ഗുസ്തി താരങ്ങളെ അധികാരികൾ വേട്ടയാടുമ്പോൾ

The Line


ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്രവേദികളിൽ മെഡലുകൾ വാരുന്ന അപൂർവ്വം  ഇനങ്ങളിലൊന്നാണ് ഗുസ്തി. പ്രത്യേകിച്ച് വനിതാ ഗുസ്തി. രാജ്യത്തിന്റെ അഭിമാനങ്ങളെന്ന് വാഴ്ത്തപ്പെട്ട താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്റംഗ് പുനിയയും, സാക്ഷി മാലിക്കുമൊക്കെ കഴിഞ്ഞ മാസം 23 മുതൽ രാജ്യതലസ്ഥാന നഗരിയിലെ സമരകേന്ദ്രമായ ജന്തർ മന്ദറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.


രാജ്യാന്തര കായിക വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ വനിതാ ഗുസ്തി താരങ്ങൾ മെഡൽ നേട്ടങ്ങൾക്ക് പകരമായി സർക്കാറിൽ നിന്ന് എന്തെങ്കിലും പാരിതോഷികങ്ങളോ പരിശീലന കേന്ദ്രം പണിയാൻ സ്ഥലമോ ഫണ്ടോ ഒന്നുമല്ല അവരുടെ ആവശ്യം; മറിച്ച് മനുഷ്യർ എന്നുള്ള പരിഗണനയാണ്.

കായികവും രാഷ്ട്രീയവും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടുവഴികളാണ്. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾക്കാണ് കായിക ഫെഡറേഷനുകളുടെ നിയന്ത്രണം. ഒരു കായിക പാരമ്പര്യവുമില്ലാത്തവർ അതിന്റെ തലപ്പത്തെത്തും. അത്തരമൊരു കാലത്താണ് ബാബരി മസ്ജിദ് തകർത്ത കേസുൾപ്പടെ 40 ഓളം കേസുകളിൽ പ്രതിയായ ഉത്തർ പ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ് റെസ്ലിങ്  ഫെഡറേഷന്റെ പ്രസിഡന്റാകുന്നത്. 

2011 ൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഉത്തർപ്രദേശിലെ ബിജെപി രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്ന ആളാണ് അദ്ദേഹം. അയോധ്യ പ്രസ്ഥാനത്തിന്റെ  മുൻനിരയിൽ ഉണ്ടായിരുന്ന അഡ്വാനിയുടെ രഥയാത്രയ്ക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു. ബിജെപിക്ക് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരം ഇല്ലാതിരുന്ന കാലത്ത് സംഘപരിവാറിന്റെ ഒറ്റയാൾ പട്ടാളം എന്ന് കിഴക്കൻ യുപിയിൽ പേരെടുത്ത ആളാണ്.


ബാബരി മസ്ജിദ് ധ്വംസന കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കി. 1996ൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്ന കേസിൽ ടാഡ(TADA) നിയമപ്രകാരം ജയിലിൽ അടച്ചിട്ടുണ്ട്.

ആളുകൾ എന്തു പറഞ്ഞാലു ശരി ഞാനൊരു കൊലപാതകം നടത്തിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞയാളാണയാൾ. ആ തുറന്നു പറച്ചിലിന്റെ പേരിൽ എന്തെങ്കിലും പോലീസ് നടപടികളോ വിചാരണയോ നേരിടേണ്ടി വന്നിട്ടില്ല അയാൾക്ക്. ഒരു ദിവസം പഞ്ചായത്ത് യോഗത്തിന് പോകുമ്പോൾ ഒരാൾ വായുവിലേക്ക് ഉതിർത്ത വെടിയുണ്ട തന്റെ ഒപ്പം സഞ്ചരിച്ച സുഹൃത്തിന്റെ ദേഹത്ത് വന്ന് തുളഞ്ഞു. ഇതിൽ കുപിതനായ ബ്രിജ് ബൂഷൻ ആ തോക്ക് പിടിച്ചുവാങ്ങി വെടിയുതിർത്തയാളെ അപ്പോൾ തന്നെ വെടിവെച്ചു കൊന്നതായി ഓൺലൈൻ പോർട്ടലായ LALLANTOP ന് നൽകിയ  അഭിമുഖത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൊലപാതക ശ്രമമടക്കം നാലു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് സമ്മതിക്കുന്നുണ്ട്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് THE SCROLL പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ചെറിയ ആൺകുട്ടികളെ ഉപയോഗിച്ച് അമ്പലക്കുളങ്ങളിലെ നാണയമോഷണം, മദ്യ കച്ചവടത്തിനായി ബൈക്കുകളുടെ മോഷണം ഇതായിരുന്നു ബ്രിജ് ബൂഷന്റെ തുടക്കകാലത്തെ ക്രിമിനൽ പ്രവർത്തികളെന്ന് THE SCROLL റിപ്പോർട്ട് ചെയ്യുന്നുണ്ട്. 


