ജയിലിൽ കഴിയുന്ന പോരാളിയെ സന്തോഷത്തോടെ, അദ്ദേഹത്തെ വക്കാലത്തിലൂടെ നികാഹ് ചെയ്ത‌് പതിനാറ് വർഷങ്ങളായി തന്റെ കാമുകനെ കാത്തിരിക്കുകയാണ് വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഗുഫ്രാൻ സാമിൽ.
1175 വർഷത്തെ തടവ് ശിക്ഷ വിധിച്ച സയണിസ്റ്റ് കോടതിയുടെ വിധിപ്രഖ്യാപനം കേട്ടപ്പോൾ പ്രതികൂട്ടിൽ നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോഴാണ് ഗസ്സയിലെ ഖസാം പോരാളി ഹസൻ സലാമയോട് ഗുഫ്രാന് പ്രണയം തോന്നുന്നത്. ഖസാം നേതാവ് യഹ്‌യ അയ്യാശിനെ വധിച്ചതിന് പ്രതികാരമായി 1996 ൽ അധിനിവിഷ്ട ഫലസ്‌തീനിൽ രക്തസാക്ഷി ആക്രമങ്ങൾ നടപ്പാക്കി അമ്പതോളം സയണിസ്റ്റുകളെ വകവരുത്തിയതിനാണ് അയ്യാശിന്റെ സഹപ്രവർത്തകനും ആത്മസുഹൃത്തുമായിരുന്ന ഹസൻ സലാമയെ പിടികൂടിയത്. അദ്ദേഹത്തെ വിചാരണ ചെയ്ത് അവർ ശിക്ഷ വിധിച്ചു. ആ വിധി പ്രഖ്യാപന സമയത്ത് ഹസ്സൻ സലാമയുടെ സന്തോഷം കണ്ടപ്പോഴാണ് ഗുഫ്രാനിന് അദ്ദേഹത്തോട് ആദ്യാനുരാഗം അഥവാ പ്രണയം തോന്നിയത്.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, 2009ൽ ഗുഫ്രാനും സയണിസ്റ്റ് ജയിലിൽ എത്തിച്ചേർന്നു. 'ഫലസ്തീൻ' പത്രത്തിന്റെ റിപ്പോർട്ടറായി വെസ്റ്റ് ബാങ്കിൽ ജോലി ചെയ്യുന്നതിനിടെ ഫലസ്‌തീൻ അതോറിറ്റി സയണിസ്റ്റുകൾക്ക് വേണ്ടി 'ഹമാസ് അനുകൂല' പത്രം പൂട്ടുന്നു.ഓൺലൈൻ എഡിഷനിലൂടെ തൻ്റെ ദൗത്യം തുടർന്ന കുറ്റത്തിന് അതോറിറ്റിയുടെ പൊലീസ് അവരെ തെരുവിൽ വളഞ്ഞു പിടികൂടി സയണിസ്റ്റുകൾക്ക് കൈമാറുന്നു. രണ്ടുകൂട്ടർക്കും ഒറ്റ കംപ്യൂട്ടറാണെന്ന് ഗുഫ്രാൻ. പേടിപ്പിക്കാൻ വേണ്ടി അവരെ ഏകാന്ത തടവിലിടുന്നത് ഒരു 'മഹാഭീകരനെ' ഏകാന്ത തടവിൽ പാർപ്പിച്ച സെല്ലിൽ. ആ 'ഭീകരൻ' അഹമദ് യാസീനായിരുന്നു എന്നറിഞ്ഞപ്പോൾ ഭൂമിയിൽ ലഭിക്കാവുന്നതിൽ വച്ചേറ്റവും നല്ല സ്വർഗത്തിൽ ഇട്ടതിന് ജയിലാളികളോട് നന്ദിപറയുകയാണ് ഗുഫ്രാൻ. തുടർന്ന് വിശ്വാസിക്ക് എല്ലാ ജീവിതാവസ്ഥകളിലും അല്ലാഹു ഖൈർ നിശ്ചയിച്ചിട്ടുണ്ട് എന്നതിന്റെ തെളിവും കൂടിയാണ് തന്റെ ജയിൽവാസമെന്ന് ഗുഫ്രാൻ പറഞ്ഞു.
