'ജി ഐ ഒ കേരള സംഘടിപ്പിച്ച 'DISCURSO MUSLIMAH' യിൽ 15 വർഷമായി അനീതിയുടെ വ്യവസ്ഥയിൽ ജയിലിൽ കഴിയുന്ന ഷിബിലിയുടെ ഇണ നജീബയുടെ വാക്കുകൾ

The Line

السلام عليكم ورحمة الله وبركاته

 അൽഹംദുലില്ലാ,

 വലിയ സന്തോഷം തോന്നുന്നുണ്ട്.  ഉമ്മത്തിന്റെ പ്രശ്നങ്ങളെ ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു സദസ്സിലേക്ക് വന്നതിൽ.  ഇരകളുടെ സംഗമം എന്നോ മറ്റോ ആണ്  ഇതിന്റെ പേര് എങ്കിൽ എനിക്ക് ഇത്രയും സന്തോഷം തോന്നുകയില്ലായിരുന്നു. മുസ്‌ലിം പ്രശ്നമന്ന നിലയിൽ ഞങ്ങളുടെ ഓരോരുത്തരുടെയും സങ്കടങ്ങൾ ഏറ്റെടുത്തതിൽ വലിയ സന്തോഷം തോന്നുന്നുണ്ട്. അൽഹംദുലില്ലാഹ് കേരളത്തിന്റെ അന്തരീക്ഷം പൊതുവേ ഞങ്ങളുടെ പ്രയാസങ്ങൾ ഏറ്റെടുത്തതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത് . മുസ്‌ലിം സമൂഹം അവരുടെ പ്രയാസങ്ങളുടെ കൂട്ടത്തിൽ അവ ചർച്ചചെയ്യുകയും അതിൽ നീതിക്ക് വേണ്ടി കഴിയുന്നതെല്ലാം എല്ലാ സംഘടനകളും വളരെ ആത്മാർത്ഥതയോടെ കൂടി തന്നെ ചെയ്തിട്ടുണ്ട്. അൽഹംദുലില്ലാഹ്.

എപ്പോഴും എനിക്കിഷ്ടം  ഇരകളെന്നതിന് പകരം സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നതിന്റെ പേരിൽ ത്യാഗപ്പെടുത്തേണ്ടിവന്നു എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം. നമ്മൾ ചരിത്രം വായിക്കുമ്പോൾ പലപ്പോഴും നമുക്ക് തോന്നാറുണ്ട് അവർ എന്തോ  പ്രത്യേകതരം വ്യക്തിത്വങ്ങൾ ആയിരിന്നിരിക്കുമെന്ന്. 

 സ്വഹാബാക്കളായ ബിലാൽ (റ ) സുമയ്യ(റ )  ഇവരെയൊക്കെ വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് അസാധാരണ വ്യക്തിത്വങ്ങൾ ആയിരിന്നിരിക്കണം, അല്ലെങ്കിൽ ഇവരങ്ങനെയിത് സഹിച്ചുവെന്നാണ് . പിന്നീട് അത് കഴിഞ്ഞ് സൂഫിയ മഅദനിയെ കാണുമ്പോഴും ഞാൻ വിചാരിക്കുന്നത് അവർക്ക് എന്തോ ചില ആസാമാന്യമായ ക്ഷമ അല്ലാഹു കൊടുത്തതുകൊണ്ടായിരിക്കും എന്നാണ് അല്ലെങ്കിൽ എങ്ങനെ ഇത് കഴിയുന്നു.തീർച്ചയായും അല്ലാഹു  നമ്മൾ അറിയാതെ നമ്മെ രൂപപ്പെടുത്തുന്നു  അല്ലെങ്കിൽ ആ വായനകളെല്ലാം  എന്നെ ആ നിലക്ക് രൂപപ്പെടുത്താൻ അല്ലാഹു സഹായിക്കുകയായിരുന്നു എന്ന് എനിക്ക് അറിയാൻ വർഷങ്ങൾ വേണ്ടിവന്നു . ചെറിയ പ്രായം മുതൽ കാണുന്ന ഓരോ തുണ്ടുപേപ്പറുകളും വായിക്കുമ്പോൾ വേറെ ആരെക്കാൾ കൂടുതൽ അത് വായിക്കുന്നത് കൊണ്ട്  ഉമ്മച്ചിയുടെ തല്ല് വാങ്ങേണ്ടി വന്നിട്ടുണ്ട് . പക്ഷേ അപ്പോഴും നമ്മുടെ പിന്നിൽ പടച്ചോന്റെ ഒരു തിരക്കഥ റെഡിയാകുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അല്ലാഹുവിന്റ  അപാരമായ അനുഗ്രഹത്താൽ സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് അതെന്ന്  അറിയാനും ആ നിലക്ക് അത് ക്ഷമിക്കുവാനും അല്ലാഹു എന്നെ രൂപപ്പെടുത്തുന്നതായിരിക്കണം. അല്ലാഹു അതിനെ കബൂലാക്കുമാറാകട്ടെ, ആമീൻ.