2014ൽ എതിർ സ്ഥാനാർത്ഥിയുടെ മരണത്തിൽ തനിക്ക് പങ്കുള്ളതായി മുൻ പ്രധാനമന്ത്രി എ പി വാജ്പേയ്‌ സംശയിച്ചിരുന്നതായി ഇയാൾ തുറന്നുപറയുന്നുണ്ട്. ഒന്നിലധികം തവണ ഗോണ്ടാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബ്രിജ് ഭൂഷനെ 2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൽറാം പൂരിലേക്ക് മാറ്റി. ഗോണ്ടയിൽ ഗൺ ശാം ശുക്ലക്കാണ് സീറ്റ് നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ഈ അപകടം ഒരു കൊലപാതകമാണെന്ന ആരോപണം അന്നും ഇന്നും ശക്തമാണ്. 

കരുത്തരായ ഗുസ്തി താരങ്ങളെ നിയന്ത്രിക്കാൻ എന്നെപ്പോലെ കരുത്തനായ ഒരാൾ തന്നെ വേണമെന്ന് ഒരു അഭിമുഖത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു.

2021 ഡിസംബറിൽ റാഞ്ചിയിൽ നടന്ന ഒരു പരിപാടിയുടെ സ്റ്റേജിൽ വച്ച് ഒരു ഗുസ്തിക്കാരനെ തല്ലിയിരുന്നു.

അദ്ദേഹം നടത്തിയ ലൈംഗിക അതിക്രമങ്ങളെച്ചൊല്ലിയാണ് നമ്മുടെ കായികതാരങ്ങൾ ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്.


ലൈംഗികാരോപണം മാത്രമല്ല, താരങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഷയം. ഫെഡറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാമാണ്. വനിതാതാരങ്ങൾക്ക് സെലക്ഷൻ പട്ടികയിൽ ഉൾപ്പെടാൻ ബ്രിജ് ഭൂഷന്റെ കിടപ്പറ സന്ദർശിക്കണമെന്ന സമ്മർദ്ദത്തിന് വിധേയമാകേണ്ടി വരുന്നുവെന്നതാണ് പ്രധാന ആരോപണം. പ്രായപൂർത്തിയാവാത്ത ഗുസ്തി താരങ്ങളെ പോലും ദുരുപയോഗം ചെയ്തിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് ഒളിംപിക്സ് മെഡൽ ജേതാക്കൾ കൂടിയായ ഗുസ്തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിലിറങ്ങുന്നത്. ജനുവരിയിൽ ഇതേ ആവശ്യം ഉന്നയിച്ച സമരം സർക്കാർ നൽകിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഒരു സമിതിയെ നിയോഗിച്ചു. റെസ്‌ലിങ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു. എന്നാൽ, അതിനപ്പുറത്തേക്ക് അന്വേഷണം പൂർത്തിയാക്കിയെങ്കിലും ഒന്നുമുണ്ടായില്ല. സമിതിയിലും റിപ്പോർട്ട് പുറത്തുവിട്ടില്ല.


പ്രായപൂർത്തിയാകാത്ത താരത്തിനെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപണമുയർന്നിട്ടുപോലും ഒരുനടപടിയും സ്വീകരിക്കാൻ ഡൽഹി പൊലീസോ മോദിഭരണകൂടമോ തയ്യാറായില്ലെന്നത് പ്രതിഷേധാർഹമാണ്.


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായ പി.ടി ഉഷ സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ  നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്നും മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പുറത്തു വരും മുമ്പേ സമരത്തിനിറങ്ങിയത് ശരിയായില്ലെന്നുമായിരുന്നു ഉഷയുടെ വിമർശനം. ഇതിനെതിരെ സാക്ഷി മാലിക് അടക്കമുള്ള ഗുസ്തി താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. കായിക മേഖലയിൽ തങ്ങൾ റോൾ മോഡൽ ആയി കാണുന്ന പി.ടി ഉഷയെ പോലുള്ളവരിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സാക്ഷിമാലികിന്റെ പ്രതികരണം.

കായികതാരങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട സംഘടന നിർണായക ഘട്ടത്തിൽ അവരെ തള്ളിപ്പറയുമ്പോൾ അത് അവരുടെ മനോവീര്യം നഷ്ടപ്പെടുന്നു. അതും അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന വിഷയത്തിൽ.


രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയവർ, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവർ, മാധ്യമശ്രദ്ധ എപ്പോഴുമുള്ളവർ ശക്തരും ജീവിതത്തിലെ എതിരാളികളെ മലർത്തിയടിക്കാൻ ശേഷിയുള്ളവരുമാണെന്നാണ് നമ്മൾ കരുതിയത്. എന്നാൽ, നിസ്സഹായതയോടെ, കണ്ണീരോടെയാണ് അവർ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നത്. അവർ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. പ്രശ്നങ്ങൾ കേൾക്കാനാളുണ്ടാകുന്നില്ല. നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ല. ഒരു വഴിയുമില്ലാതായ സാഹചര്യത്തിലാണ് താരങ്ങൾ മണ്ണിലേക്ക് ഇറങ്ങിവരികയും സാധാരണക്കാരെപ്പോലെ സമരം ചെയ്യുകയും ചെയ്യുന്നത്. ഒട്ടനവധി കായിക മത്സരങ്ങളിൽ കരുത്തരായ എതിരാളികളെയും അവരുയർത്തുന്ന വെല്ലുവിളികളെയും നേരിട്ടിട്ടുണ്ടെങ്കിലും ഇതുപോലെ അപമാനിതരായ സന്ദർഭം നമ്മുടെ താരങ്ങൾക്ക് മുമ്പുണ്ടായിട്ടുണ്ടാവില്ല.



വിദേശ ടൂർണമെന്റുകളിൽ താരങ്ങൾ താമസിക്കുന്ന അതേ ഹോട്ടലിൽ റൂമെടുക്കാറുള്ള ബ്രിജ്ഭൂഷൺ ശരൺ സിങ് തന്റെ ഹോട്ടൽ മുറിയുടെ വാതിലുകൾ മനപ്പൂർവം തുറന്നിടാറുണ്ടായിരുന്നുവത്രെ. 2014ലെ ലഖ്നൗവിൽ നടന്ന സെലക്ഷൻ ക്യാംപിൽ പങ്കെടുത്ത ജൂനിയർ പെൺകുട്ടികളിൽ ചിലരെ രാത്രി ക്യാംപിൽ നിന്ന് ബ്രിജ് ഭൂഷന്റെ ഡ്രൈവർ അടക്കമുള്ളവർ പുറത്തുനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് താൻ കണ്ടുവെന്ന് അക്കാലത്ത് ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായിരുന്ന പരംജീത് മാലിക് പറയുന്നു.


അന്വേഷണം നടന്ന് കോടതി ശിക്ഷവിധിച്ചാൽ പോലും രാഷ്ട്രീയ ബന്ധം പ്രതികൾക്ക് സംരക്ഷണകവചം തീർക്കുന്നത് നാം രാജ്യത്ത് കാണുന്നതാണ്. ഗുജറാത്തിലും മുസഫർ നഗറിലുമുൾപ്പെടെ നടന്ന ഒട്ടുമിക്ക വർഗീയ കലാപങ്ങളിലും സ്ത്രീകളും കുട്ടികളും തുല്യതയില്ലാത്ത അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്.

പിഞ്ചുമകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ അറുകൊല ചെയ്യപ്പെട്ട, ബലാത്സംഗത്തിനിരയായ ബിൽകീസ് ബാനു എന്ന യുവതി പ്രതീക്ഷാപൂർവം നീതിക്കായി പൊരുതുകയും നമ്മുടെ രാജ്യത്തെ നീതിപീഠം അവരുടെ പോരാട്ടത്തിന് സാഫല്യം നൽകുകയും ചെയ്തതാണ്. എന്നിട്ട് ഇപ്പോൾ എന്തു സംഭവിച്ചു? ബലാത്സംഗം നടത്തിയ കുഞ്ഞിനെ കൊലപ്പെടുത്തിയ കൊടും ക്രിമിനലുകൾ വലിയ സമരസേനാനികളെപ്പോലെ നാട്ടിലെമ്പാടും ആഘോഷിക്കപ്പെടുന്നു. ബിൽക്കീസും കുടുംബവും പേടിച്ചുവിറച്ച് കഴിഞ്ഞുകൂടുന്നു. ഉടൻ അറുതി വരുത്തിയില്ലെങ്കിൽ രാജ്യമൊട്ടാകെ പടർന്നുപിടിക്കും ഈ അന്യായം.


