ലേഖനം | മുഹമ്മദ് റയ്യാൻ. എൻ
യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളെ കുറിച്ച് പൗരസമൂഹം ഏറെ ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ദേശവ്യാപകമായി നിലനിൽക്കുന്ന നിയമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ട ഒന്നാണ് UAPA അഥവാ (Unlawful Activities Prevention Act) ,2008. സ്വതന്ത്ര ഇന്ത്യയിൽ പല കാലങ്ങളിലായി വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരിൽ ഭീകരനിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പൗരസമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധങ്ങൾ മൂലം അവ പിൻവലിക്കുകയാണുണ്ടായത്.
മുംബൈ ഭീകരാക്രമണമുണ്ടാകുന്നത് 2008 നവംബര്‍ 26നാണ്. അതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന ടാഡ, പോട്ട എന്നീ സമാന നിയമങ്ങള്‍ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ വികാരത്തെ മുതലാക്കിയാണ് എതിര്‍പ്പൊന്നുമില്ലാതെ 2008 ഡിസംബര്‍ 16ന് പുതിയ ഭേദഗതികള്‍ അവതരിപ്പിക്കപ്പെടുന്നത്. സാധാരണ ഗതിയിലുള്ള മുന്‍ ചര്‍ച്ചകളോ അഭിപ്രായ സ്വരൂപണമോ പോലും നടത്തിയില്ല. ഈ ഭേദഗതിയോടൊപ്പം തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സി, എന്‍.ഐ.എയും രൂപപ്പെടുന്നത്.1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012, എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2008ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ യു.എ.പി.എ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെ ഇരകളാക്കപ്പെട്ട ആയിരക്കണക്കിനാളുകള്‍ -അതില്‍ തന്നെ ഏതാണ്ടെല്ലാവരും നിരപരാധികള്‍-ജയിലറക്കുള്ളില്‍ അടക്കപ്പെടുകയും ചെയ്തു.
ഒരു വ്യക്തിയെ തിരയാനോ അറസ്‌ററ് ചെയ്യാനോ വിധത്തില്‍ 'മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന' കാരണങ്ങളുണ്ടാവണമെന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡി(സി.ആര്‍.പി.സി)ന്റെ താല്‍പര്യത്തിനെതിരാണ് ഭേദഗതി വരുത്തിയ യു.എ.പി.എയിലെ വ്യവസ്ഥ. പുതിയ നിയമത്തില്‍ 'വിശ്വസനീയമായ കാരണം' എന്നാക്കി ഇതിനെ ലഘൂകരിച്ചിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ അറിവുണ്ടെന്നു പറഞ്ഞാല്‍ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇതിനാല്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ വിരോധം കൊണ്ട് തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിയും.
ഇനി അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്ഥിതിയോ? യു.എ.പി.എയുടെ 43ഡി(2) വകുപ്പുപ്രകാരം പ്രാഥമിക തടങ്കലില്‍ വക്കാനുള്ള കാലയളവ് 180 ദിവസമാണ്. (ഇത് സാധാരണ നിയമത്തില്‍ 90 ദിവസമാണ്). എന്നാല്‍ 90 ദിവസത്തിനുശേഷം പ്രോസിക്യൂട്ടര്‍ കേസ് പുരോഗതിയിലാണെന്നും കൂടുതല്‍സമയം ആവശ്യമുണ്ടെന്നും കോടതിയെ ബോധിപ്പിക്കണം. ജഡ്ജിയെ സംബന്ധിച്ചിടത്തോളം കേസില്‍ പുരോഗതിയുണ്ടായെന്ന് പരിശോധിക്കുക മാത്രമാണിവിടെ വേണ്ടത്. തടവ് നീട്ടുന്നതിനാവശ്യമായ തെളിവുണ്ടോയെന്ന് നോക്കേണ്ടതില്ല. ഭീകരനെന്നാരോപിക്കപ്പെട്ടയാളുടെ പൊലീസ് കസ്റ്റഡിയുടെ കാര്യത്തില്‍ മുപ്പത് ദിവസം വരെ കസ്റ്റഡിയില്‍ വെക്കാവുന്നതാണ്. അതായത് ഒരാളെ പിടിച്ച് കൃത്രിമമായി തെളിവുകളുണ്ടാക്കാന്‍ പൊലീസിന് വേണ്ടത്ര സമയം ലഭിക്കുമെന്നര്‍ത്ഥം.