ലേഖനം | ഇബ്രാഹീം മൗലവി വടുതല
പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൻ അല്ലാഹുവിനോടൊപ്പം മറ്റാരേയും പ്രാർത്ഥിക്കാതിരിക്കുവീൻ (ജിന്ന്: 19 ) "അയോദ്ധ്യയിലെ ഫൈസാബാദിൽ മുഗൾ ചക്രവർത്തി ആയിരുന്ന ബാബർ നിർമ്മിച്ച ബാബരി മസ്ജിദ് നീണ്ട 450 വർഷം മുസ്‌ലിംകൾ പ്രാർത്ഥന നടത്തി. ഇന്ത്യ വൈദേശികരുടെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ പോലും പള്ളി പള്ളിയായി നില നിന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷം പിന്നിട്ടപ്പോൾ നമ്മെ ഭരിച്ചിരുന്ന മതേതര രാഷ്ട്രീയ പാർട്ടിയുടെ പൂർണ പിന്തുണയോടെ 1949 ഡിസംബർ 22 ന് പളളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചത് മുതൽ ബാബരി പളളി ഇന്ത്യൻ രാഷ്ട്രീത്തിലേക്ക് കടന്നു വന്നു. ഇന്ത്യൻ മുസ്‌ലിം നേതൃത്വം അന്ന് മുതൽ കോടതിയേയും ഭരണകൂടത്തേയും പൂർണമായും വിശ്വസിച്ചു. എന്നാൽ 1992 ഡിസംബർ 6 ന് പള്ളി രാഷ്ട്രീയ സ്വയം സേവക സംഘം (RSS) ൻ്റെ നേതൃത്വത്തിൽ പള്ളി തകർക്കുന്നത് വരേ കോടതികളിൽ നിന്നോ ഭരണ കൂടങ്ങളിൽ നിന്നോ ഒരു നീതിയും മുസ്‌ലിംകൾക്ക് ലഭിച്ചില്ല. എന്നാൽ പള്ളി തകർക്കപ്പെട്ടതിന് ശേഷം മുഴുവൻ മതേതര പാർട്ടികളും കോൺഗ്രസ് ഗവൺമെൻ്റും ജനാധിപത്യ സമൂഹവും ഇന്ത്യയിലെ മുസ്‌ലിംകളോട് പറഞ്ഞു. പളളി അവിടെ തന്നെ പണിതു നൽകും അതാണ് നീതി.ഇന്ത്യയിലെ മുസ്‌ലിം നേതൃത്വങ്ങൾ സംഘടനകൾ പണ്ഡിതന്മാർ എല്ലാവരും വിവിധ രീതിയിലുള്ള സമരങ്ങൾ നടത്തി. പള്ളി പുനർനിർമ്മിക്കാനും അക്രമികളെ ശിക്ഷിക്കാനും മതേതര ഗവൺമെൻ്റുകൾ തയ്യാറാകും എന്ന പ്രതീക്ഷയിൽ സമുദായം ആലസ്യത്തിലേക്കും വിസ്മൃതിയിലേക്കും വഴിമാറി. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ബാബരി വിഷയമായിരുന്നെങ്കിലും അതെല്ലാം മുസ്‌ലിം വോട്ടുകൾ തട്ടാനുള്ള രാഷ്ട്രീയ അജണ്ടകൾ മാത്രമായിരുന്നു. കാലങ്ങൾ കടന്നു പോകുന്തോറും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് മാത്രമല്ല മുസ്‌ലിം സമുദായത്തിൻ്റെ മനസ്സുള്ളിൽ നിന്നും ബാബരി മസ്ജിദിനെ ഒഴിവാക്കാനുള്ള ശ്രമമാണ് മതേതര പാർട്ടികൾ നടത്തിയത്. അതിന് തയ്യാറായ മുസ്‌ലിം നേതൃത്വങ്ങളിൽ പലരും ബാബരി മസ്ജിദിനെ സ്വയം മറക്കുകയും തങ്ങളുടെ അജണ്ടയിൽ നിന്ന് മാറ്റി നിർത്തുകയും സമുദായത്തോട് മറക്കാൻ നിർദ്ദേശിച്ച് കൊണ്ടിരിക്കുകയും ചെയ്തു.എന്നാൽ ബാബരിയെ തകർത്ത ഫാഷിസ്റ്റ് ശക്തികൾ ശ്രീ രാമനേയും ക്ഷേത്രത്തേയും രാഷ്ട്രീയ അജണ്ടയാക്കി നിലനിർത്തി കൊണ്ടേയിരുന്നു.ബാബരിയുടെ ഭൂമിയിലെ വിവാദങ്ങളിലൂടെ ഹിന്ദുത്വ വർഗീയത വളർത്തിയാണ് ഉത്തർ പ്രദേശ് ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യൻ ഭരണകൂടത്തിലും ഫാഷിസ്റ്റുകൾ എത്തിപ്പെട്ടത്. ഇന്ത്യൻ ഭരണത്തെ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലേക്ക് എത്തിക്കാൻ വേണ്ടി വീണ്ടും ബാബരി വിഷയം ഓർമിപ്പിച്ചിരിക്കുകയാണ് ഫാഷിസ്റ്റുകൾ. ഇത്തരണത്തിൽ മതേതര ജനാതിപത്യ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.എന്നാൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന അല്ലാഹുവിൻ്റെ പള്ളികളെ ബഹുമാനിക്കുന്ന മുസ്‌ലിം സമുദായത്തിലെ നല്ലൊരു ശതനാമം വിശ്വാസികളും വളരേ യേറെ വേദനയിലാണ്.വേദനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന എൻ്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാനുള്ളത് നമുക്ക് പ്രാർത്ഥിക്കാം മനസ്സുരുകി നമ്മുടെ നാഥനോട് പറയാം.എല്ലാ വിശ്വാസികളും വിശ്വാസിനികളും പള്ളികളിലും വീടുകളിലുമായി പ്രാർത്ഥിക്കണം; നീതിക്കായി, സത്യത്തിൻ്റെ തിരിച്ചു വരവിനായി, തകർക്കപ്പെട്ട പള്ളികളുടെ വീണ്ടെടുപ്പിനായി, പീഡിപ്പിക്കപ്പെട്ട സമുദായത്തിൻ്റെ ശാന്തിക്കായി, ബലാത്സസംഘം ചെയ്യപ്പെട്ട സഹോദരിമാരുടെ ആത്മാഭിമാനത്തിനായി, കൊല്ലപ്പെട്ടവരുടെ ആത്മാക്കളോടുള്ള കടപ്പാടായി നമുക്ക് പ്രാർത്ഥിക്കാം'നമ്മുടെ നാഥനല്ലാതെ മറ്റാരും നമ്മുടെ കൂടെ ഇല്ല. ആ നാഥനിലുള്ള പ്രതീക്ഷ കൈവെടിയാൻ നമുക്ക് സാധിക്കുകയുമില്ല.