പെൺകുട്ടികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം വേദികളിൽ കയറിനിന്ന് പ്രഘോഷിക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം നൽകുമെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഇവിടെയുണ്ട്. എന്നിട്ടുമെന്തേ രാജ്യത്തിനുവേണ്ടി ഒട്ടേറെ പണിപ്പെട്ട വിയർപ്പൊഴുക്കിയ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഈ സ്ത്രീകൾക്ക് നീതി നൽകുന്നതിൽ നിന്ന് അവർ  മുഖംതിരിച്ചുനിൽക്കുന്നത്?  അവർ ചോദിക്കുന്നത് ഏതൊരു മനുഷ്യർക്കും അവകാശമുള്ള മിനിമം മാന്യത മാത്രമാണ്. ഭരിക്കുന്ന കക്ഷിയുടെ ഇഷ്ടപുസ്തകത്തിൽ പേരുള്ള ക്രിമിനലുകൾക്ക് തോന്നുംപടിയെല്ലാം ചെയ്യാമെന്നാണെങ്കിൽ ഈ രാജ്യത്ത് ആർക്കാണ് എങ്ങനെയാണ് സുരക്ഷയും സമാധാനവുമുണ്ടാവുക? ലോകമറിയുന്ന താരങ്ങളുടെ അവസ്ഥ ഇതു പോലെയാണെങ്കിൽ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും എന്നാലോചിച്ചുനോക്കൂ...


ബ്രിജ് ഭൂഷണെതിരെ നടപടി നീളുകയാണെങ്കിൽ രാജ്യത്തിന് വേണ്ടി തങ്ങൾ നേടിയ മെഡലുകൾ രാഷ്ട്രപതിക്ക് തിരിച്ചു നൽകി രാജ്യത്തിനുവേണ്ടി ഇനി ഒരു ഗോദയിലേക്കും ഞങ്ങളില്ലെന്ന് താരങ്ങൾ വിളിച്ചു പറയുന്നു.


ഹരിയാനയിലെയും പഞ്ചാബിലെയും പാവപ്പെട്ട കുടുംബങ്ങളിൽ ജനിച്ച് ദാരിദ്ര്യത്തോടും പരിമിതികളോടും പൊരുതി വരുന്നവരാണ് രാജ്യത്തെ ഗുസ്തിതാരങ്ങൾ. രാഷ്ട്രീയ സ്വാധീനമുള്ള വമ്പൻമാരെ അവർക്ക് പേടിയുണ്ട്. ബ്രിജ് ഭൂഷൺ എത്ര ശക്തനാണെങ്കിലും ലക്ഷ്യം നേടുംവരെ സമരം ചെയ്യാനാണ് താരങ്ങളുടെ തീരുമാനം. ഡൽഹിയിലെ ചൂടിൽ തെരുവിൽ ഉറങ്ങേണ്ടിവരുന്നത് നീതിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമാണെന്നാണ് വിനേഷ് ഫോഗറ്റ് പോലുള്ള പ്രമുഖതാരങ്ങൾ പറയുന്നത്.  


രാജ്യത്തെ കർഷകസമരത്തോട് മോദി സർക്കാർ കൈക്കൊണ്ട ക്രിമിനൽ അവഗണന തന്നെയാണ് ഗുസ്തി താരങ്ങളോടും സർക്കാർ സ്വീകരിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയും. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് മോദി സർക്കാറും ശ്രമിക്കുന്നത്.


ന്യായം അവരുടെ പക്ഷത്താണ്. രാജ്യത്തിനുവേണ്ടി ഗോദയിൽ പോരാടി ലോകത്തിന്റെ നെറുകെ നിന്നവർ  ഒരു ക്രിമിനലിന് മുന്നിൽ തോറ്റുപോകേണ്ടവരല്ല. 

കായികരംഗത്തെ പ്രമുഖരുടെ പിന്തുണ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അപ്പോഴും ഓർക്കേണ്ട ഒന്നുണ്ട്, അവർക്കാവശ്യം രാജ്യത്തിന്റെ മൊത്തം പിന്തുണയാണ്. കാരണം, അവരുടെ നേട്ടങ്ങളിൽ അഭിമാനിച്ചത് രാജ്യമാണ്. സന്തോഷിച്ചത് ഇന്ത്യൻ ജനതയാണ്.