ലേഖനം | മുഹമ്മദ് നിയാസ്.സി
റമദാനിൽ ഒരു വിശ്വാസി ഏറ്റവും കൂടുതൽ കൈക്കൊള്ളേണ്ട ഒന്നാണ് 'തഖ്‌വ'. വ്രതാനുഷ്ഠാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ തഖ്‌വയാണ്.
പട്ടിണികൊണ്ടും ദാഹംകൊണ്ടും പ്രയാസപ്പെടുത്താനോ ശാരീരിക ക്ഷമത പരീക്ഷിക്കാനോ അല്ല നോമ്പ്. മറിച്ച്, സൂക്ഷ്മതയുള്ളവരാകാൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയും നാവിനെയും നിയന്ത്രിച്ച് ദിക്റിന്റെ നനവുള്ള നാവും അല്ലാഹുവിനെ സൂക്ഷിക്കുന്ന ഖൽബും ഒരു വിശ്വാസി ഈ റമദാൻ കൊണ്ട് വാർത്തെടുക്കേണ്ടതുണ്ട്.
ഒരു സത്യവിശ്വാസിയുടെ റമദാനിലെ രാത്രികൾ അവന് ഏറ്റവും പ്രിയപ്പെട്ടതാവും, ഉറക്കമില്ലാത്ത രാത്രിയുടെ യാമങ്ങളിൽ കരഞ്ഞുകലങ്ങിയ കണ്ണുകളും കറകളഞ്ഞ കരങ്ങളുമായി തന്റെ നാഥനുമായി പാപമോചനത്തിന് വേണ്ടി തേടുന്ന പവിത്രമായ സമയം.
പ്രവാചകചരിത്രത്തിൽ ജിബ്‌രീൽ (അ) ഒരിക്കൽ നബി തങ്ങളുടെ അടുത്തുവന്ന് "റമദാൻ ആഗതമായിട്ടും പാപം പൊറുക്കപ്പെടാത്തവനെ അല്ലാഹു ശപിക്കട്ടെ" എന്ന് പറയുകയും നബി (സ) ആമീൻ എന്ന് പറഞ്ഞതായും കാണാം. അതുകൊണ്ടുതന്നെ റമദാനിലെ ദിനരാത്രങ്ങൾ പാപമോചനത്തിന്റെ നിമിഷങ്ങളാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
അതുപോലെതന്നെ ഖുർആൻ പാരായണം :
ഖുർആൻ ഇറങ്ങിയ മാസമാണ് അതിനാൽ പാരായണങ്ങൾക്കുപരി അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിൽ മത-ഭൗതികപരമായി വ്യക്തിത്വം മെച്ചപ്പെടുത്തേണ്ടതുണ്ട്.
റമദാൻ പോരാട്ടത്തിന്റെയുംകൂടെ കാലഘട്ടമാണ്. റമദാൻ 17, ആർത്തിരമ്പിവരുന്ന ശത്രുക്കൾക്കെതിരെ ദൃഢവിശ്വാസത്തിന്റെ ആയുധംകൊണ്ട് പോരാടി വിജയം കൈവരിച്ച മഹത്തായ ദിവസം. സമാനമായി ഇന്നത്തെ സമകാലിക സമൂഹത്തിലും വിശിഷ്യാ ഫലസ്തീന് ജനതക്ക് റമദാന് കഠിനപോരാട്ടത്തിന്റെ നാളുകളാണ്.എല്ലാം നഷ്ടമായിട്ടും അചഞ്ചലമായ വിശ്വാസത്തിൽ ഉറച്ചുനിന്ന് തകർന്നടിഞ്ഞ കെട്ടിടാവാശിഷ്ട്ടങ്ങൾക്ക് മീതെ ഖുർആൻ പാരായണം ചെയ്യുന്നവർ ,ദൈന്യദിനം ജീവിതത്തിൽ തന്നെ അന്ന-പാനിയങ്ങൾക്ക് വേണ്ടി അലയുന്നവർ, വ്രതമനുഷ്ഠിച്ചു നോമ്പ്തുറക്കുമ്പോൾ അവരെസംബന്ധിച്ചു ആലോചിക്കേണ്ടതുണ്ട് . നാനാഭാഗങ്ങളും ശത്രുവലയംകൊണ്ട് ചുറ്റപ്പെട്ടു മിനിറ്റുകൾക്കിടയിൽ ചീറിപ്പാഞ്ഞു വരുന്ന മിസൈലുകൾക്കും ബോംബുകൾക്കും മുന്നിൽ നിന്ന് രാത്രി യാമങ്ങളിൽ തന്റെ നാഥന് മുന്നിൽ സുജൂദ്ചെയ്യുന്ന വിശ്വാസികളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
ആ അചഞ്ചലമായ വിശ്വാസം ജീവിതത്തിൽ പകർത്തി പ്രവാചകന്‍ ചൂണ്ടിക്കാണിച്ച ഹൃദയാന്തരങ്ങളിൽ തഖ്‌വയെ പ്രതിഷ്ഠിച്ചു സകല തിന്മയിൽ നിന്നും വിട്ട്നിന്ന് ഇരട്ടി പ്രതിഫലം വാരിക്കോരിതരുന്ന ഈ മാസത്തിൽ കണക്കില്ലാതെ സമ്പാദിച്ച് ഈ റമദാനിനെ ധന്യമാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.