 ആദ്യം മുതൽ പൊതുവെ പബ്ലിക് പ്രോഗ്രാമിനോട് ഞാൻ താൽപ്പര്യം കാണിക്കാറില്ല.കാരണം ഒരു  കതന കഥ പറഞ്ഞുകൊണ്ട് ജനങ്ങളെ പിടിച്ച് ഇരുത്തുവാനോ അല്ലെങ്കിൽ നമ്മുടെ വിഷമങ്ങളെ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനോ എനിക്ക് ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ഞാൻ എന്നോട് തന്നെ ചോദിച്ചു. ഞാൻ പ്രതിനിധാനം ചെയ്യുന്ന ഒരു സംഗതിയെ ഉമ്മത്തിന് ഉപകരിക്കുന്ന എന്തെങ്കിലും അതിൽ ഉണ്ടെങ്കിൽ തീർച്ചയായും ഉമ്മത്തിനോട് എനിക്കൊരു കടപ്പാട് ഉണ്ടല്ലോ.

 ആ നിലയിൽ മാത്രമാണ് ഞാൻ ഈ പ്രോഗ്രാമിനെ എടുത്തത് . നമുക്കൊരു അമാനുഷികതയുമില്ല.

അല്ലെങ്കിൽ ഈമാനിന്റെ കൊടിയ അവസ്ഥകളുമില്ല 

നമ്മൾ തികച്ചും സാധാരണക്കാരാണ് . പക്ഷേ നമ്മളുടെ ഉള്ളിൽ അല്ലാഹു ഇട്ടുതരുന്ന ഒരു സ്പാർക്ക് ഉണ്ട് . നമ്മൾ നിലകൊള്ളുന്നത് സത്യമാണെങ്കിൽ നമ്മൾ നിലകൊള്ളുന്ന സത്യത്തിൽ നമുക്ക് വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും അതിജീവിക്കാനുള്ള കരുത്ത് അല്ലാഹു നമുക്ക്  തരും എന്ന് തന്നെയാണ് എന്റെ ജീവിതം എനിക്ക് പഠിപ്പിച്ച് തന്നത് .  ഒരു കുടുംബാംഗം വീട്ടിലില്ലെങ്കിൽ പോലും കരയുന്ന വളരെ ദുർബലയായ ഒരാളെ  അല്ലാഹുതന്ന  കരുത്ത് മാത്രമാണ് നിലനിർത്തുന്നത്.  ഒരു വ്യക്തിയേയും കണ്ടിട്ടല്ല ഒരാളുടെയും സൃഷ്ടിപ്പ് . തികച്ചും അല്ലാഹുവിന്റെ ദീൻ ആവശ്യപ്പെടുന്നത് ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതിനെയായിരിക്കും . ചിലപ്പോൾ നമ്മുടെ ജീവൻ തന്നെയായിരിക്കും അല്ലാഹുവിന്റെ മാർഗത്തിൽ നമുക്ക് കൊടുക്കേണ്ടി വരുന്നത് ഏറ്റവും പ്രിയപ്പെട്ടതിനെ ആകുമ്പോൾ അതിന്റെ പ്രതിഫലം ഉയർന്നതായിരിക്കുമല്ലോ എന്നൊരു ആശ്വാസം. അല്ലാഹു അത് ഉൾക്കൊള്ളാനും അതനുസരിച്ച് വളരാനും നമ്മൾ  ഏവരേയും സഹായിക്കട്ടെ . നമുക്ക് അറിയാം ഫലസ്തീൻ ജനതയെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്ക് കുറച്ചു കൂടി മനസ്സിലായേക്കും.  സഹാബാക്കളുടെ ചരിത്രത്തിന്റെ ഒരു പുനരാവർത്തനമാണല്ലോ ഫലസ്തീനിൽ നടന്ന്കൊണ്ടിരിക്കുന്നത് .  