പത്തുമാസങ്ങൾ നീണ്ട തടവുകാലത്തിനിടക്കാണ് സഹതടവുകാരി അഹ്‌ലാം തമീമിയിൽ നിന്നും അതേ ജയിലിൽ ഏകാന്തതടവിൽ കഴിയുന്ന ഹസൻ സലാമയെ കുറിച്ച് കൂടുതൽ അറിയുന്നത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തോട് തോന്നിയ പ്രണയം മനസ്സിൽ കത്തിക്കയറിയപ്പോൾ, അദ്ദേഹത്തെ ജീവിതപങ്കാളിയായി സ്വീകരിക്കാൻ തയ്യാറാണെന്ന തീരുമാനം അഹ് ലാമിലൂടെ ഹസൻ സലാമയെ അറിയിക്കുന്നു. മോചനം ഒരിക്കലും സാധ്യമല്ലാത്ത, 38 കാരൻ ജീവിതം മുഴുവൻ കടുത്ത ഏകാന്ത തടവിലുമായിരുന്നു അന്ന് ഹസൻ സലാമ. അതൊക്കെ അറിഞ്ഞിട്ടും തന്നെ സ്നേഹിക്കുന്ന താനൊരിക്കലും കണ്ടിട്ടില്ലാത്ത കിറുക്കിയുടെ തീരുമാനത്തെ ചിരിച്ചു തള്ളുകയാണ് ആദ്യത്തിൽ അദ്ദേഹം ചെയ്തത്. തുടർന്ന് ഗുഫ്രാൻ തന്റെ പ്രണയം നിസാരമല്ലെന്ന് വിശദമായ എഴുത്തിലൂടെ ഹസനെ അറിയിക്കുന്നു. അതിലൊരു കാര്യം ഗുഫ്രാൻ വ്യക്തമാക്കി ജയിലിൽ നിന്ന് പോലും നിങ്ങൾ തുടരുന്ന വിമോചനപ്പോരാട്ടത്തിൽ നിങ്ങളെ പലവിധത്തിലും സഹായിക്കുവാൻ എനിക്കാവും. ആ അവസരം എനിക്ക് നിഷേധിക്കരുത്! ഇങ്ങനെയും ഉണ്ടോ പ്രണയം. മാതാവിനപ്പുറം മറ്റാരും തന്നെ ഓർക്കാനില്ലെന്ന് ഉറപ്പിച്ചിരുന്ന ഹസൻ സലാമയുടെ മാനസികാവസ്ഥ മാറി മറിഞ്ഞു. 'ഹസൻ സലാമ - ഗുഫ്രാന് മുമ്പും ശേഷവും' എന്ന പേരിൽ സഹതടവുകാരുടെ ലേഖനം വരെ പിന്നീട് പുറത്തുവന്നു. 2010ൽ ഗുഫ്രാൻ പുറത്തിറങ്ങിയതോടെ അവർ ഹസന്റെ വീട്ടുകാരെ ഗസ്സയിൽ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു. ഒരുപക്ഷെ ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത, 12 നൂറ്റാണ്ടുകൾ ശിക്ഷ വിധിക്കപ്പെട്ട മനുഷ്യനെ വക്കാലത്തിലൂടെ നികാഹ് ചെയ്യുന്ന സുന്ദരിയായ യുവതിയോട് ഖാദി ചോദിച്ചു, പെണ്ണേ നീ ശരിക്കും ആലോചിച്ചു തന്നെയാണോ തീരുമാനം എടുത്തത്? തന്റെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലാകാത്ത ഖാദിയാരോട് അവസാനം നിങ്ങൾ നിങ്ങളുടെ പണിയെടുക്ക് മനുഷ്യാ എന്നുപറയേണ്ടി വന്നു ഗുഫ്രാനിന്.
