ലിയാഖത്ത് അലി | ലേഖനം
അതിനി വേഷത്തിനെതിരെ 20 വർഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ് ഉമർ മുഖ്‌താർ. അദ്ദേഹം 69-ാം വയസ്സിലാണ് രക്തസാക്ഷിയാകുന്നത്. ലിബിയയിലെ കിഴക്കൻ ബർഖയുടെ ഭാഗമായ തവറുക്കി നടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം ഖുർആൻ അധ്യാപകനായും, ഇമാമായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അഹമ്മദ് ശരീഫ് ഉമർ മുഖ്‌താറിനെ ഐൻ കൽക്കിയിലെ ആശ്രമത്തിൽ നിന്നും തിരികെ വിളിപ്പിക്കുകയും സംഘർഷബാധിത പ്രദേശമായ ബാർക്കയിലെ ആശ്രമങ്ങളുടെ മുഖ്യ ഗുരുവായി നിയമിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ഉമർ മുഖ്‌താർ പടയൊരുക്കം ആരംഭിച്ചത്. 1923 ൽ സനൂസി സേനാധിപനായിരുന്ന ഇദ്‌രീസ് അൽ സനൂസിയുടെ മരണത്തിന് ശേഷം
സനൂസി ഗറില്ല സംഘങ്ങളുടെ മുഖ്യ സേനാധിപതിയായി ഉമർ മുഖ്‌താർ തിരഞ്ഞെടുക്കപ്പെട്ടു. 1924 ൽ ഇറ്റാലിയൻ ഗവർണർ ഐണെസ്റ്റോ ബോംബെല്ലി ജബൽ ആക്താർ മലനിരകളിൽ രൂപീകരിച്ച ഗറില്ല വിരുദ്ധ സൈന്യം ലിബിയൻ പോരാളികൾക്ക് കടുത്ത നാശം വരുത്തിവച്ചു. മുഖ്‌താർ ഉടൻതന്നെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ ഈജിപ്തിന്റെ സഹായത്താൽ കിട്ടിയ അടി തിരിച്ചടിക്കാൻ തുടങ്ങി. റഹീബയിലെ പോരാട്ടത്തിൽ ഉമർ മുഖ്‌താർ ഇറ്റാലിയൻ പടയെ ഞെട്ടിപ്പിച്ചു. ഇറ്റാലിയൻ ഗവർണർ ആയിരുന്ന ജനറൽ തുറസ്സിക്ക് പോലും ഉമ്മർ മുഖ്‌താറിന്റെ അസാധാരണമായ ബുദ്ധിയേയും കഴിവിനെയും അംഗീകരിക്കേണ്ടി വന്നു. മുഖ്‌താറിനെതിരെയുള്ള ശക്തമായ പോരാട്ടം പരാജയമായപ്പോൾ ബെനിറ്റോ മുസ്സോളനിയുടെയും എമിലോ ഡിബോണയുടെയും നേതൃത്വങ്ങളാൽ പുതിയൊരു സൈന്യം രൂപീകരിച്ചു. ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റുക. ലിബിയൻ ഈജിപ്ഷ്യൻ അതിർത്തിയായ ഗിയറാബുബ് അടയ്ക്കുക ഇതായിരുന്നു അവർ രൂപീകരിച്ച തന്ത്രം. ഈ കാര്യത്തിലൂടെ പോരാളികൾക്കുള്ള വിദേശസഹായവും സ്വദേശികളുടെ പിന്തുണയും തടയാൻ കഴിയുമെന്ന് ഇറ്റാലിയൻ അധികാരികൾ മനസ്സിലാക്കി. ശരിക്കും ഇത് ഫലം കണ്ടു. എങ്കിലും ഉമർ മുഖ്‌താർ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയൻ സൈന്യത്തിനെതിരെ പോരാടി. 1931 സെപ്റ്റംബർ 11 ന് ഉമർ മുഖ്‌താർ ഇറ്റാലിയൻ സൈന്യത്തിന്റെ പിടിയിലായി. ഒരു സമ്മാനം നേടിയെടുത്തതിന്റെ സമാനമായിരുന്നു ഇറ്റാലിയൻ സൈന്യത്തിന് മുഖ്‌താറിന്റെ അറസ്റ്റ്. മുഖ്‌താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു. തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർആൻ ഉരവിടുകയായിരുന്നു എന്ന് അദ്ദേഹത്തിനോട് ചോദ്യം ചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി. വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു!!. മാപ്പപേക്ഷിച്ചാൽ വധശിക്ഷ ഒഴിവാക്കി പുറം രാജ്യത്തേക്ക് അയക്കാമെന്ന സന്ധി ഉച്ചരിച്ച പട്ടാളം മേധാവിയോട് ഉമർ മുഖ്‌താർ പറഞ്ഞു: "ഞങ്ങൾ കീഴടങ്ങില്ല, ഒന്നെങ്കിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം. ഇതിവിടെ അവസാനിക്കുമെന്ന് നിങ്ങൾ കരുതേണ്ട നിങ്ങളോട് പോരാടാൻ അടുത്ത തലമുറ വരും, അവർക്ക് ശേഷം അടുത്ത തലമുറ, അതിനുശേഷം അതിനടുത്ത തലമുറ".
എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ 1931 സെപ്റ്റംബർ 16 ന് അദ്ദേഹം രക്തസാക്ഷിത്വത്തിന്റെ മാധുര്യം അനുഭവിക്കുകയും ചെയ്തു.