ബദ്ർ ഒരു തിരുത്ത്

Line magazine
ലേഖനം| സയ്യാം പി.പി

ബദ്ർ ചരിത്രത്തിൽ അനിവര്യമായും സംഭവിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ഉരുക്ക്‌ മുഷ്‌ടികൊണ്ട് എതിരാളിയെ നിലംപരിശാക്കി എക്കാലത്തും 
വർഗ മേന്മയുടെ കൊടി പാറിക്കാമെന്ന ചിന്തക്ക് ഒരു തിരിച്ചടി ആവശ്യമായിരുന്നു. തൗഹീദും 
ശിർക്കും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതിലുപരി നിരവധി രാഷ്ട്രീയ മൂല്യങ്ങൾ ബദ്ർ നിരത്തുന്നുണ്ട്.

കുല മഹിമയുടെയും ധാർഷ്ഠ്യത്തിൽ സർവ്വരെയും ആക്രമിച്ചും ചൂഷണം ചെയ്തും എല്ലാവരെയും തങ്ങളുടെ കീഴിൽ നിർത്താനുള്ള കുടില തന്ത്രത്തെയാണ് ഇവിടെ ബദ്ർ പൊളിച്ചടക്കിയത്. ചൂഷണത്തിൻ്റെ കുമിളകൾക്ക് ആയുസ്സില്ലെന്നും എല്ലാവരും ഒരു പോലെയാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ബദ്ർ.ചരിത്രത്തിലെ ഈ എണ്ണമറ്റ യുദ്ധങ്ങൾക്കിടയിൽ കേവലം ആയിരത്തി നാനൂറില് താഴെയുള്ള വ്യക്തികൾ നടത്തിയ ഒരു പോരാട്ടത്തിന് വലിയ പ്രസക്തിയൊന്നും ഉണ്ടാകില്ല. എന്നാൽ ഒരു ഒട്ടകത്തിന്റെ പേരിൽ പതിറ്റാണ്ടുകൾ യുദ്ധം ചെയ്‌ത് നേരിൻ്റെ കണ്ണും കാതും ഖൽബും നഷ്‌ടപ്പെട്ട അറബികൾക്കു മുന്നിൽ കാണാനും കേൾക്കാനും ചിന്തിക്കാനുമുള്ള കവാടമാണ് ബദ്ർ തുറന്നത്. അത് കൊണ്ടാണ് ബദ്റിനെ ഇത്രേ അധികം സ്‌മരിക്കപ്പെടുന്നത്.

ഇസ്ലാമിന്റെ പ്രബോധനം നടത്തുന്നതിന്റെ ഇടയിൽ ശത്രുപീഡനം സഹിക്കാനാകാതെ പ്രവാചകനും അനുയായികളും മദീനയിലേക്ക് ഹിജ്റ ചെയ്ത‌പ്പോൾ അവരുടെ സർവ്വ സമ്പാദ്യങ്ങളും മക്കയിൽ ഇട്ടേച്ചുപോവുകയായിരുന്നു. ഈ സമ്പാദ്യങ്ങളെല്ലാം പിടിച്ചെടുത്ത ഖുറൈശികൾ അത് മൂലധനമാക്കി ഒരു യുദ്ധഫണ്ട് രൂപീകരിക്കുകയും പ്രസ്തുത മൂലധനം വ്യാപാരത്തിനുപയോഗിച്ച് വളർത്തി മുസ്‌ലീങ്ങളെ ശക്തമായി 
അടിച്ചമർത്താൻ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു‌.. ശത്രുവിൻ്റെ ഈ ഗൂഢനീക്കം തടയാൻ ഒരു മാർഗമേ മുസ്‌ലിങ്ങൾക്കു മുന്നിലുണ്ടായിരുന്നുള്ളൂ. മദീന വഴി സിറിയയിലേക്ക് കച്ചവടത്തിനു പോകുന്ന ഖുറൈശികളെ തടയുക. കിട്ടാവുന്നിടത്തോളം തങ്ങളുടെ സമ്പാദ്യം തിരിച്ചുവാങ്ങുക. സിറിയയുമായുള്ള വ്യാപാരബന്ധം ഖുറൈശി ജീവിതത്തിന്റെ മുഖ്യ ആശ്രയമായിരുന്നു.അങ്ങനെയാണ് ഖുറൈശികളുടെ കച്ചവട മാർഗം തടസ്സപ്പെടുത്താനും കിട്ടാവുന്നത്ര ധനം തിരിച്ചുപിടിക്കാനും മുസ്ലീങ്ങൾ തയ്യാറായത്. അബൂസുഫിയാൻ്റെ നേതൃത്വത്തിൽ സിറിയയിലേക്ക് കച്ചവടത്തിനു പുറപ്പെട്ട ഖുറൈശി സംഘത്തെ തടയാൻ മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിൽ ഒരു സംഘം മുസ്‌ലീങ്ങൾ മദീനയുടെ അതിർത്തി പ്രദേശത്തേക്ക് നീങ്ങിയതറിഞ്ഞ ശത്രുക്കൾ വഴിമാറി സഞ്ചരിച്ച് രക്ഷപ്പെടുകയാണുണ്ടായത്. പക്ഷേ, ഖുറൈശി ദൂതൻ മക്കയിൽ ചെന്നു തെറ്റായ സന്ദേശം നൽകി. തന്നടിസ്ഥാനത്തിൽ ഖുറൈശികൾ 
സർവ്വായുധസജ്ജരായി മദീനയേയും പ്രവാചകനെയും ആക്രമിക്കാൻ ബദ്റിൽ എത്തിച്ചേർന്നതോടെയാണ് ഒരു യുദ്ധത്തിന് കളമൊരുങ്ങുന്നത്.
ഹിജ്റ രണ്ടാം വർഷം റമളാൻ 4ന് ഭരണം അബ്‌ദുല്ലാഹിബ്നു ഉമ്മി മക്ത്‌തൂമിനെ മദീന ഏൽപിച്ച് പ്രവാചകൻ വിടുമ്പോൾ, ലക്ഷ്യം വെച്ചത് അബൂസുഫിയാൻ്റെ കച്ചവട സംഘത്തെ തടഞ്ഞ് ഖുറൈശികളെ മുസ്‌ലിങ്ങളുമായി സന്ധി ചെയ്യാൻ 
നിർബന്ധിക്കുക മാത്രമായിരുന്നു.