നമ്മൾ ഇന്ന് വായിച്ചു കടന്നുപോയ വലിയ വലിയ  വ്യക്തിത്വങ്ങളെ  പോലെ ഇന്ന് ജീവിക്കുന്ന ചോരയും നീരുമുള്ള മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വച്ചുനോക്കുമ്പോൾ നമ്മുടേത് വളരെ കുറവാണ് . ഏറ്റവും പ്രിയപ്പെട്ട മക്കളെയും കുടുംബത്തെയും വീടിനെയും പ്രിയപ്പെട്ടതെല്ലാം  നഷ്ടപ്പെട്ടു കൊണ്ട് ചപ്പുചവറുകൾക്കിടയിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ മയ്യത്ത് പുറത്തെടുക്കുന്നത്  കാണുന്ന ഒരു സമൂഹം തീർച്ചയായും നമുക്കു പിൻബലം തരുന്നുണ്ട്.  അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്  നമ്മുടെ സങ്കടങ്ങൾ അവരുടെ സങ്കടങ്ങളോടൊപ്പം വെച്ചുകൊണ്ട് ആശ്വസിക്കാനുള്ള ധൈര്യവും പടച്ചവനിൽ നിന്ന് തന്നെയാണ് . എനിക്ക് ഈ സമൂഹത്തോട് പറയാനുള്ളതും അതുതന്നെയാണ് . കാരണം നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് പടച്ചവനും അവന്റെ ദീനുമാവുമ്പോൾ ത്യാഗപ്പെടുത്തുവാൻ നമുക്ക് മനസ്സ് അല്ലാഹു തരും . ഇനി വരുന്ന തലമുറ ഒരു പക്ഷേ വളരെ വലിയ പ്രയാസങ്ങളെ ആയിരിക്കും നേരിടേണ്ടി വരുക. ശുഷ്കമായ ഒരു സമൂഹത്തിൽ നിന്നും  അല്ലെങ്കിൽ വളരെ കുറഞ്ഞ ജയിൽ അനുഭവമുള്ള ഒരു സൂഫിയ മഅദനിയിൽ ഒതിങ്ങിയിരുന്ന സമൂഹം ഇന്നിവിടെ ഇതാ ഒരു സ്റ്റേജിൽ ഒതുങ്ങാത്തത്ര രീതിയിൽ  വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്നിവിടെ എത്തിപ്പെടാൻ പറ്റാത്ത ഒരുപാട് പേർ ഉണ്ടെന്ന വസ്തുത മുൻനിർത്തി പറയുകയാണ്. ഇവിടെ നമുക്ക് കരുത്താർജിക്കേണ്ടത് അല്ലാഹുവിനെ കുറിച്ചുള്ള തിരിച്ചറിവിലൂടെ തന്നെയാണ് . നാം ഒരു ഉമ്മത്ത് ആയിക്കൊണ്ടും അല്ലാഹുവിന്റെ പ്രിയപ്പെട്ടവരായിക്കൊണ്ടും നിലകൊള്ളാൻ   തയ്യാറാകുമ്പോൾ  പരീക്ഷണങ്ങൾ ആ വഴിയിൽ ഉണ്ടാവും എന്നത് ചരിത്രം തന്നെ സാക്ഷിയാണല്ലോ. അതിനെ ആദം നബിയുടെ കാലം മുതൽ ചരിത്രം എപ്പോഴും സത്യത്തിനും  നീതിക്കും  എതിരായി നിൽക്കുന്ന ഒരു സമൂഹങ്ങൾ ഉണ്ടായിക്കൊണ്ടിരിന്നിട്ടുണ്ട് . എത്രത്തോളം പ്രതികൂലമായിരുന്നോ

