ദ കേരള സ്റ്റോറി: അസംബന്ധത്തിന്റെ നിർമ്മിതി.

The Line





സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച് സൂര്യപാൽ സിങ്ങിനൊപ്പം സെന്നും ഷായും ചേർന്ന് രചന നിർവഹിച്ച വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ചലച്ചിത്രമായ ഇതിന്റെ പ്രമേയം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലേക്ക് (ISIS) റിക്രൂട്ട്‌മെന്റിനായി ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ ജീവിതമാണ്.

ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ട്രെയിലറിന്റെ തുടക്കത്തിൽ കാണിച്ചതെങ്കിലും കാണിച്ചിരിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത തെളിയിക്കുന്നതിനുള്ള യാതൊന്നും അവനൽകുന്നില്ല. ചിത്രത്തിന്റെ പോസ്റ്റർ അടക്കം പിന്നണി പ്രവർത്തകരിൽ നിന്ന് ലഭ്യമാകുന്നത് വിപണിയിൽ വിറ്റു പോകാനുള്ള അസ്സൽ ഇസ്ലാമോഫോബിക് നിർമ്മിതികളാണ്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായിട്ടുണ്ടെന്നും അവരെല്ലാം നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാവുകയും തീവ്രവാദഗ്രൂപ്പുകളിൽ എത്തിപ്പെടുകയും ചെയ്തുവെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.


ദി കശ്മീർ ഫയൽസ്’, ‘പുഴ മുതൽ പുഴ വരെ’ എന്നിവക്കുശേഷം മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുന്ന മറ്റൊരു ഫിലിമാണ് സംഘപരിവാർ സഹയാത്രികനായ സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് 32,000 അമുസ്ലിം പെൺകുട്ടികളെ നിര്‍ബന്ധിച്ച് മുസ്ലിംകൾ ആക്കിയതെന്ന കണക്ക് തനിക്ക് ലഭിച്ചത് എന്നായിരുന്നു 2021ല്‍ ‘സിറ്റി മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍ പറഞ്ഞത്. എന്നാല്‍ ഇതിലെ വൈരുദ്ധ്യം തിരിച്ചറിയണം. 2012 ജൂണ്‍ 25ന് സി.പി.എം അംഗം കെ.കെ. ലതികയുടെ ചോദ്യത്തിന് മറുപടിയായി 2006നും 2012നുമിടയില്‍ 2,667 യുവതികള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നതിന് ഒരു തെളിവുമില്ലെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ചിത്രം വലിയ വിവാദങ്ങൾക്ക് വഴി വച്ചതോടെ നിർമ്മാതാവ് ഷാ പ്രതികരിച്ചത് "ഞങ്ങൾ പറയുന്നതൊന്നും തെളിവില്ലാതെ ഉണ്ടാകില്ല" എന്നും സെൻ നാല് വർഷത്തെ ഗവേഷണം സിനിമയ്ക്കുവേണ്ടി നടത്തിയിട്ടുണ്ടെന്നുമാണ്. 32000 സ്ത്രീകൾ കേരളത്തിൽനിന്ന് കാണാതാകുന്നു അവരെല്ലാവരും നിർബന്ധിത മതപരിവർത്തന വിധേയമാവുകയും തീവ്രവാദികളായി തീരുകയും ചെയ്തുവെന്ന സ്വാഭാവിക യുക്തിക്ക് പോലും നിരക്കാത്ത കാര്യങ്ങൾ യാതൊരു അടിസ്ഥാന തെളിവുകളുമില്ലാതെ വർഗീയ പ്രൊപ്പഗണ്ടയാൽ പുഷ്ടിപ്പെടുത്തുന്ന ചില ഹിന്ദുത്വ ഏജൻസികളുടെ കണക്കുകളിൽ നിന്ന് ചരിത്ര ഗവേഷണം നടത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിപണിയിൽ വിറ്റഴിക്കുന്നതിനും മതമൈത്രി കേരള സംസ്കാരത്തെ ഒറ്റപ്പെടുത്തി തീവ്രവാദത്തെ വളർത്തുന്നത് കേരളമാണെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാണ്. ചിത്രത്തിന്റെ സംപ്രേക്ഷണാനുമതി തടയണമെന്ന് ഇതിനോടകം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ മാധ്യമ മേഖലകളിൽ നിന്ന് ആവശ്യമുയർന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ സിനിമയെ മെല്ലെ തലോടുന്ന അവസ്ഥയാണുള്ളത്.


ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തത് കേരള സ്റ്റോറി സിനിമയുടെ ടീസർ മോശം കാലാവസ്ഥയിൽ കടന്നുപോയി, ശക്തമായ ചില പ്രേരകങ്ങൾ സിനിമയെ തകർക്കാൻ ശ്രമിക്കുന്നു. അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ കേരള പോലീസിൽ ഔപചാരികമായി പരാതി നൽകിയിട്ടുണ്ട്, സത്യം പുറത്തുവരാൻ ആഗ്രഹിക്കാത്ത ഇവർ ആരാണ്?" എന്നതായിരുന്നു. എന്നാൽ മറു ചോദ്യം എന്ത് സത്യം? എന്തിന്റെ അടിസ്ഥാനത്തിൽ എവിടുന്നെടുത്ത തെളിവുകൾ? എന്നാണ്.


നവംബറിൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ അവസാന ദിവസം "ദി കശ്മീർ ഫയൽസ്' എന്ന ഹിന്ദുത്വവാദികളുടെ സ്വപ്ന സിനിമയയുടെ പൊള്ളത്തരത്തെ ജൂറി ചെയർമാനും ഇസ്രായിലി സംവിധായകനുമായ നദാവ് ലാപിഡ് പൊളിച്ചു കൊടുത്തത് മറക്കാറായിട്ടില്ല.


യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതും കെട്ടുകഥക്ക് സമാനവുമായ വിവരങ്ങളാണ് "ദി കശ്മീർ ഫയൽസ്' പ്രസരിപ്പിക്കുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. നാലായിരത്തിലേറെ പണ്ഡിറ്റുകളെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തുവെന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടത്. എന്നാൽ അത് കല്ലുവെച്ച നുണയായിരുന്നുവെന്ന് ഔദ്യോഗിക രേഖകൾ ചൂണ്ടിക്കാട്ടിയിട്ടും ഗോദി മീഡിയ കള്ള പ്രചാരണം തുടർന്നു. 2021 നവംബറിൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകപ്പെട്ട മറുപടിയിൽ 1990 മുതൽ കശ്മീരിലുണ്ടായ തീവ്രവാദ പ്രവർത്തനങ്ങളിൽ 89 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടതെന്നും എന്നാൽ കൊല്ലപ്പെട്ട മറ്റു സമുദായക്കാരുടെ എണ്ണം 1635 ആണെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും നുണകൾ മാത്രം വിളമ്പുന്ന അഗ്നിഹോത്രിയുടെ സിനിമ ചൂടപ്പം പോലെ വിറ്റുപോയി.


 ജനപ്രിയ മാധ്യമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് അടിസ്ഥാനരഹിതങ്ങൾ വെച്ച് പുലർത്തി അസബന്ധങ്ങളെ കൂട്ടിക്കുഴച്ച് കൊണ്ട് പ്രേക്ഷക മനസ്സുകളിലേക്ക് വർഗീയ ചിന്തകൾ കടത്തുവാനുള്ള പ്രത്യേക അജണ്ടയുടെ ഭാഗം തന്നെയാണ് ഈ ചലച്ചിത്രത്തിനും പിന്നിലുള്ളത്. ഇതിന്റെ മുഖ്യധാരകനായി നിലവിലെത്തിയിരിക്കുന്നതാകട്ടെ സുധീപ്തോ സെൻ എന്ന സംവിധായകനും.

In The Name of Love എന്ന പേരില്‍ ഇദ്ദേഹം സംവിധാനം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട ഡോക്യുമെന്ററി സംഘ്പരിവാറും ക്രിസ്ത്യന്‍ സംഘടനകളും ആരോപിക്കുന്ന ‘നിയമ വിരുദ്ധ മതപരിവര്‍ത്തനം’ അടിസ്ഥാനമാക്കിയുള്ളതാണ്. വര്‍ഗീയ വിഷം ചുരത്താനുള്ള ഈ നീക്കത്തിന് വേണ്ടത്ര വിപണി കിട്ടാതായപ്പോഴാണ് 32,000 ത്തിന്റെ വ്യാജ കണക്കുമായി കേരളത്തെയും കേരളീയരെയും മോശമാക്കാൻ ഇയാള്‍ പ്രത്യക്ഷപ്പെട്ടത്.


ആവിഷ്കാര സ്വാതന്ത്ര്യം അതിന്റെ നിർവ്വചനത്തിൽ നിന്നും തെന്നിമാറി പോകുമ്പോൾ ഇത്തരം ചെയ്തികളെ എതിർക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.