വെറും രണ്ടു കുതിരകളും, എഴുപതു ഒട്ടകങ്ങളും, നശിച്ച വാളും, തുരുമ്പിച്ച കവചകളും മാത്രമായിരുന്നു വിശ്വാസികളുടെ യാത്രാസാമഗ്രികൾ. എന്നാൽ ശത്രുഭാഗമാകട്ടെ, 
സർവ്വസന്നാഹങ്ങളുമായാണ് എത്തിയിട്ടുള്ളത്.നൂറു കുതിരകൾ, എഴുന്നൂറ് ഒട്ടകങ്ങളും പെണ്ണും, കള്ളും, ആരോഗ്യവാരായിട്ടുള്ള യുവാക്കൾ.

മുസ്ല‌ിങ്ങൾ യുദ്ധം വേണ്ടെന്ന് വെച്ച് മദീനയിലേക്ക് പിൻമാറുകയാണെങ്കിൽ അവരെ പിന്തുടർന്ന് ആക്രമിക്കുകയോ, തങ്ങളുടെ 
മേൽകോയ്‌മയും വീണ്ടും ശക്തിപ്പെടുത്തുകയോ ആയിരുന്നു ഖുറൈശികളുടെ ഉദ്ദേശം. അതുകൊണ്ടു തന്നെ ബദറിൽ ഒരു ചെറുത്തു നിൽപ്പ് മുസ്ലിങ്ങൾക്ക് അനിവാര്യമായി. മുൻകൂട്ടി ഒരു യുദ്ധത്തിനുള്ള ശക്തമായ തയ്യാറെടുപ്പ് നടത്താത്തത് കൊണ്ട് വിശ്വാസികളിൽ തന്നെ ചിലർക്ക് യുദ്ധം വേണമോ എന്നതിൽ ചാഞ്ചല്യമുണ്ടായി, പക്ഷേ ഉറച്ചു നിൽക്കാനുള്ള അല്ലാഹുവിൻ്റെ കൽപ്പനയും നിർദേശവും ലഭിച്ചപ്പോൾ അവരും ശക്തമായി മുന്നിട്ടിറങ്ങി. പ്രവാചകന്റെ പ്രാർത്ഥനാ വചനങ്ങൾ മുസ്‌ലിങ്ങൾക്ക് ആവേശവും ആത്മവിശ്വാസവും നൽകി. അങ്ങനെ അവർ ബദ്റിലേക്ക് പുറപ്പെട്ടു.

ഇല്ലായ്മ‌യുടെ രോദനം മാത്രം അവശേഷിക്കുന്ന മുന്നൂറ്റിപ്പതിമൂന്ന് പേര് സർവ്വസന്നാഹങ്ങളുമുള്ള ആയിരങ്ങളെ പരാജയപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ട് മാത്രമായിരുന്നു. പിന്നീടുണ്ടായ പല യുദ്ധങ്ങൾക്കും ഇല്ലാതിരുന്ന സവിശേഷത 
ബദ്റിനുണ്ടായതുകൊണ്ടാണ് അല്ലാഹുവിൻ്റെ നേരിട്ടുള്ള സഹായം അവിടെയുണ്ടായത്. ഇസ്‌ലാമിക സമൂഹത്തിൻ്റെ 'ഇഖ്‌ലാസ് ബദ്ർ പടക്കളത്തിൽ ശരിക്കും പ്രതിഫലിച്ചിട്ടുണ്ട്. സത്യമതത്തിന്റെ സംരക്ഷണമല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. ജീവിതത്തെ സ്നേഹിക്കുന്നവർക്ക് മുമ്പിൽ മരണത്തെ പേടിക്കാത്തവരുടെ ആത്മാർത്ഥതയാണ് ബദ്റിൽ കാണുന്നത്.. ആവേശം മൂത്ത മിഖ്‌ദാദുബനു അസ്‌വദ് (റ) പ്രവാചകനെ കെട്ടിപ്പിടിച്ച് "മൂസ പ്രവാചകനോട് ബനൂ ഇസ്രായീൽ പറഞ്ഞതുപോലെ നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങളിവിടെ ഇരിക്കട്ടെ" എന്ന് ഒരിക്കലും ഈ സ്വഹാബികൾ പറയില്ല പ്രവാചകാ എന്നും അലറി വിളിക്കുന്ന "തിരമാലകൾ ആഞ്ഞടിക്കുന്ന മഹാസമുദ്രത്തിലേക്ക് എടുത്തുചാടാനാണ്  
കൽപ്പിക്കുന്നതെങ്കിൽ പോലും അങ്ങയുടെ കൽപ്പന ഞങ്ങളനുസരിക്കും പ്രവാചകാ"എന്ന സഅ്ദ് ബ്നു മുആദ്(റ) ആഹ്ളാദിച്ചു കൊണ്ട് പറയുകയുണ്ടായി.