അത്രത്തോളം  ഇസ്‌ലാമിന്റെ വളർച്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇപ്പോൾ ഇന്നിവിടെ ഞാൻ നിൽക്കുന്നത് പോലും അതിന്റെ തെളിവാണ്.വർഷങ്ങൾക്കു മുമ്പ് അവർ അദ്ദേഹത്തെ പിടിച്ചിടുമ്പോൾ  വെറും കുറ്റവാളികളും തീവ്രവാദികളായും   മാധ്യമങ്ങൾ അരങ്ങു വാഴ്ത്തിയ ഒരു കാലം . സത്യത്തിൽ എല്ലാം വാർത്താമാധ്യമങ്ങളും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഞാൻ ആ ഒരു അഞ്ചു വർഷക്കാലം യാതൊന്നും വായിക്കാതെയായി. കാരണം ഒരിക്കലും നമ്മുടെ ഈമാൻ ദുർബലപ്പെടുത്തി കളയുന്ന അല്ലെങ്കിൽ നമ്മുടെ ക്ഷമയെ ദുർബലപ്പെടുത്തി കളയുന്ന പലതും ആയിരുന്നു അതിൽ .  അതായത് വളരെ വ്യക്തമായും ടാർഗെറ്റ് ചെയ്യപ്പെടുന്നത് ഇസ്‌ലാമാണെന്ന് ഉള്ള തിരിച്ചറിവ് നമുക്കുണ്ടാവണം .  ടാർഗറ്റ്  ചെയ്യപ്പെടുന്നത് ഒരിക്കലും കേവലം സംഘടനകളെയല്ല,  മറിച്ച് അല്ലാഹുവിന്റെ ദീനിനെയാണ്. അവിടെ ദീനിന് വേണ്ടി നിലകൊള്ളേണ്ടവരാണ് നാം ഓരോരുത്തരും എന്ന തിരിച്ചറിവാണ് നമ്മുടെ പിൻബലം. അങ്ങനെ നോക്കുമ്പോൾ നമ്മളുടെ മുന്നിൽ വരുന്ന നിയമങ്ങളോ അനീതിയോ നമുക്ക് ചെറുതായി തോന്നും.    നീതിക്കുവേണ്ടി ഞാൻ ഓടി നടന്നിട്ടില്ല കാരണം ഞാൻ ഒരു വക്കീലിനെ ഏൽപ്പിക്കുകയായിരുന്നു . ആ വക്കീലത് നോക്കിക്കൊള്ളും ഇൻഷാ അള്ളാഹ് . 

ആദ്യം മുതൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു 'ഇന്നു പിടിച്ച് നാളെ ഇറങ്ങി വരുമെന്ന് നീ വിചാരിക്കരുത്'

കാരണം ഈ നീതിയും നേരത്തെ പറഞ്ഞതുപോലെ ഈ വ്യവസ്ഥകൾ ഒക്കെയും വളരെ ഫലവത്തായിരുന്നുവെങ്കിൽ ഒരിക്കലും അവർ ജയിലിൽ പോകുമായിരുന്നില്ല . കാരണം അവർക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ . അതുവച്ച് നോക്കുമ്പോൾ തീർച്ചയായും ഈ അനീതികൾ ഇതിന്റെ തിരക്കഥകളാണ് . അദ്ദേഹത്തെ പിടിക്കുന്നതിന്  കുറച്ചുനാൾ മുമ്പ് എന്റെ സഹോദരനെ NIA  തടഞ്ഞുവെച്ചു . അന്നേരം അവരൊരു ഫയൽ എടുത്ത് കാണിച്ചിട്ട് പറഞ്ഞത് ഇത് ഷിബിലിക്ക് വേണ്ടി ഞങ്ങൾ തയ്യാറാക്കിയതാണ് അതുകൊണ്ട് അവനോട് കീഴടങ്ങാൻ പറ അല്ലെങ്കിൽ  വെട്ടം കാണിക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്നാണ്.

അതായത് വർഷങ്ങൾക്കു മുമ്പ് തന്നെ അവർ അവരുടെ എല്ലാ തിരക്കഥളും തയ്യാറാക്കി കഴിഞ്ഞിരുന്നു.

