കവിത / മുഹമ്മദ് നിയാസ് സി
അന്നൊരു പാതിര ശോഭന കീർത്തിയിൽ
രാക്കുയിൽ പാടി തൻ സ്വാതന്ത്ര്യ നാദം
എങ്കിലും പറവയെ നീയറിഞ്ഞിരുന്നെങ്കിൽ
റാഞ്ചാൻ തടുത്ത നിൻ ഘാതകൻ
കഴുകനെ
സ്വാതന്ത്ര്യ പുലരിയാൽ നിർഭയ വീഥിയിൽ
സ്വർഗാനുരാഗം പുരണ്ടയീ മണ്ണിൽ
സ്വാർത്ഥരാം അക്രമാസക്തരാം സംഘങ്ങൾ
സ്വപ്ന തീനാളങ്ങൾ തൊടുത്തുവിട്ടു.
തൊണ്ണുറ്റിരണ്ടിലാരാധന ഭവനവും
തൊണ്ണൂറി നേട്ടത്തിലേകാധിപത്യവും
തോളോട് തോളിനാൽ കരം ചേർന്ന ജനതയെ
തോക്കിലായ് വാളിലായ് മുറിച്ച് മാറ്റി
കറക്കേണ്ട പശുവിനെയറുത്തന്നു വാദിച്ച്
മറുത്തൊന്നു മുതിരുമുമ്പെതിർത്തു പൗരനെ
കരുമാറ്റി കറമാറ്റിയെടുത്തു കഠാര തൻ
കറുപ്പിന്റെ വീഥിയിൽ കടത്തി കഠാര തൻ
ജീവനും ജീവിതഹാരവും നൽകിയ
ജീവിതാമൃതം തിരിച്ചു വാങ്ങിയ
രാജ്യസ്നേഹികളം ദേശാഭിമാനികളെ
ദേശ വിരുദ്ധരാക്കിയരാം അവർ
മാതാവിൻ മാധുര്യമുറങ്ങുമീ മണ്ണിൽ
മാറോടടുത്ത മരതക ചെപ്പിനെ
മർദന പീഡിതർ ചീന്തിയാ വദനത്തെ
മാനസാ മാതൃത്വം നഗ്നയാക്കി
നിറവയറാം നാരിയെ തൃശൂലത്തിലേറ്റി
താണ്ടവമാടിയാ തെമ്മാടികൾ
ഇരുപത്തിയഞ്ചിലാന്തകാരം
ഇരുപത്തിനാലിലുമാഴ്ന്നിറങ്ങുന്നു
അറിയുക അക്രമകാരികളാം ദുഷ്ടരെ
അണികളായ് പോരിന്നിറങ്ങുവിൻ ശിഷ്ടരെ
അണഞ്ഞു കൊണ്ടിരിക്കുന്ന നീതിയുടെ
തീനാളം
അണയാതെ ജ്വാലയായ് ഉയർത്തികാട്ടാം
അന്നൊരു പാതിര ശോഭന കീർത്തിയിൽ
രാക്കുയിൽ പാടി തൻ സ്വാതന്ത്ര്യ നാദം
എങ്കിലും പറവയെ നീയറിഞ്ഞിരുന്നെങ്കിൽ
റാഞ്ചാൻ തടുത്ത നിൻ ഘാതകൻ
കഴുകനെ