യാത്രാനുഭവം/അമൽ തഹ്സിൻ. സി.എച്ച്
വർഷം 2018 അസ്തമയ സൂര്യന്റെ ശോഭ മങ്ങിത്തുടങ്ങിയിട്ടുണ്ട്.പള്ളിമിനാരങ്ങളിൽ നിന്നും ബാങ്കൊലികൾ മുഴങ്ങുന്നു. നിരത്തിലോടുന്ന വാഹനങ്ങളുടെ തലവെളിച്ചം നഗരവീഥികളെ സുന്ദരിയാക്കിതുടങ്ങുന്ന സമയം.
വീട്ടിലെ എല്ലാവരും വസ്ത്രങ്ങളും മറ്റു സാധനങ്ങളും ബാഗുകളിലേക്ക് നിറക്കുകയാണ്.
അവരെ പോലെ തന്നെ ബാംഗ്ലൂർ കാണാനുള്ള
ആകാംക്ഷയിലായിരുന്നു ഞാനും. എല്ലാവരും ഒത്ത് വന്നു യാത്ര തുടങ്ങുമ്പോഴേക്കും ഏകദേശം ഏഴര മണി കഴിഞ്ഞിരുന്നു. വീട്ടിൽ നിന്നും ബാംഗ്ലൂരിലേക്ക് ഏകദേശം 250 കിലോമീറ്റർ ഉണ്ടെന്നാണ് ഉപ്പ പറഞ്ഞത്.
കുട്ട എന്ന സ്ഥലത്തിലെ കാട്ടുവഴിയിലെത്തിയപ്പോൾ ഞങ്ങളെയും പേറി കുതിക്കുന്ന ETIOS എന്ന വാഹനത്തിന്റെ ആരോഗ്യവസ്ഥ മോശമാണെന്നതിനുള്ള ചെറിയ ചെറിയ ലക്ഷണങ്ങൾ അവൻ കാണിച്ചു തുടങ്ങി.ഒമ്പതുമണിക്ക് മുമ്പ് തന്നെ ഞങ്ങൾ കുട്ട കടന്നിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല നമുക്ക് മുന്നോട്ട് തന്നെ പോവാം എന്ന ഉപ്പയുടെ ഒരു വാക്ക് മാത്രമായിരുന്നു അന്നത്തെ ഞങ്ങളുടെ ധൈര്യത്തിന്റെ സ്രോതസ്സ്.രണ്ട് മൂന്ന് മണിക്കൂറുകൾക്കു ശേഷം തിത്തിമത്തി എന്ന സ്ഥലത്ത് എത്തിയപ്പോൾ വാഹനത്തിന്റെ ചലനമറ്റു. എങ്ങും ഇരുട്ട് മാത്രം ഒരാൾ ശ്വാസമെടുക്കുന്നതു പോലും മറ്റൊരാൾക്ക് കേൾക്കാൻ കഴിയുന്നത്ര നിശബ്ദത.വഴിയരികിലെ പുഴക്കരിയിലെ മാലിന്യത്തിൽ നിന്നുമുള്ള ദുർഗന്ധം തികച്ചും ഞങ്ങളെ ഭീതിയിലാഴ്ത്തുന്ന ഒരു സാഹചര്യം. പെട്ടെന്ന് തന്നെ വാഹനത്തിന്റെ മുൻവശത്തു നിന്നും പുക ഉയർന്നു പൊങ്ങി. പരിശോധിച്ച ശേഷം വാഹനത്തിനാവശ്യമായ വെള്ള ടാങ്കിന്റെ പൈപ്പ് ലീക്കായതാണ് വെള്ളമൊഴിച്ചാൽ യാത്ര തുടരാം കുഴപ്പമൊന്നുമില്ല എന്ന് ഉപ്പ പറഞ്ഞപ്പോഴാണ് ഒന്നാശ്വാസമായത്.ആ ആശ്വാസത്തിനധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുടിക്കാൻ അല്ലാതെ ഞങ്ങൾ അധികം വെള്ളം കരുതിയിരുന്നില്ല. അതും ഇനി കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുത്തുണ്ടായിരുന്ന പുഴയിലിറങ്ങി വെള്ളമെടുക്കാമെന്ന ഞങ്ങളുടെ ആശയത്തെ ഉപ്പ ഒറ്റവാക്കിൽ നിരസിച്ചു. ഒടുവിൽ അടുത്തുള്ള ചെറ്റകുടിലിൽ പോയി ഞങ്ങൾ അവരെ വിളിച്ചു നോക്കി. ( അക്കാ...അക്കാ.....) ഭ്രാന്തമായ പ്രകൃതത്തിൽ ഒരു സ്ത്രീ അലറി വിളിച്ചു. ഉടൻതന്നെ ഉള്ളിൽനിന്ന് ഒരു കിഴവൻ ഇറങ്ങിവന്ന് ആ സ്ത്രീയെ ഉള്ളിലേക്ക് കൊണ്ടുപോയി. അല്പസമയത്തിനു ശേഷം അയാൾ പുറത്തിറങ്ങി വന്നു. അയാളുടെ വരവിൽ ഞാനൊന്ന് പതറി. എങ്കിലും ഉപ്പയുടെ കൂടെയാണെന്ന ചിന്ത എന്നെ
ഉറച്ചു നിറുത്തി. അപ്പോൾ സമയം ഏകദേശം പതിനൊന്നര കഴിഞ്ഞിരുന്നു. ഉപ്പയും അയാളും എനിക്കന്യമായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു.നേനു ഹസ്രു രാഘവൻ ഇതാണ് സംഭാഷണത്തിലെന്റെ സമ്പാദ്യം.
കുപ്പിയിൽ നിറച്ച വെള്ളം വാഹനത്തെയും ഞങ്ങളെയും മുന്നോട്ട് നീക്കിയപ്പോൾ അയാളോട് ഒരു നന്ദി പറയാമായിരുന്നു എന്നെനിക്ക് തോന്നി.ഘടികാരത്തിലെ സൂചി രണ്ട് മണിയെ മുത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഞങ്ങൾ ഞങ്ങളുടെ ബാംഗ്ലൂരുവിലെ വീട്ടിലെത്തിയിരുന്നു.ശേഷം ഒരു നെടുവീർപ്പോടെ ആശ്വസിച്ചിട്ടു ഞാൻ പറഞ്ഞു.
" ഇത്ര ഭയാനകമായിരുന്നോ ബാംഗ്ലൂർ"