ദുരന്തമല്ല കൂട്ടക്കൊല

The Line

ഇന്ത്യാ ചരിത്രത്തിൽ തന്നെ ബ്രിട്ടീഷ് അധികാരികൾ നടപ്പാക്കിയ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിൽ ഒന്നാണ് 1921 നവംബർ 19ന് തിരൂരിൽ നടന്ന വാഗൺ കൂട്ടക്കൊല (Wagon Massacre). 'വാഗൺ ട്രാജഡി' (വാഗൺ ദുരന്തം) എന്ന പേരിട്ട് ബ്രിട്ടീഷ് അധികാരികൾ നിസ്സാരവൽക്കരിച്ച കൂട്ടക്കൊലയിൽ 70 പേരാണ് രക്തസാക്ഷികളായത്. 1921ലെ ഐതിഹാസികമായ മലബാർ മുന്നേറ്റത്തിന് മൂന്നുമാസം തികയുമ്പോഴാണ് ഏറ്റവും ദുഃഖകരവും രോഷമുണർത്തുന്നതുമായ ആ സംഭവം നടന്നത്. പിടിക്കപ്പെട്ട ബന്ധികളുമായി തിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ റെയിൽവേയുടെ ചരക്ക് വാഗണിലെ തടവുകാരെ ശ്വാസംമുട്ടിച്ച് കൂട്ടക്കൊല ചെയ്ത സംഭവമാണ് വാഗൺ ട്രാജഡി. തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്കുവാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്. സമാനമായി വായു കടക്കാതെ അടച്ചു പൂട്ടിയ വണ്ടികളിൽ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗൺ ട്രാജഡി വിചാരണവേളയിൽ തെളിഞ്ഞിട്ടുണ്ട്.

മലബാർ സമരം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിചാരണയും ആരംഭിച്ചു. തടവുകാരായി പിടിക്കപ്പെട്ടവരെ ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചിരുന്നത്. കണ്ണൂരിൽ‌ സ്ഥലം തികയാതെ വന്നതോടെ സമരക്കാരെ ബല്ലാരിയിലേക്ക് കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു. തടവുകാരെ ബല്ലാരിയിലെത്തിക്കാൻ ചുമതലപ്പെട്ടവർ സ്പെഷ്യൽ ഡിവിഷൻ ഉദ്യോഗസ്ഥൻ ഇവാൻസ്, പട്ടാള കമാന്റർ കർണ്ണൻ ഹംഫ്രിഡ് , ജില്ലാ മേധാവി ഹിച്ച് കോക്ക് എന്നിവരായിരുന്നു.

കന്നുകാലികളെ കയറ്റുന്ന വണ്ടിയിലായിരുന്നു ആദ്യം തടവുകാരെ ബെല്ലാരിയിലേക്ക് കൊണ്ടുപോയത്. അത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ ഹിച്കോക്ക് കൊണ്ടുപോകുന്നത് ചരക്ക് വാഗണിലാക്കുകയായിരുന്നു. ആദ്യം ചരക്കു വാഗണിന്റെ പ്രവേശന കവാടം കയർ ഉപയോഗിച്ച് ബന്ധിക്കുവാനും സ്റ്റേഷനുകളിൽ വണ്ടി നിർത്തി തടവുകാർക്ക് ശുദ്ധവായു ശ്വസിക്കുവാനുമുള്ള അവസരവും ഒരുക്കി കൊടുത്തിരുന്നു. സ്റ്റേഷനുകളിൽ ശുദ്ധവായു ശ്വസിക്കാനിറങ്ങുന്ന തടവുകാരെ തിരിച്ച് വണ്ടിയിൽ കയറ്റുവാനും വണ്ടിക്ക് കാവൽ നിൽക്കുവാനും ആവശ്യത്തിന് പോലീസുകാരെ കിട്ടാത്തതിനാൽ പിന്നീട് ഈ ആനുകൂല്യം ഒഴിവാക്കുകയായിരുന്നു. ഹിച്കോക്കിന്റെ ഈ മനുഷ്യത്വരഹിത തീരുമാനമാണ് 64 പേരുടെ ജീവനെടുക്കാൻ കാരണമായത്. മദ്രാസ് ,സൗത്ത് മറാട്ട കമ്പനിക്കാരുടെ എം എസ് എം - എൽ വി 1711 എന്ന് മുദ്രണം ചെയ്ത വാഗണിലാണ് തടവുകാരെ കൊണ്ടുപോയത്. 

അടച്ചുപൂട്ടിയ വാഹനങ്ങളിൽ തടവുകാരെ കൊണ്ടുപോകാൻ തുടങ്ങിയത് മുതൽ അവരുടെ നരകയാതനയും തുടങ്ങി. ഇപ്രകാരം അടച്ചിട്ട വാഗനുകളിലായി 32 പ്രാവശ്യമായി രണ്ടായിരത്തോളം തടവുകാരെ കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ കൊണ്ടുപോയവരിൽ ശ്വാസംമുട്ടിയും തൊണ്ട വറ്റിയും മരിച്ചവരുടെ കണക്ക് വാഗൺ ദുരന്തത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 

വാഗണിലെ ദാരുണമരണത്തില്‍നിന്ന് രക്ഷപ്പെട്ട കൊന്നാര അഹമ്മദ് ഹാജിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. "ഇരുന്നൂറ് പാദങ്ങൾ ഒരുമിച്ചമരാനുള്ള സ്ഥലസൗകര്യം ആ വാഗണിനുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെ യാത്ര തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ് ഞങ്ങൾ ആർത്തു കരഞ്ഞു. കൈയ്യെത്തിയവരൊക്കെ വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ചു ശബ്ടമുണ്ടാക്കി. വാഗണിനകത്ത് കൂരാക്കൂരിരുട്ട്. വണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കാൻ പോകുന്നതായി തോന്നി. ഷോർണൂരായിരുന്നു അത്. ഞങ്ങൾ ശേഷിച്ച ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു."

