രാവിലെ മുതൽ വരുന്ന വാർത്തകൾ അയാളെ അസ്വസ്ഥനും ചിന്താവിഷ്ടനുമാക്കി എന്തൊക്കെയാണ് നടക്കുന്നത് !. ആണ് പ്രസവിക്കാൻ പോകുന്നു. അച്ഛൻ പ്രസവിക്കുന്നെങ്കിലും അമ്മയാണ് യഥാർഥ അച്ഛൻ, എന്നാൽ അച്ഛനാണ് യഥാർത്ഥ അമ്മ. അയാളുടെ തല പുകയുകയാണ്. പ്രത്യേകിച്ചൊരു പണിയുമില്ലാത്ത എനിക്കിത്ര കഷ്ടപ്പാടെങ്കിൽ എന്തെങ്കിലും ജോലി യുളളവരുടെ കാര്യം ആലോചിക്കുക വയ്യ. അയാളൊരു നെടുവീർപ്പിട്ടു. ഇതിനെപ്പറ്റി അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ചു കൊണ്ടയാൾ തന്റെ സമാർട്ട് ഫോണിൽ ഇന്റർനെറ്റിൽ പരതാൻ തുടങ്ങി. ഓരോ വീഡിയോയും കണ്ടു കൊണ്ടയാൾ പതിയെ ബേക്കറിയിൽ നിന്നെഴുന്നേറ്റ് ബസ്സ്റ്റോപ്പിലേക്കു നടന്നു. ബേക്കറിയിൽ ഇരിക്കുമ്പോഴുള്ള സമയത്തെക്കാളേറെ അയാളിപ്പോൾ വിദ്യാസമ്പന്നനാണ്. എന്തു കൊണ്ട് ഇത്രയും വലിയ സംഭവം ഞാൻ നേരത്തെ അറിഞ്ഞില്ല എന്നു നിരാശപ്പെട്ടുകൊണ്ടയാൾ ജൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള അടുത്ത വിഡിയോ പ്ലേ ചെയ്യാനാഞ്ഞതും ബസ്സ് വന്നു. തിരക്കിട്ട് ബസ്സിൽ കയറി പെട്ടെന്ന് കണ്ട ഒഴിവുള്ള സീറ്റിലിരുന്നു അയാൾ വീഡിയോ പ്ലേ ചെയ്തു . അപ്പോഴെല്ലാം അയാളുടെ മനസ്സിൽ ഒറ്റ ചിന്തയായിയിരുന്നു. "ഇത്രയും വലിയ വിപത്തിനെ ആളുകൾ എന്തിനനുകൂലിക്കുന്നു?."
കുറച്ചു സമയം കഴിഞ്ഞപ്പോൾ "ഹലോ ഇത് ലേഡീസ് റിസേർവ്ഡ് സീറ്റാണ്. ചുറ്റും നോക്കിയ ശേഷം ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു:
"I identify my self as a woman!."
