ടില്ല. അതിന്റെ പേരിൽ പഴികൾ പലതും കേട്ടു. എന്നാൽ അവർ ആത്മവിശ്വാസം ചോരാതെ ഒരുങ്ങുകയായിരുന്നു. 

يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

വിശ്വാസികളെ നിങ്ങൾ അല്ലഹുവിനെ സഹായിക്കാനൊരുക്കമാണെങ്കിൽ അവൻ നിങ്ങളെ സഹായിക്കും, നിങ്ങൾക്ക് ചുവടുറപ്പ് നൽകും.


ദൈവികശിക്ഷകളെല്ലാം ഇറങ്ങിയത് പ്രഭാതത്തിലായിരുന്നല്ലോ. ബലാരിഷ്ടതകൾക്കിടയിലും നിരാശരാവാതെ അക്രമികൾക്ക് വേണ്ടി അവർ തയ്യാറാക്കിയ അത്ഭുതപ്രഭാതം. അതിങ്ങെത്തിപ്പോയി. 

إِنَّ مَوْعِدَهُمُ الصُّبْحُ أَلَيْسَ الصُّبْحُ بِقَرِيبٍ 

ഒക്ടോബർ ഏഴിന്റെ സുപ്രഭാതത്തിൽ 5000 റോക്കറ്റുകളും ആയിരത്തിലധികം പോരാളികളും അധിനിവിഷ്ട ഭൂമിയിലേക്ക് അയച്ചുകൊണ്ട്, സാധ്യമായ ശക്തികൾ സംഭരിച്ചു വിനിയോഗിച്ചു ഇറങ്ങിയപ്പോൾ അവർ വിളിച്ചുപറയുന്നത് കേട്ടു. 

فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ

അവരിതുവരെ കണ്ടിട്ടില്ലാത്ത സൈന്യങ്ങളുമായി ഞങ്ങൾ വരികയാണ്, അവിടങ്ങളിൽ നിന്നവരെ ഞങ്ങൾ നിന്ദ്യരായി പുറത്തേക്ക് കൊണ്ടുവരും...

ആ നംറൂദിനെയൊക്കെ വലിച്ചു പോണ പോക്ക് കണ്ടില്ലേ..


അധിനിവിശ്ട ഫലസ്തീനിലെ സയണിസ്റ്റ് സമൂഹം ഒരു സൈനിക സമൂഹമാണ്. അധിനിവേശവും കയ്യേറ്റവും അനുവദിക്കുകയും കയ്യേറിയ ഭൂമികളിൽ നിന്ന് അവകാശികളെ പുറത്താക്കി അവിടെ താമസിക്കുകയും ചെയ്യുന്ന, അതിനായി നിർബന്ധിത സൈനികസേവനവും സന്നദ്ധസേവനവും നടത്തുന്ന ക്രൂരസമൂഹം. മറുവശത്ത് തങ്ങളുടെ ഭൂമിയിൽ നിന്ന് അധിനിവേശത്തെ തുരത്തുക എന്ന ഏകലക്ഷ്യത്തിൽ കേന്ദ്രീകരിച്ചു കോമ്പ്രമൈസ് ഇല്ലാതെ പോരാടുന്ന ഫലസ്തീൻ ചെറുത്തുനില്പുകാർക്ക് കൃത്യമായ പെരുമാറ്റ ചട്ടമുണ്ട്. തൂഫാൻ അൽഅഖ്‌സ പ്രഖ്യാപിച്ച മുഹമ്മദ് ദൈഫ് അത് ഓര്മിപ്പിക്കുന്നത് കേട്ടു.

وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ

നിങ്ങൾ പോരാട്ടത്തിൽ

അതിക്രമങ്ങൾ ചെയ്യരുത്, അല്ലാഹുവിന് അതിക്രമകാരികളെ ഇഷ്ടമല്ല. പോരാട്ടങ്ങൾക്കിറങ്ങുമ്പോൾ റസൂൽ(സ) നൽകിയ നിർദേശം ഓർമിപ്പിക്കുന്നതും കേട്ടു: “യുദ്ധത്തിൽ പങ്കെടുക്കാത്ത സ്ത്രീകളെയും കുട്ടികളെയും ചെറിയ കുഞ്ഞുങ്ങളെയും പ്രയാധിക്യം ബാധിച്ചവരെയുമൊന്നും വധിക്കരുത്...” അതൊക്കെ പാലിക്കപ്പെടും.


ഈ പോരാട്ടത്തിൽ ഫലസ്തീനികൾ മുഴുവൻ കൊല്ലപ്പെട്ടാൽ പോലും അവർ പിൻവാങ്ങില്ല. അവർക്ക് കൃത്യമായ ലക്ഷ്യബോധ്യമുണ്ട്

هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ

രണ്ടാലൊരു നന്മയല്ലാതെ എന്തെങ്കിലും ലക്ഷ്യം ഞങ്ങൾക്കുണ്ടെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? - ഏതാണ് രണ്ടു നന്മകളെന്ന് റസൂൽ പറഞ്ഞുകൊടുത്തിട്ടുണ്ട്

فإما النصر وإما الشهادة

വിജയം അല്ലെങ്കിൽ രക്തസാക്ഷ്യം. 


ഈ പോരാട്ടത്തോടെ സയണിസ്റ്റ് അധിനിവേശം അവസാനിച്ചുവെന്ന് പ്രവചിക്കാനാവില്ല. സർവശക്തിയും ഉപയോഗിച്ചവർ തിരിച്ചടിച്ചേക്കും. അഖ്‌സയുടെ ഭൂമിക അന്ത്യനാൾ വരെ സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന് കളമാവുക അല്ലാഹുവിന്റെ നിശ്ചയമാണ്. അത് നടമാടിക്കൊണ്ടിരിക്കും. പക്ഷേ, ഹമാസ് നേതാവ്, മുൻ പ്രധാനമന്ത്രി ഇസ്‍മാഈൽ ഹനിയ്യ പറഞ്ഞപോലെ, സയണിസ്റ്റ് അധിനിവേശം അവസാനിക്കുന്നതിന് തുടക്കമാണീ തൂഫാൻ.


1800കളുടെ അവസാനം മുതൽ സയണിസത്തോട് ചേർന്നുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവും പണിയാളുകളും പതിറ്റാണ്ടുകളെടുത്ത് തീർത്തും അന്യായമായി അറബികളുടെ ഫലസ്തീൻ ഭൂമിയിൽ ബലാൽക്കാരമായി സ്ഥാപിച്ചതാണ് ഇസ്രായേൽ എന്ന് വിളിക്കപ്പെടുന്ന സയണിസ്റ്റ് അധിനിവേശം. യൂറോപ്യൻ ഭൂമിയിൽ നിന്ന് ജൂതശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതടക്കം പല സ്വാർത്ഥ താൽപര്യങ്ങൾ അതിനു പിന്നിലുണ്ടായിരുന്നു. കൊളോണിയൽ - സയണിസ്റ്റ് പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ ഫലസ്തീൻ ഭൂമി വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഉസ്മാനി സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമൻ അതിനു കനത്ത വിലയൊടുക്കി. അധികാരം പോയി, നാടുകടത്തപ്പെട്ടു, അഭയാർത്ഥിയായി മരണം പുൽകി വീരചരിതം തീർത്തു. പക്ഷെ, ചരിത്രപരമായി ഒരു അധിനിവേശ അക്രമ സംവിധാനവും ഒരു നൂറ്റാണ്ടിലധികം നിലനിന്നിട്ടില്ല. ഹമാസ് സ്ഥാപകനേതാവ് അഹ്മദ് യാസീൻ സയണിസ്റ്റ് അധിനിവേശത്തിന് കൊടുത്ത ആയുസാവട്ടെ 75-80 കൊല്ലമാണ്. അതിങ്ങെത്തിയില്ലേ?