പോത്തന്നൂർ എത്തി വാഗണിന്റെ കവാടം തുറന്ന ഉദ്യോഗസ്ഥർ കണ്ടത് മലമൂത്ര വിസർജ്യത്തിൽ പൊതിയപ്പെട്ട ശവശരീരങ്ങളായിരുന്നു. അവരിൽ ജീവനുണ്ടായിരുന്നവരെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയും, ശവശരീരങ്ങളെ ഏറ്റെടുക്കാൻ പോത്തന്നൂർ സ്റ്റേഷൻ മാസ്റ്റർ തയ്യാറാകാത്തതിനെ തുടർന്ന് അവയെ തിരൂരിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്തത്. മൃതദേഹങ്ങളുമായി വണ്ടി തിരൂരിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞ് മലബാർ കളക്റ്റർ തോമസും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കാത്തുനിന്നു. വാഗൺ തിരൂറിൽ തുറന്നപ്പോൾ അകത്ത് രൂക്ഷഗന്ധം . മലമൂത്ര വിസർജ്ജനത്തിൽ പുരണ്ടും അന്യോന്യം കെട്ടിപ്പിടിച്ചുമുള്ള മൃതദേഹങ്ങൾ. മുസ്ലിം മൃതദേഹങ്ങളിൽ 44 എണ്ണം കോരങ്ങത്ത് പള്ളിയിലും 8 എണ്ണം കോട്ട് ജുമുഅത്ത് പള്ളിയിലെയും ഖബർസ്ഥാനിലും അടക്കം ചെയ്തതു. ഹൈന്ദവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആളില്ലാത്തതിനെത്തുടർ‌ന്ന് മുത്തൂരിലെ ഒരു കല്ലുവെട്ടുകുഴിയിലുമാണ് അടക്കം ചെയ്തത്.

വാഗൺ ദുരന്തം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ റെയിൽവേ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കിക്കൊണ്ട് ദ്വാരങ്ങളും വലകെട്ടുകളും ഉള്ള വാഗനാണ് ആവശ്യപ്പെട്ടതെന്ന് അധികാരികൾ മൊഴി നൽകി. വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടർമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 300 രൂപ വീതം സഹായധനം നൽകാനും തീരുമാനമായി. എന്നാൽ ഈ തുക ഏറ്റെടുക്കുവാൻ മരണപ്പെട്ടവരുടെ ബന്ധുക്കൾ തയ്യാറായില്ല. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ് , ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവർൺമെന്റ് വാഗൺ ദുരന്തത്തെക്കുറിച്ചു കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു.

ഇതിനിടയിൽ വാഹനത്തിൽ കുത്തിനിറച്ച മാപ്പിളമാരെ കൊലപ്പെടുത്തുവാനായി മനപ്പൂർവം വാഗനിൽ വിഷവാതകം ഉപയോഗിച്ചുവെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഡയറക്ടര്‍ സെലിന്‍ഡ്രോണ്‍ ഘോഷ് വെളിപ്പെടുത്തി. അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് രേഖകള്‍ അനുസരിച്ച് 1881 മുതല്‍ 1972 വരെ പ്രസിദ്ധീകരിച്ച ദി വില്‍കസ് ബാരി റിക്കോര്‍ഡിലാണ് ഇക്കാര്യം ഉള്ളത്. മാപ്പിള തടവുകാരെ കൊല്ലാന്‍ വിഷ വാതകം ഉപയോഗിച്ചുവോ എന്നാണ് അതിന്റെ ശീര്‍ഷകം.

പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു "ആ വാഗണില്‍ നൂറിലധികം പേരുണ്ടായിരുന്നു. അവരെ വാഗണില്‍ കുത്തി നിറച്ച ശേഷം പൂട്ടിയ വാഗണിനുള്ളിലേക്ക് ബ്രിട്ടീഷ് പട്ടാളക്കാര്‍ വിഷവാതക ബോംബുകള്‍ എറിയുകയായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. രണ്ട് ദിവസത്തിന് ശേഷം അത് ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അറുപത്തിനാല് തടവുകാര്‍ മരിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്ന മറ്റനേകംപേര്‍ പിന്നീടും മരണത്തിന് കീഴടങ്ങി. പൗരസ്ത്യ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ 'സംസ്‌കൃത' രീതികളുടെ മറ്റൊരു ഉദാഹരണമായിരുന്നു അത്. ഉറപ്പായും പ്രതികാരങ്ങളിലേക്ക് നയിക്കുന്ന ഒരു കൃത്യം."

മലബാറിലെ സ്വാതന്ത്ര്യസമര പോരാളികള്‍ കാറ്റുകടക്കാത്ത തീവണ്ടീവാഗണില്‍ ശ്വാസംമുട്ടി മരിച്ചുതീര്‍ന്ന നിഷ്ഠൂരമായ സംഭവത്തിന്റെ വേദനകൾ ഇന്നും മാറിയിട്ടില്ല. തിരൂരിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഈ കദന ചരിത്രം ഇന്ന് ഓർമ്മകളിൽ പോലുമില്ല. എല്ലാത്തിനും സാക്ഷിയായി തിരൂര്‍ റെയില്‍വേ സ്റ്റേഷനും രക്തസാക്ഷികളെ മറമാടിയ കോരങ്ങത്തെ വലിയ ജുമാ മസ്ജിദിലെ ഖബറിടങ്ങളും മാത്രം.