പിന്നെ നടന്നതൊക്കെ നാടകങ്ങളാണ്.  അത് കാലം തെളിയിക്കട്ടെ എന്ന് ഞാൻ കരുതി, അല്ലെങ്കിൽ ഓരോ സമൂഹത്തിലും ഇതുപോലെ പബ്ലിക് പ്രോഗ്രാമുകളിൽ ചെന്ന് നിന്നുകൊണ്ട് ഇതിനെക്കുറിച്ച് വാക്ദോരണം നടത്തേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല  കാരണം അല്ലാഹുവിൽ ഞാൻ വിശ്വസിച്ചു കഴിഞ്ഞു . ആ വക്കീൽ അത് ഭംഗിയായി ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവ് തന്നെയാണ് ഞാനിപ്പോൾ ഇവിടെ.  അല്ലെങ്കിൽ  ആ അനീതികൾ ജനം തിരിച്ചറിഞ്ഞു ആ നീതി നിഷേധത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധം ഉണ്ടായി എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.   ഇനിയും അള്ളാഹു കാലത്തിന്റെ നീതി നടപ്പാക്കും. ജനങ്ങൾക്ക്  ഒരു വധശിക്ഷ കാണിച്ച് ഭയപ്പെട്ടു പോകുന്ന നിലയിലേക്ക് അല്ലാഹു നമ്മുടെ ഈമാൻ ദുർബലമാക്കി കളയാതിരിക്കട്ടെ .കാരണം നീതി നടപ്പിലാക്കുന്നത് പടച്ചോൻ ആണ് എന്ന തിരിച്ചറിവ് അൽഹംദുലില്ലാഹ് ഈ ജീവിതം കൊണ്ട് എനിക്ക് പടച്ചോൻ തന്നിട്ടുണ്ട് . എന്നുവച്ചാൽ നിങ്ങൾ കരുതുന്നതുപോലെ പ്രതിസന്ധികളില്ലാത്ത പട്ടുമെത്തയായിരുന്നു ജീവിതം എന്നൊന്നും അതിനർത്ഥമില്ല . പക്ഷേ എന്റെ സങ്കടങ്ങളൊക്കെ പടച്ചോനോട് മാത്രം പറയാനാണ് എനിക്കിഷ്ടം കാരണം ജനങ്ങളുടെ മുമ്പിൽ കരയേണ്ടതില്ല കാരണം  ഈ ലോകത്ത് നീതി നടപ്പാക്കുന്നവൻ അല്ലാഹുവാണ്. ഈ ലോകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവനാണെങ്കിൽ ഈ നീതിയും അവനിൽ നിന്ന്  തന്നെ ഉണ്ടാവട്ടെ . അതുകൊണ്ട് എല്ലാവരുടെയും ദുആയിലും ഉൾപ്പെടുത്തുക അതുപോലെ മുസ്‌ലിം പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന ഇതുപോലുള്ള വേദികൾ ഇനിയുമുണ്ടാകട്ടെ .

അതിലേക്ക് ഇനിയും  നീതി നിഷേധിക്കപ്പെട്ട ആളുകൾ എന്ന് വേണം അവരെ വിളിക്കാൻ അല്ലാതെ ഇരകൾ എന്ന് വിളിക്കരുത്. ഇരകൾ എന്ന് പറയുമ്പോൾ തീർച്ചയായും അവരുടെ കർമ്മങ്ങളെ  വിലകുറച്ചു കാണുന്നതായിപോകും. 

സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടു എന്നല്ലാതെ മറ്റൊരു തെറ്റും അവർ ചെയ്തിട്ടില്ല. അല്ലാഹുവിന്റെ ദീനിന് വേണ്ടി അവർ നിലകൊണ്ടു.ദീനിന്റെ ശരികൾ അവരുടെ ശരികളായിരുന്നു അതുകൊണ്ട് ഈ സംഗതികളിൽ അല്ലാഹുവിനെ പൂർണമായി അർപ്പിച്ചിരിക്കുന്നു . ഒരു കോടതിയുടെയും അല്ലെങ്കിൽ ഒരു സംഗതിയുടെയും പിന്നിൽ നടന്ന് നീതി കെഞ്ചുന്നില്ല എന്ന തീരുമാനം തികച്ചും വ്യക്തിപരമായിരുന്നു. കേസിനെ നടത്തിപ്പിനെ കുറിച്ച് ഞാൻ ആരോടും ഒന്നും ചോദിക്കാറില്ല . ഞാൻ ഏല്പിച്ച വക്കീൽ അത് ഭംഗിയായി ചെയ്യുന്നുണ്ട്.

അള്ളാഹു നമ്മുക്ക് ഏവർക്കും വരുന്ന കാലം അല്ലാഹുവിന്റെ ദീനിന് വേണ്ടി ഉറച്ചുനിൽക്കാനും പ്രതിസന്ധികളെ അല്ലാഹുൻവേണ്ടി ക്ഷമിക്കുവാനും തൗഫീഖ് നൽകുമാറാവട്ടെ

 അസ്സലാമു അലൈക്കും വറഹ്മത്തുള്ള.