മുസ്ലിങ്ങൾ അവരുടെ ഐക്യവും ബോധവും സാഹോദര്യബന്ധവും ബദറിൽ ശരിക്കും വിനിയോഗിച്ചു. ഇസ്‌ലാമിക ബന്ധത്തിന്റെ നൂലിൽ കോർത്തിണക്കപ്പെട്ട മുഹാജിറുകളും അൻസ്വാറുകളും ദേശീയ ബോധവും പ്രാദേശിക ബന്ധവും പൂർണമായും മാറ്റിനിർത്തി ആദർശം മാത്രം മുന്നിൽ കണ്ടു.

യുദ്ധത്തിന്റെ മറുചേരിയിൽ 
നിൽക്കുന്നത് സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടു പോലും യുദ്ധം ചെയ്‌തവർ സ്രഷ്‌ടാവിനോടുള്ള ബന്ധത്തിനവർ ആദരവ് കൽപിച്ചു. സ്വന്തം പിതാവും സഹോദരനും നേതാവുമെല്ലാമായി അവർ മുഹമ്മദ് റസൂലുല്ലാഹി(സ)യെ കണ്ടു.
 ഇസ്ലാമിനെതിരെ വാളെടുക്കുന്നവന്റെ
രക്തത്തിലെ നിറം നോക്കാൻ അവർക്ക് സാധിച്ചില്ല. അതുകൊണ്ടാണ് അബൂഉബൈദ(റ)ക്ക് പിതാവായ 
ജർറാഹിനെ വാളിനിരയാക്കേണ്ടിവന്നത്. 
അബൂഹുദൈഫ(റ)ക്ക് പിതാവായ ഉത്ത്ബയുടെ ജഡം യുദ്ധക്കളത്തിൽ കണ്ടപ്പോൾ ദുഃഖം തോന്നാതിരുന്നത് ആദർശം അവരിൽ സൃഷ്‌ടിച്ച ബന്ധങ്ങളുടെ പുനർ വിചാരണ കൊണ്ടായിരുന്നു.

ഇസ്‌ലാമിന്റെ പിൽക്കാല വിജയങ്ങളുടെയെല്ലാം അടിത്തറപാകിയത് ബദ്റായിരുന്നു. ഇസ്‌ലാമിനു നേരെ അധിനിവേശത്തിന്റെ കൂർത്ത നഖങ്ങളുമായി വന്നവരെ ചെറുത്തു തോൽപ്പിക്കാൻ അതൊന്നും 
മുസ്ലിങ്ങൾക്ക് ആവേശം 
നൽകിയിട്ടുണ്ട്. ഭൂരിപക്ഷത്തിനുമേൽ ന്യൂനപക്ഷം വിജയം നേടി എന്നതിൻ്റെ തെളിവാണ് ബദ്ർ. ബദ്‌രീങ്ങൾക്ക് വെളിച്ചം പകരാൻ മുഹമ്മദ് റസൂലുല്ലാഹി(സ) എന്ന അസാധാരണ നേതാവും ആത്മവിശ്വാസം നൽകാൻ ആയിരക്കണക്കിന് മലക്കുകളും ബദ്റിൽ ഉണ്ടായിരുന്നുവെന്നതിന് 
ഖുർആൻ സാക്ഷി. പക്വമായ നേതൃത്വമോ സ്വന്തമായ ആദർശമോ ഇല്ലാത്ത, വെറും വികാരത്തള്ളിച്ചയിൽ തുള്ളുന്ന ആൾ കൂട്ടത്തെ നിയമം കൈയ്യിലെടുത്ത് ബദ്റുകളുണ്ടാക്കാൻ വിടുന്നവർ എത്ര മലക്കുകളെയാണാവോ പ്രതീക്ഷിക്കുന്നത്? അതെ, ബദ്റും ബദ്‌രീങ്ങളും എന്നും മുസ്‌ലിങ്ങൾക്ക് വികാരവും ഒരു പാഠവുമാണ്. അതൊരിക്കലും ചൂഷണത്തിനു രേഖയോ അനീതിക്ക് ന്യായമോ അല്ല.