2011ലെ വഫാഉൽ അഹ്റാർ കൈമാറ്റത്തിൽ യഹ്യ സിൻവാറിനും കൂട്ടർക്കുമൊപ്പം ലിസ്റ്റിലുണ്ടായിരുന്ന ഹസൻ സലാമയെ മോചിപ്പിക്കാൻ ഒരുനിലക്കും അധിനിവേശം സമ്മതിച്ചില്ല. നീ ഒരിക്കലും പുറം ലോകം കാണില്ലെന്ന് നിലവിളിച്ച ജയിലറോട് അന്ന് ഹസൻ സലാമ പറഞ്ഞു, "അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കിൽ ഞാൻ പുറത്തിറങ്ങുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, നിങ്ങളെന്നെ പുറത്തുവിടരുത്. വിട്ടാൽ നിങ്ങൾ ശരിക്കും നരകം എന്താണെന്ന് കാണേണ്ടിവരും." തൂഫാനുൽ അഖ്സ വെടിനിർത്തലിൻ്റെ രണ്ടാം ഘട്ടത്തിൽ ഹസൻ സലാമ അടക്കമുള്ള 'അതിഭീകരരെ' പുറത്തിറക്കുമെന്ന ഹമാസ് പദ്ധതി കാത്തിരിക്കുകയാണ് ഇപ്പോൾ ഇസ്താംബൂളിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഗുഫ്രാൻ. ഹസൻ സലാമയെ കല്യാണം കഴിച്ചത് കാരണം വെസ്റ്റ്ബാങ്കിൽ നിന്നും പുറത്തായ ഗുഫ്രാൻ ജോർദാനും ഈജിപ്തും താമസം നിഷേധിച്ചിരുന്നു. അതിനിടെ അവർ ഗസ്സയിലെത്തി ഒരു വീടൊക്കെ സംഘടിപ്പിച്ചു. തന്റെ കാമുകനെ വരവേൽക്കാൻ തയ്യാറാവുമ്പോഴാണ് തൂഫാൻ പൊട്ടിപ്പുറപ്പെടുന്നത്. ആ വീടെല്ലാം പൊടിയായി. അല്ലാഹുവിന്റെ ഭൂമി വിശാലമല്ലേ എന്നാണ് അതേക്കുറിച്ച് അവർ പറഞ്ഞത്.
പുറത്തുവന്നാൽ ആകെ രണ്ട് ആഗ്രഹങ്ങളെ ഈ ദുനിയാവിൽ എനിക്കുള്ളൂവെന്ന് ഹസൻ പറഞ്ഞിട്ടുണ്ട്, അതിധീരയായ ഉമ്മയെ ഒന്ന് കെട്ടിപ്പിടിച്ച് ആ മടിയിൽ അൽപനേരം കിടക്കണം. നിന്നോടൊപ്പം അൽപ നിമിഷങ്ങളെങ്കിലും കഴിയണം. ഒന്നാമത്തേത് ഇനി നടക്കുകയില്ലെന്ന് ഹസന് ഇപ്പോഴും അറിയില്ല - തൂഫാൻ യുദ്ധത്തിനിടെ ഹസന്റെ ഉമ്മ ഉമ്മുനബീൽ ശഹീദായിട്ടുണ്ട്. ജയിലിൽ കഴിയുന്ന ഭർത്താവിന്റെ ബീജം കടത്തിക്കൊണ്ടുവന്ന് ഗർഭം ധരിച്ചു ദാമ്പത്യത്തിന്റെ അടിസ്ഥാനധർമ്മം നിർവഹിക്കുന്നവരാണ് ഫലസ്‌തീൻ പോരാളിക്കുടുംബങ്ങൾ.തങ്ങൾ ജനിക്കും മുമ്പേ ജയിലിലായ പിതാക്കളെ കാത്തിരിക്കുന്ന കുട്ടികൾ കുറെയുണ്ട് ഫലസ്‌തീനിൽ. അവർക്ക് വേണ്ടിയുമാണ് ഒക്ടോബർ 7 ഉണ്ടായത്. ഹസ്സൻ സലാമയുടെയും ഗുഫ്രാനിന്റെയും കാര്യത്തിൽ ആ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അദ്ദേഹം പുറത്തുവന്ന് തന്നെ ഞങ്ങളുടെ കുടുംബം വളരുവാനായിരിക്കും അല്ലാഹുവിന്റെ വിധി എന്നാണ് ഗുഫ്രാന്റെ പൂർണ പ്രതീക്ഷയും.
ഇത് ഹസൻ സലാമയുടെയും
ഗുഫ്രാനിന്റെയും പ്രണയ കഥയല്ല. പ്രണയം പോരാട്ടമാക്കിയവരുടെ കഥ.