ലേഖനം | മിസ്അബ്
വൈവിധ്യമാർന്ന രചനകളിലൂടെ വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. എക്കാലവും എല്ലാ എഴുത്തുകാരിൽ നിന്നും അദ്ദേഹം വ്യത്യസ്തനായിരുന്നു. മറ്റൊരു എഴുത്തുകാരെയും പുസ്തകങ്ങളെയും പറ്റി അറിയാത്തവർക്കും ബഷീർ സുപരിചിതനാണ്. ഇത്രയും വ്യത്യസ്തനാകും വിധം എന്തായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ രചനകളിൽ കൂട്ടി കലർത്തിയത്?
അത് ജീവിതങ്ങളായിരുന്നു. എളിമയായിരുന്നു. മറ്റുള്ള എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ള ആളായിരുന്നു ബഷീർ. ഇന്ത്യ ഒട്ടാകെയും ആഫ്രിക്കയിലും അറബ് രാജ്യങ്ങളിലും ഒമ്പതോളം വർഷം ബഷീർ സഞ്ചരിച്ചു.ഒരുപാടൊരുപാട് ജീവിതങ്ങൾ കണ്ടു, ഒരുപാട് അനുഭവങ്ങൾ സമ്പാദിച്ചു, ഏതാനും ഭാഷകൾ വഷമാക്കി. ഹിന്ദു സന്യാസി, സൂഫി തുടങ്ങി പല വേഷങ്ങൾ കെട്ടി പാചകക്കാരൻ മുതൽ മജീഷ്യന്റെ സഹായിയായി വരെ തൊഴിൽ ചെയ്തു.
ഭാവന കുറച്ച് അനുഭവങ്ങൾ കൂട്ടി ബഷീർ ജീവിതങ്ങൾ എഴുതി. തന്റെയും താൻ കണ്ട മനുഷ്യരുടെയും ആടിന്റെയും പൂച്ചയുടെയും ജീവജാലങ്ങളുടെയും ഒക്കെ ജീവിതങ്ങൾ. സമൂഹത്തിൽ ഉന്നത നിലവാരം ഉള്ളവരെ നായകന്മാരാക്കിയും മുസ്ലീങ്ങളെ വില്ലന്മാരാക്കിയും നോവലുകൾ എഴുതപ്പെട്ട കാലത്താണിതെന്നോർക്കണം. അന്ന് കാലത്ത് മറ്റുള്ളവർ എഴുതാൻ മടിച്ച വേശ്യകളുടെയും ജയിൽപുള്ളികളുടെയും ഭിക്ഷക്കാരുടെയും പട്ടിണിക്കാരുടെയും ഒക്കെ ജീവിതങ്ങൾ അദ്ദേഹം തന്റെ തൂലികയിലൂടെ കടലാസിലേക്ക് പകർത്തി.
അദ്ദേഹത്തെ വ്യത്യസ്തനാക്കിയ മറ്റൊരു കാര്യം കൂടി അദ്ദേഹം അതിൽ ചെയ്തു. കടിച്ചാൽ പൊട്ടാത്ത വാക്കുകളും എടുത്താൽ പൊങ്ങാത്ത സാഹിത്യങ്ങളും വായിച്ച് തളർന്ന തന്റെ വായനക്കാർക്ക് അദ്ദേഹം നാടൻ ഭാഷയിൽ കൃതികളെഴുതി. അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ രചനകളായിരുന്നു അവയെല്ലാം. കൂടെ തന്റേതായ കുറച്ചു പ്രയോഗങ്ങളും കൂട്ടി. 'സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണ്','വെളിച്ചത്തിന് തെളിച്ചം' തുടങ്ങി വായനക്കാർക്ക് താല്പര്യം ഉണർത്തുന്ന പ്രയോഗങ്ങൾ.
ജീവിത പ്രാരാബ്ധം കൊണ്ട്, സ്വന്തമാക്കാൻ ആശിച്ച ബാല്യകാലസഖിയെ നഷ്ടപ്പെട്ട മജീദിന്റെ 'ബാല്യകാലസഖി'യും പരസ്പരം കണ്ടിട്ടില്ലെങ്കിൽ പോലും ഒരു മതിലിന്റെ ഇരുവശങ്ങളിലും നിന്ന് ഹൃദയം കൈമാറിയ ബഷീറിന്റെയും നാരായണിയുടെയും 'മതിലുകളും' സഹോദരി വളർത്തിയ വികൃതിക്കാരിയായ ആട്ടിൻകുട്ടിയുടെ കഥ പറഞ്ഞ 'പാത്തുമ്മായുടെ ആടും' തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ പ്രതിനിധീകരിച്ച് ഒട്ടനവധി രചനകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. അങ്ങനെ സാധാരണക്കാരുടെ എഴുത്തുകാരനായി ബഷീർ ജീവിച്ചു. ഇന്നും ജീവിക്കുന്നു.